വെറുതെ ഓര്‍ത്തുനോക്കാന്‍ എന്തു രസമാണ്. അമ്മിഞ്ഞമധുരമായി നുണയാം ഓര്‍മ്മകള്‍. പട്ടംപോലെ പറത്താം. ആദ്യചുംബന തീവ്രതയിലെന്നോണം അനുഭവിക്കാം. ഓര്‍ത്തോര്‍ത്ത് എവിടെയൊക്കെ എവിടെയൊക്കെ എത്താം... ഓര്‍മ്മകള്‍ പതിനാലുലകങ്ങളിലേക്കുമുള്ള പാസ്‌പോര്‍ട്ടാണ്. മരുനഗരങ്ങളില്‍ ഉരുകുമ്പോള്‍ ഓര്‍മ്മകളുടെ ഭൂതകാലക്കുളിര്‍ മാത്രം കൂട്ടായുള്ള പ്രവാസികള്‍ക്കായി ഒരു പംക്തി ഈയാഴ്ച മുതല്‍...
നാണത്തില്‍ ആകെ തുടുത്ത് നില്‍ക്കുകയാകും ഷീല. നസീറിന്റെ വിരല്‍ തൊട്ടാലുടന്‍ കൂമ്പാന്‍ കണക്കെ. മാറത്ത് ഒരു പ്രകാശശരം തറയ്ക്കുന്നത് അപ്പോഴാകും. ഓലക്കൊട്ടകയുടെ ദ്രവിച്ച മേല്‍ക്കൂരയ്ക്കിടയിലൂടെ നൂണ്‍ഷോ ഒളിച്ചു കാണുന്ന സൂര്യന്‍. നയനമനോഹരമായ വെള്ളിത്തിരയില്‍ നിറയെ വെളിച്ചത്തുണ്ടുകള്‍. കൊട്ടകകള്‍ക്ക് ബീഡിപ്പുകയുടെ മണമായിരുന്നു. കപ്പലണ്ടിക്കടലാസുകളുടെ പക്ഷികള്‍ പാറിപ്പറന്ന കൂരകള്‍. തലമുറകള്‍ ഇവിടത്തെ തറകളിലിരുന്ന് മായക്കാഴ്ചകള്‍ കണ്ടുവളര്‍ന്നു. ഞെളിപിരികള്‍ ഏറ്റുവാങ്ങിയ ബെഞ്ചുകള്‍, ചൂരല്‍ക്കസേരകള്‍... മൂട്ടപോലെ ഇന്നും മനസ്സിലേക്ക് മിന്തിക്കയറുന്ന അനുഭവമാണത്. ഉദയായുടെ പൂവന്‍കോഴി കൂവിനിന്നതും പരീക്കുട്ടി പാടിയലഞ്ഞതും ജയന്‍ ഹെലികോപ്റ്ററിനൊപ്പം ചിറകറ്റുവീണതും ഓലക്കൊട്ടകകളിലെ വെള്ളത്തുണികളിലായിരുന്നു. കണ്ടം ബെച്ച തിരശ്ശീലകള്‍. തുന്നിച്ചേര്‍ത്ത തുണിക്കഷ്ണങ്ങളുടെ ദീര്‍ഘചതുരങ്ങള്‍ ചിലപ്പോള്‍ ജയഭാരതിയുടെ ചന്ദനനിറമുള്ള വയറ്റത്ത്. ഗോവിന്ദന്‍കുട്ടിയുടെ ചെങ്കണ്ണുകള്‍ക്ക് താഴെ കവിളത്ത്.
കൊട്ടകകള്‍ ഉറക്കെ പാടുമായിരുന്നു. വൈകുന്നേരങ്ങളില്‍ ഗ്രാമത്തിനുമുഴുവന്‍ കേള്‍ക്കാനായി യേശുദാസും ജാനകിയും ഡ്യുവറ്റുമായി കോളാമ്പികളിലൂടെ പുറത്തേക്കിറങ്ങി വരും. സെക്കന്റ് ഷോയ്ക്ക് പാട്ടുവയ്ക്കുന്നതായിരുന്നു ഒരു ദിവസമൊടുങ്ങുന്നതിന്റെ അടയാളം. കടകള്‍ക്കുമുന്നില്‍ പലകകകള്‍ വീഴും. വരമ്പിലൂടെ ടോര്‍ച്ച് വെളിച്ചങ്ങള്‍ മിന്നിമിന്നിപ്പോകും. പാട്ട് നേര്‍ത്തുവരുമ്പോള്‍ അത്താഴം കഴിഞ്ഞ് മുറ്റത്തുലാത്തുന്ന മുതിര്‍ന്നവര്‍ പറയും: 'അകത്തേക്കെടുത്തു'.
വര്‍ഷങ്ങള്‍ക്കുമുമ്പ് അവധിക്കു വന്നപ്പോള്‍ സിനിമാക്കൊട്ടകയില്‍ക്കയറി പൊന്നാപുരം കോട്ട കണ്ടവര്‍ ഇന്ന് തിരിച്ചുവരികയാണെങ്കില്‍ കുളമ്പടികള്‍ കേള്‍ക്കില്ല. കൊട്ടകകള്‍ കൊപ്രാക്കളങ്ങളായിക്കഴിഞ്ഞു. അല്ലെങ്കില്‍ കല്യാണഹാളുകള്‍. കാലവര്‍ഷത്തില്‍ ഓലനാരുകള്‍ പോലെ അഴുകിയകന്ന ഓര്‍മ്മ. നാട്ടുവഴികളിലൂടെ സിനിമാനോട്ടീസ് വിതറിനീങ്ങിയ വണ്ടികളും ഇന്നില്ല. ചരിത്രത്തിലേക്ക് ഓടിമറഞ്ഞ രണ്ടു വാക്കുകള്‍. നയനമനോഹരമായ വെള്ളിത്തിര. ശേഷം സ്‌ക്രീനില്‍. പത്തുവര്‍ഷത്തിനുശേഷം നാട്ടിലെത്തുന്ന മറുനാടന്‍ മലയാളിക്ക് നഷ്ടമായ കാഴ്ചകള്‍ ഇനിയുമുണ്ട്. കൈവീശി യാത്രയായപ്പോള്‍ കണ്‍മുന്നിലുണ്ടായിരുന്നതും മടങ്ങിവരുമ്പോള്‍ മറഞ്ഞുപോയതുമായ ചിലത്. ഒരു ദശകത്തിനിടെ ഇല്ലാതായ കൗതുകങ്ങള്‍.
ഓര്‍മ്മകളില്‍ തീവണ്ടിയുടെ നിറമെന്താണ്? തുരുമ്പുപോലുള്ള ചായവുമായി ഒരു ചൂളംവിളി. ഇടയ്ക്ക് പുലികളിക്കാരന്റെ മഞ്ഞവരകള്‍. ലോകത്ത് ആ നിറത്തില്‍ കാണാനാകുമായിരുന്ന ഏക വസ്തു നമ്മുടെ തീവണ്ടികള്‍ മാത്രമായിരുന്നു.
നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ 'ഐ ആം ടോണി കുരിശിങ്കല്‍... ടോണി കുരിശിങ്കല്‍' എന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയോട് പറയുന്നത് ഇത്തരമൊരു തീവണ്ടിക്കൂപ്പെയിലിരുന്നാണ്. പഴയ തീവണ്ടിയെ അതിന്റെ എല്ലാവിധ ചന്തങ്ങളോടെയുീം ഈ സിനിമയില്‍ കാണാം. ഫ്രെയിമുകളിലുടനീളം പടര്‍ന്നോടുന്ന തുരുമ്പുനിറം. സല്ലാപത്തിലെ പാട്ടുകളില്‍ പാലക്കാടന്‍ പാളങ്ങളിലൂടെ തലങ്ങും വിലങ്ങും കൂവിപ്പായുന്നതും ഈ വണ്ടി തന്നെ. പക്ഷേ ബാലേട്ടനില്‍ അച്ഛനെയോര്‍ത്ത് ലാല്‍ കരയാന്‍ തുടങ്ങുമ്പോള്‍ ഒറ്റപ്പാലത്തെ പതിവു ലൊക്കേഷനായ മങ്കരവീടിനു മുന്നിലൂടെ പാഞ്ഞുപോകുന്ന തീവണ്ടിക്ക് നീലനിറമാണ്. കാലമടിച്ച പുതിയ ചായം.
പണ്ട് ഗള്‍ഫുകാരുടെ വണ്ടി ജയന്തി ജനതയായിരുന്നു. പ്രവാസ സ്വപ്‌നങ്ങളെ ടേക്ക് ഓഫിനായി മുംബൈ വരെയെത്തിച്ച നിത്യഹരിതനായിക. പോയപ്പോള്‍ യാത്രചെയ്ത ജയന്തിയില്‍ ഇനിയൊരിക്കലും മടങ്ങിവരാനാകില്ല. അവളും തനിനിറം ഉപേക്ഷിച്ചുകഴിഞ്ഞു.
തീവണ്ടികള്‍ നിറംമാറിയപ്പോള്‍ ബസ്സിനുള്ളില്‍ സംഭവിച്ചത് രൂപപരിണാമമാണ്. കണ്ടക്ടര്‍ ചെറിയ കീബോര്‍ഡുപോലെ കൊണ്ടുനടന്നിരുന്ന ആ നീളന്‍ തടിയുപകരണം അന്ത്യയാത്രയായി. ഇപ്പോള്‍ വിരലൊന്നു ഞെക്കിയാല്‍ ടിക്കറ്റു ചാടുന്ന ഇത്തിരിക്കുഞ്ഞന്‍ യന്ത്രമാണ് നാടിന്റെ ഫെയര്‍സ്റ്റേജ് നിശ്ചയിക്കുന്നത്. നമുക്കൊപ്പമുള്ള യാത്രക്കിടെ എവിടെയോ ഇറങ്ങിപ്പോയ ടിക്കറ്റ് റാക്കുകള്‍. ഇരുഭാഗത്തും വെള്ളിനിറത്തില്‍ വിരലുകള്‍ പോലെ വളഞ്ഞുനില്‍ക്കുന്ന തകിടുകളായിരുന്ന റാക്കുകളുടെ ഭംഗി. എങ്ങോട്ടേക്കുള്ള ടിക്കറ്റിനെയും അവ ആലിംഗനത്തിലൊതുക്കും. കണ്ടക്ടര്‍ വലിച്ചെടുക്കാന്‍ നോക്കിയാലും ചിലപ്പോള്‍ ഇഷ്ടം കൊണ്ട് ടിക്കറ്റിനെ പിടിച്ചുവയ്ക്കും. തനിക്ക് പാതി യാത്രക്കാരന് പാതി.
റാക്കുകളുടെ തഴമ്പുണ്ടാകും പഴയ കണ്ടക്ടര്‍മാരുടെ കൈകള്‍ക്ക്. അവര്‍ ദീര്‍ഘദൂര യാത്രക്കുള്ള കണക്ഷന്‍ ടിക്കറ്റുകള്‍ മുറിച്ചുനല്‍കുന്നത് ഒരു കാഴ്ചയായിരുന്നു. സീറ്റിന്റെ മുകള്‍ കമ്പിയില്‍ ചാരി ആദ്യമൊരു ടിക്കറ്റെടുത്ത് ഇടംകൈയുടെ തള്ളവിരല്‍ കൊണ്ട് ഉറപ്പിച്ചു പിടിച്ച് പിന്നെ റാക്ക് പ്രത്യേക താളത്തില്‍ മറിച്ചെടുത്ത് തുപ്പല്‍ നനവ് കൊടുത്ത് മറ്റൊരെണ്ണമെടുത്ത്...
ബസ്സിനു നടുവിലെ വഴിയരികിലിരിക്കുന്ന യാത്രക്കാര്‍ക്കും ഇപ്പോള്‍ പേടിവേണ്ട. റാക്കുകള്‍ തട്ടിയും മുട്ടിയും രസിച്ചിരുന്നത് ഇവരെയായിരുന്നു. അതിലെ മുള്ളാണികള്‍ നുള്ളി നോവിച്ചത് എത്രയോ യാത്രികരുടെ കുപ്പായങ്ങളെയാണ്. നോക്കിയയുടെ ആദ്യകാല മൊബൈല്‍ ഫോണുകളുടെ വലിപ്പത്തില്‍ കണ്ടക്ടറുടെ കഴുത്തില്‍ കിടക്കുന്ന ആധുനികന്‍ ആരെയും തൊടാനും പിടിക്കാനും പോകാത്ത ജന്റില്‍മാന്‍. വലിയ ടിക്കറ്റുകള്‍ക്കായി മറുപുറം തേടുകയും വേണ്ട. കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ വിരല്‍തുമ്പില്‍. കാലമെപ്പോഴും ഇങ്ങനെയാണ്. നമ്മളില്‍നിന്ന് എന്തെങ്കിലുമൊക്കെ കെടുത്തിക്കളഞ്ഞുകൊണ്ടിരിക്കും. രണ്ടായിരം ജൂണിലെ ഒരു കോടതി ഉത്തരവോടെ അണഞ്ഞുപോയത് മലയാളിയുടെ ചുണ്ടോടു ചേര്‍ന്നെരിഞ്ഞിരുന്ന ചില തീപ്പൊരികളായിരുന്നു. പുകവലിക്കാന്‍ തീ നല്‍കരുതെന്ന് കോടതി പറഞ്ഞപ്പോള്‍ മുറുക്കാന്‍ കടക്കാര്‍ തീയണച്ച് ബോര്‍ഡ് വെച്ചു. ദയവായി തീ ചോദിക്കരുത്. ചുണ്ണാമ്പുപാത്രത്തിനരികെ ഒരറ്റം ചുവന്ന് തൂങ്ങിനിന്ന ആ കയര്‍ ഒരു ശീലത്തെ ജ്വലിപ്പിച്ചതില്‍ പ്രധാനിയായിരുന്നു. ചുംബിക്കാനാനെന്നോണം എത്ര അരുമയായാണ് വലിയന്മാര്‍ അതിനെ ചുണ്ടോടുചേര്‍ത്തിരുന്നത്. സിരകളില്‍ തീ പടര്‍ത്താന്‍ പിന്നെയുമുണ്ടായിരുന്നില്ലേ നാടന്‍ ഉപകരണങ്ങള്‍. ഒഴിഞ്ഞ തീപ്പെട്ടിക്കൂടും കുറെ കൊള്ളികളും. ഒരു ചിമ്മിനിവിളക്കും ഒരേ അളവില്‍ മുറിച്ച സിഗരറ്റുകവറിന്‍ കഷ്ണങ്ങളും... ചുവപ്പിലും പച്ചയിലും മഞ്ഞയിലുമായി നൂലില്‍ ഞാന്നുകിടക്കുന്ന ഗ്യാസ്‌ലൈറ്റര്‍... ഇവയൊക്കെ ഗ്രാമ്യതയുടെ ചിഹ്നങ്ങളായിരനു്‌നു. ഇനിയൊരിക്കലും കാണാന്‍ പറ്റില്ലവയെ. ചെറിയ വലിയ നഷ്ടങ്ങള്‍. പോയകാലത്തേക്കുള്ള പ്രകാശബിന്ദുക്കള്‍. ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന സുഖമുള്ള ഓര്‍മ്മകള്‍.
ഓര്‍ത്തു നോക്കുമ്പോള്‍ 1
Subscribe to:
Post Comments (Atom)
No comments:
Post a Comment