Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ഒബാമ: വൈറ്റ്‌ഹൗസിലെ മധുവിധു കഴിയുമ്പോള്‍


പ്രസിഡണ്ട്‌ ഒബാമ എന്നത്‌ ഒരു നാമം മാത്രമല്ല, ഒരു സാങ്കേതിക പദം കൂടിയാണ്‌.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സൗമ്യമുഖമുള്ള ആഗോള അംബാസഡര്‍ എന്നാണ്‌ അതിന്റെ
ആന്തരാര്‍ത്ഥം. ലോകരാജാവ്‌ എന്നും പറയാം. അയാളുടെ കിതപ്പും കുതിപ്പും മുഴുവന്‍
ലോകത്തെയും ബാധിക്കുമെന്നു ചുരുക്കം.
വൈറ്റ്‌ ഹൗസില്‍ മധുവിധുകാലം പിന്നിട്ടു കഴിഞ്ഞ പ്രസിഡണ്ട്‌ ബരാക്‌ ഒബാമയെ
സംബന്ധിച്ചിടത്തോളം ഇത്‌ മാറ്റുരയ്‌ക്കലിന്റെ സന്ദര്‍ഭമാണ്‌. ദേശീയവും
അന്തര്‍ദേശീയവുമായ ആറ്‌ വൈതരണികള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അടിയന്തിര
യാഥാര്‍ത്ഥ്യങ്ങളായി വന്നുനില്‍പ്പുണ്ട്‌. ഇവയോരോന്നും ചാടിക്കടക്കുവാനുള്ള
രാഷ്‌ട്രീയ മെയ്‌വഴക്കം എത്രമാത്രം മിടുക്കോടെ പ്രകടിപ്പിക്കും എന്നതിനെ
ആശ്രയിച്ചാവും ഒബാമയുടെ ആദ്യവര്‍ഷം വിലയിരുത്തപ്പെടുക.
ഇറാന്‍
കമ്യൂണിസ്റ്റ്‌ബ്ലോക്കിന്റെ ശക്തിക്ഷയത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ
എതിര്‍കോര്‍ട്ടിലെ പ്രബലസാന്നിധ്യമായി രംഗപ്രവേശം ചെയ്‌ത റിബല്‍ ഡെമോക്രസിയാണ്‌
ഇറാന്‍. അഹമ്മദി നജാദ്‌ എന്ന ആദര്‍ശപുരുഷന്റെ ഉശിരുള്ള നേതൃത്വത്തിന്‍ കീഴില്‍,
ആംഗ്ലോ-അമേരിക്കന്‍-സയണിസ്റ്റ്‌ സാമ്രാജ്യത്വ ദംഷ്‌ട്രകളെ തെല്ലും ഭയക്കാതെ
പശ്ചിമേഷ്യന്‍ ചക്രവാളത്തില്‍ ജ്വലിച്ചുനില്‍ക്കുകയാണ്‌ ഇറാന്‍ എന്ന രാഷ്‌ട്രീയ
നക്ഷത്രം. തങ്ങളുടെ കണ്ണില്‍ വീണുകിടക്കുന്ന ഈ തീക്കനല്‍കരടിനെ യു.എസ്‌ പ്രസിഡണ്ട്‌
എങ്ങനെ കൈകാര്യം ചെയ്യുമെന്നത്‌ ലോകം ഉദ്വേഗപൂര്‍വം ഉറ്റുനോക്കുന്ന ഒരു വിഷയമാണ്‌.
ജോര്‍ജ്‌ബുഷിന്റെ കാലത്ത്‌ ശത്രുതാപൂര്‍ണമായ ബന്ധം നിലനിന്നിരുന്ന ഇറാന്‍, ക്യൂബ
തുടങ്ങിയ രാജ്യങ്ങളുമായി സമാധാനവും സൗഹാര്‍ദ്ദവും പുനഃസ്ഥാപിക്കുമെന്നത്‌ ഒബാമയുടെ
ഒരു പ്രധാന തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായിരുന്നു. ഇറാനിയന്‍ നേതൃത്വവുമായി
നേരിട്ടുള്ള ചര്‍ച്ചക്ക്‌ തയാറാണെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ഇതിനകം ഒബാമ രണ്ടു
കത്തുകളയച്ചുവെങ്കിലും പ്രതികരണം ഏറെ ആശാവഹമായിരുന്നില്ല.
ഇറാന്റെ പരസ്യപ്രതികരണങ്ങള്‍ സമ്മിശ്രമാണ്‌. വിവാദ ആണവ പദ്ധതിയൊഴിച്ചുള്ള ഏത്‌
വിഷയത്തെക്കുറിച്ചും ചര്‍ച്ചയാകാമെന്നാണ്‌ നജാദിന്റെ പ്രഖ്യാപനം. ഒബാമ
ചര്‍ച്ചയാഗ്രഹിക്കുന്ന ഒരേയൊരു വിഷയവും ഇതേ ആണവ പദ്ധതി തന്നെയാണ്‌. ഇറാന്റെ മുഖ്യ
ആണവ ചര്‍ച്ചാ മധ്യസ്ഥന്‍ സയീദ്‌ ജലലി പുതിയ ചര്‍ച്ചകളെക്കുറിച്ച്‌
പറയുന്നുണ്ടെങ്കിലും ഇതേവരെ യുഎസ്‌/ഇയു നേതൃത്വങ്ങള്‍ക്ക്‌ ഇവ്വിഷയകമായി യാതൊരു
ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. അവസരം മുതലെടുക്കുവാന്‍ ശ്രമിക്കുന്ന വലത്‌
റിപ്പബ്ലിക്കന്‍ വിഭാഗങ്ങളാവട്ടെ ഇറാന്‍, സിറിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളെ
പാഠം പഠിപ്പിക്കണമെന്ന പതിവു വാദങ്ങളുയര്‍ത്തുവാനും തുടങ്ങിയിരിക്കുന്നു. ഇറാനെതിരെ
പതിനെട്ടാമത്തെ അടവായ യുഎസ്‌ ഉപരോധം കൊണ്ടുവരാന്‌ ജര്‍മനി, ഫ്രാന്‍സ്‌, യുകെ
തുടങ്ങിയ രാജ്യങ്ങള്‍ യുഎസിന്റെ കൂടെനില്‍ക്കുമെങ്കിലും റഷ്യയും ചൈനയും അത്തരം
നീക്കങ്ങള്‍ വീറ്റോ ചെയ്യുവാനുള്ള സാധ്യത ഏറെയാണ്‌. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍
ഏകപക്ഷീയമായ വ്യോമാക്രമണം നടത്തണമെന്ന്‌ വാദിക്കുന്ന ഇസ്രയേലിന്റെയും ഇസ്രയേല്‍
മുഴുവനായും ലക്ഷ്യമിടുന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചുകഴിഞ്ഞ ഇറാന്റെയും
യുദ്ധസാഹസിക നിലപാടുകള്‍ കൂടി ഏറ്റവുമൊടുവില്‍ പ്രശ്‌നത്തോട്‌ ചേര്‍ന്നതോടെ ഒബാമ
ശരിക്കും വിഷമവൃത്തത്തിലകപ്പെട്ടുകഴിഞ്ഞു.
ഇസ്രയേല്‍-ഫലസ്‌തീന്‍ സംഘര്‍ഷം
അര നൂറ്റാണ്ടിലേറെയായി പശ്ചിമേഷ്യയെ പിടിച്ചുലയ്‌ക്കുന്ന വിഷയമാണ്‌
ഫലസ്‌തീന്‍-ഇസ്രയേല്‍ സംഘര്‍ഷം. ഒബാമയുടെ സ്ഥാനാരോഹണത്തോടു ചേര്‍ന്നാണ്‌
ഏറ്റവുമൊടുവില്‍ ഫലസ്‌തീനിലെ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി നടത്തിയത്‌.
ആറുമാസങ്ങള്‍ക്കു ശേഷം മനുഷ്യരാശിക്ക്‌ നേരെയുള്ള യുദ്ധ കുറ്റകൃത്യമായി അത്‌ യുഎന്‍
അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിക്കഴിഞ്ഞു. എന്നാല്‍ ``ഇസ്രയേലിന്റെ
പ്രതിരോധിക്കുവാനുള്ള അവകാശത്തെ താന്‍ മാനിക്കുന്നു''വെന്നായിരുന്നു അന്ന്‌
ഒബാമയുടെ പ്രതികരണം. പിന്നീട്‌ കെയ്‌റോസ്‌പീച്ച്‌ പോലുള്ള ചില ചെപ്പടി
വിദ്യകള്‍കൊണ്ട്‌ ഓട്ടയടക്കുവാന്‍ ഒബാമ ശ്രമിച്ചുവെങ്കിലും ആ കെണിയില്‍
വീഴ്‌ത്താന്‍ പേരില്‍മാത്രം വിപ്ലവമുള്ള കേരളത്തിലെ ഒരു അരാഷ്‌ട്രീയ-മത-യാഥാസ്ഥിതിക
സംഘടനയെ മാത്രമേ അമേരിക്കക്ക്‌ ലഭിച്ചുള്ളൂ.
സയണിസ്റ്റ്‌ രാഷ്‌ട്രത്തോടുള്ള ഒബാമയുടെ യഥാര്‍ത്ഥ സമീപനം അണിയറയില്‍ ഇപ്രകാരം
ഗോപ്യമായി കിടക്കുന്നുണ്ടെങ്കിലും അരങ്ങില്‍ അയാള്‍ എന്തു വേഷമാണിടാന്‍
പോകുന്നതെന്നറിയാന്‍ ലോകത്തിന്‌ വര്‍ധിച്ച താത്‌പര്യമുണ്ട്‌. ബെഞ്ചമിന്‍
നെതന്യാഹുവും മഹ്‌മൂദ്‌ അബ്ബാസും തമ്മിലുള്ള ദന്തഗോപുര സംഭാഷണങ്ങള്‍
പുനരാരംഭിക്കുവാന്‍ ഒബാമ വഴിയൊരുക്കിയെങ്കിലും മൗലികമായ വെല്ലുവിളികളെ-
ജൂതകുടിയേറ്റങ്ങള്‍, അതിര്‍ത്തി പുനര്‍ നിര്‍ണയം, ഫലസ്‌തീന്‍ അഭയാര്‍ത്ഥികളുടെ
പുനരധിവാസം, ജറുസലമിന്റെ ഭാവി- എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ്‌ പ്രധാന വിഷയം
ഫലസ്‌തീനിലെ നിലവിലുള്ള പരശ്ശതം അനധികൃത ജൂത കുടിയേറ്റങ്ങളെക്കുറിച്ച്‌
മിണ്ടിയിട്ടില്ലെന്നതു പോട്ടെ, പുതിയ കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന ഒരു
ആഹ്വാനം ഒബാമ കെയ്‌റോ സ്‌പീച്ചില്‍ ഇസ്രയേലിന്‌ നല്‍കിയിരുന്നു. എന്നാല്‍
അതിനുശേഷം, ഏറ്റവുമൊടുവില്‍ ഈകഴിഞ്ഞ സപ്‌തംബറിലാണ്‌ അധിനിവിഷ്‌ട വെസ്റ്റ്‌ബാങ്കില്‍
500 പുതിയ അനധികൃത കുടിയേറ്റങ്ങള്‍ക്ക്‌ ഇസ്രയേല്‍ അനുമതി നല്‍കിയത്‌. ഇതിനെതിരെ
ചെറുവിരലനക്കാന്‍ സാധിക്കാത്തത്‌ ഒബാമയുടെ ഫലസ്‌തീന്‍ നയത്തിന്റെ ഭാവിയുടെ
സൂചകമാകാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.
കാലാവസ്ഥാ വ്യതിയാനം
അമേരിക്കയുള്‍പ്പെടെയുള്ള സമ്പന്നരാജ്യങ്ങള്‍ക്കാണ്‌ ആഗോള താപനമുള്‍പ്പെടെയുള്ള
കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദിത്വമെങ്കിലും മൂന്നാം ലോക
ദരിദ്രരാഷ്‌ട്രങ്ങളുടെ മേല്‍ കുറ്റം കെട്ടിവയ്‌ക്കാനാണ്‌ അവര്‍ എന്നും
ശ്രമിക്കാറ്‌. അമേരിക്കന്‍ തൊഴിലാളികള്‍ക്ക്‌ പരമാവധി `ഗ്രീന്‍' (പ്രകൃത്യാനുകൂല)
ജോലികള്‍ കണ്ടെത്തുന്ന ഊര്‍ജ പരിഷ്‌കരണ പദ്ധതികള്‍ക്കായിരുന്നു ഒബാമ തന്റെ
വൈറ്റ്‌ഹൗസ്‌ മധുവിധുകാകലത്ത്‌ മുന്‍ഗണന നല്‍കിയിരുന്നത്‌. അമേരിക്കയുടെ കാര്‍ബണ്‍
പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരാന്‍ നിര്‍ദേശിക്കുന്ന ഒരു കാലാവസ്ഥാ വ്യതിയാന ബില്‍
ഇദംപ്രഥമായി പാര്‍ലിമെന്റിന്റെ അധോസഭയില്‍ പാസ്സാക്കിയെടുക്കുവാന്‍ ജൂണില്‍ തന്നെ
ഒബാമക്ക്‌ സാധിക്കുകയും ചെയ്‌തു. പക്ഷേ, ഉടന്‍ തന്നെ കോര്‍പ്പറേറ്റ്‌ലോബി ഉണര്‍ന്നു
പ്രവര്‍ത്തിക്കുന്നതാണ്‌ കണ്ടത്‌. മധ്യപടിഞ്ഞാറന്‍ അമേരിക്കയിലെ കല്‍ക്കരി-എണ്ണ
വ്യവസായികള്‍ ഡെമോക്രാറ്റുകളെ വിലയ്‌ക്കുവാങ്ങുകയും ബില്ലിന്റെ മുന്നോട്ടുള്ള
യാത്രയെ പാര്‍ട്ടി നേതൃത്വം തടയുകയും ചെയ്‌തു. സെനറ്റില്‍ ഈ ബില്ലിന്റെ
ഭാവിയെന്തായിരിക്കുമെന്ന ആശങ്കയിലാണ്‌ പാരിസ്ഥിതികാവബോധമുള്ള ഡെമോക്രാറ്റുകള്‍
ഇപ്പോള്‍. ബില്ല്‌ അകാലചരമമടയുകയാണെങ്കില്‍, ഡിസംബറില്‍ കോപ്പന്‍ ഹേയ്‌ഗനില്‍
നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി
ബന്ധപ്പെട്ട്‌ ആഗോള കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനുള്ള ഒരുടമ്പടിയിലെത്തുവാനുള്ള
സാധ്യതകളെപ്പോലും അത്‌ ദോഷകരമായി ബാധിക്കും. ആഗോള താപനത്തിന്‌ വലിയ `സംഭാവന'
നല്‍കുന്ന അമേരിക്ക തങ്ങളുടെ കാര്‍ബണ്‍ നിര്‍ഗമനം ന്യൂനീകരിക്കുവാനുള്ള നടപടികള്‍
സ്വീകരിക്കുന്നില്ലെങ്കില്‍ യാതൊരു വിധ കാലാവസ്ഥാ വ്യതിയാന ഉടമ്പടിയിലും തങ്ങള്‍
ഒപ്പിടുകയില്ലെന്ന്‌ ചീനയും ഇന്ത്യയും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.
അഫ്‌ഗാനിസ്ഥാന്‍
`ഭീകരതക്കെതിരായ യുദ്ധം' എന്ന പ്രസിദ്ധ കടന്നുകയറ്റങ്ങളിലൂടെ ഇറാഖിലും
അഫ്‌ഗാനിസ്ഥാനിലും രക്തപങ്കിലമായ അധിനിവേശം നടത്തിയ ജോര്‍ജ്‌ ബുഷിന്റെ നയങ്ങളെ
രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ബരാക്‌ ഒബാമയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണം.
ഇറാഖില്‍ `യുദ്ധം' അവസാനിപ്പിക്കുകയും അഫ്‌ഗാനില്‍ ശ്രദ്ധ പതിപ്പിക്കുകയും
ചെയ്യുമെന്ന വൈരുദ്ധ്യപൂര്‍ണമായ ഒരു വാഗ്‌ദാനവും അദ്ദേഹം നല്‍കുകയുണ്ടായി. ഇതില്‍,
പകുതി ശരിവച്ചുകൊണ്ട്‌ 21000 യുഎസ്‌ സൈനികരെ കൂടി ഒബാമ അഫ്‌ഗാനിലേക്കയച്ചു.
സേനാനായകനായി പ്രതി-കലാപ വിദഗ്‌ധനായ ജനറല്‍ സ്‌റ്റാന്‍ലി മക്‌ക്രിസ്റ്റലിനെ
നിയമിക്കുകയും ചെയ്‌തു. ഇതോടെ അഫ്‌ഗാനിലെ യുഎസ്‌ സൈനികരുടെ എണ്ണം 68000 ആയി
ഉയര്‍ന്നു. ഇതിന്‌ സമാന്തരമായി കൊല്ലപ്പെടുന്ന യുഎസ്‌ സൈനികരുടെ എണ്ണവും വര്‍ധിച്ചു
വരുന്നുണ്ട്‌.
മാന്ദ്യം
സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാണ്‌ ബരാക്‌ ഒബാമ നേരിടുന്ന
ഏറ്റവും വലിയ വെല്ലുവിളി. ഒരു രണ്ടാമൂഴം ഒബാമക്ക്‌ ലഭിക്കുമോ എന്ന്‌ നിര്‍ണയിക്കുക
പോലും ആഗോള സാമ്പത്തികമാന്ദ്യമുള്‍പ്പെടെ യുഎസ്‌ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കുന്ന
ഘടകങ്ങളെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാവും.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തെ മറികടക്കുന്നതായി ഒരുവശത്ത്‌ കണക്കുകള്‍
സൂചിപ്പിക്കുന്നുവെങ്കിലും തൊഴിലില്ലായ്‌മ കുത്തനെ ഉയരുന്നതായാണ്‌ ഏറ്റവും പുതിയ
(10 ശതമാനം - സപ്‌തംബര്‍ 09) സ്ഥിരീകരണങ്ങള്‍ വ്യക്തമാക്കുന്നത്‌.
ആഫ്രോ-അമേരിക്കന്‍ വംശജരുടെ തൊഴിലില്ലായ്‌മാ നിരക്ക്‌ 15 ശതമാനമാണ്‌.
ഔദ്യോഗികമായി തങ്ങളുടെ തൊഴിലില്ലായ്‌മ രേഖപ്പെടുത്തിയിട്ടില്ലാത്ത
ദശലക്ഷക്കണക്കിനാളുകള്‍ ഇതിനു പുറമെയുണ്ട്‌.
ഒബാമ നേരത്തെ പ്രഖ്യാപിച്ച 787 ബില്യണ്‍ ഡോളര്‍ ഉത്തേജക പാക്കേജ്‌
അപര്യാപ്‌തമാണെന്നും പുതിയൊരു പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും പല സാമ്പത്തിക
വിദഗ്‌ധരും അഭിപ്രായപ്പെടുന്നു. ഗൗരവതരമായ നിരന്തര ഇടപെടല്‍ കൊണ്ട്‌ മാത്രം
പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു പ്രശ്‌നമാണ്‌ മാന്ദ്യം എന്ന്‌ അവര്‍
ചൂണ്ടിക്കാട്ടുന്നു.
ഗ്വാണ്ടനാമോ
മനുഷ്യാവകാശ ലംഘനത്തിന്റെ ആധുനികോത്തര പര്യായമാണ്‌ ഗ്വാണ്ടനാമോ വിചാരണത്തടവറ. ഇതും
കുപ്രസിദ്ധമായ `ഭീകര വിരുദ്ധ യുദ്ധ'ത്തിന്റെ ക്രൂരമായ ശേഷിപ്പുകളിലൊന്നാണ്‌.
ഗ്വാണ്ടനാമോ തടവറകളില്‍ 229 പേരാണ്‌ അവശേഷിക്കുന്നത്‌. തടവറ അടച്ചുപൂട്ടുമെന്ന്‌
തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം നല്‍കിയ ഒബാമ ഇപ്പോള്‍ അതെങ്ങനെ പാലിക്കുമെന്ന
വേവലാതിയിലാണ്‌. ഗ്വാണ്ടനാമോ അടച്ചുപൂട്ടുക എളുപ്പമാണെങ്കിലും ഈ ഇരുനൂറിലേറെ വരുന്ന
തടവുകാരെ പിന്നീടെന്തുചെയ്യും എന്ന ചോദ്യമാണ്‌ ഡെമോക്രാറ്റ്‌ നേതൃത്വത്തെ
കുഴക്കുന്നത്‌. ഒബാമ വിശദവും കാര്യക്ഷമവുമായ ഒരു പകരം പദ്ധതി അവതരിപ്പിക്കുന്നതുവരെ
ഗ്വാണ്ടനാമോ അടച്ചുപൂട്ടല്‍ പദ്ധതിക്ക്‌ അനുവദിച്ചിരുന്നഫണ്ട്‌ പോലും തടയാന്‍
യുഎസ്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചു കഴിഞ്ഞു. മിഷിഗണിലോ കെന്‍സാസിലോ പുതിയ തടവറ
സ്ഥാപിക്കുന്നതിനെക്കുറിച്ചാലോമിച്ചുവെങ്കിലും അതിനോടുള്ള പ്രാദേശിക എതിര്‍പ്പ്‌
ശക്തമായിരുന്നു. ജനുവരിയില്‍ ക്യാമ്പ്‌ അടയ്‌ക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുള്ള
ഒബാമയെ സംബന്ധിച്ചിടത്തോളം അന്തിമ മാര്‍ഗം വെട്ടിത്തുറക്കുവാന്‍ അധികം സമയം
കൈയിലില്ലാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്നര്‍ത്ഥം.
ഈ വെല്ലുവിളികളോരോന്നും ബരാക്‌ ഒബമയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്‌. മികച്ചൊരു
രാഷ്‌ട്രീയക്കാരനാണ്‌ താനെന്ന്‌ അദ്ദേഹം ഇതിനകം തെളിയിച്ചുകഴിഞ്ഞു. അമേരിക്കന്‍
സാമ്രാജ്യത്വമാണ്‌ പതിവുപോലെ അതിന്റെ ഗുണഫലമനുഭവിക്കുക. മികച്ചൊരു ഭരണാധികാരിയാണോ
ബരാക്‌ ഒബാമ എന്ന ചോദ്യത്തിന്റെ ഉത്തരം ലഭിക്കുക ഈ വെല്ലുവിളികളെ അദ്ദേഹം എപ്രകാരം
നേരിടുന്നുവെന്നതിനെ ആശ്രയിച്ചാവും. ഉത്തരമെന്തായാലും അത്‌ വളരെ പ്രധാനമാണ്‌. കാരണം
അതിന്റെ ഗുണദോഷങ്ങളനുഭവിക്കുക ലോകം മുഴുവനുമായിരിക്കും. =


ഗ്വാണ്ടനാമോ
ജയിലടക്കുമോ?
ഗ്വാണ്ടനാമോ മനുഷ്യാവകാശ ധ്വംസന ക്യാമ്പ്‌ അടച്ചുപൂട്ടുമെന്നത്‌ ബരാക്‌ ഒബാമയുടെ
നാഗരിക സൗന്ദര്യമുള്ള തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളിലൊന്നായിരുന്നു. 2010 ജനുവരിയോടെ
ഇത്‌ സാധ്യമാകുമെന്ന്‌ ഒബാമയും ലോകത്തെങ്ങുമുള്ള മനുഷ്യസ്‌നേഹികളും
പ്രത്യാശിക്കുമ്പോഴും കാര്യങ്ങള്‍ വിചാരിക്കുന്നത്ര ലളിതമല്ലെന്നതാണ്‌
യാഥാര്‍ത്ഥ്യം.
ഏഴുവര്‍ഷങ്ങളായി ഗ്വാണ്ടനാമോയില്‍ നരകയാതന അനുഭവിച്ചുവരുന്ന യമനീസ്‌ പൗരന്‍ അല്ലാ
അലി ബിന്‍അലിഅഹമ്മദിന്റെ സങ്കീര്‍ണവും ദുരിതപൂര്‍ണവുമായ ജീവിതാനുഭവം ഗ്വാണ്ടനാമോ
എന്ന ഇരുള്‍ നീങ്ങാത്ത അധ്യായത്തിന്റെ മികച്ച ദൃഷ്‌ടാന്തമാണ്‌. 18-ാം വയസ്സിലാണ്‌
ഫൈസലാബാദ്‌ ഗസ്റ്റ്‌ഹൗസില്‍ വച്ച്‌ പാകിസ്ഥാനി സുരക്ഷാസേന അഹമ്മദിനെ അറസ്റ്റ്‌
ചെയ്‌ത്‌ അമേരിക്കക്ക്‌ കൈമാറിയത്‌. നീണ്ട നാളത്തെ നിര്‍ദ്ദയ പീഡനങ്ങള്‍ക്കു ശേഷം ഈ
വര്‍ഷമാദ്യം വാഷിംഗ്‌ടണ്‍ കോടതി ജഡ്‌ജി ഗ്ലാഡിസ്‌ കെസ്‌ലര്‍ അഹമ്മദ്‌
നിരപരാധിയാണെന്നും ഇത്രയും കാലം അഹമ്മദിനെ അകാരണമായി തടവിലിട്ടതിനെ ഒരുതരത്തിലും
ന്യായീകരിക്കാനാകില്ലെന്നും എത്രയുംപെട്ടെന്ന്‌ വിട്ടയക്കണമെന്നും വിധി
പ്രസ്‌താവിച്ചു.
എന്നാല്‍ ഇത്തരം വിധിപ്രസ്‌താവങ്ങള്‍ ഒബാമ ഭരണകൂടത്തിന്‌ ആശ്വാസമല്ല പ്രദാനം
ചെയ്യുന്നത്‌. 2002ല്‍ അകാരണമായി അറസ്റ്റ്‌ ചെയ്യുപ്പെടുമ്പോള്‍ നിരപരാധിയായിരുന്ന
അഹമ്മദിനെ ഗ്വാണ്ടനാമോ അനുഭവങ്ങള്‍ അമേരിക്കന്‍ വിരുദ്ധ തീവ്രവാദിയാക്കിമാറ്റിയാല്‍
അത്ഭുതപ്പെടേണ്ടതില്ല എന്നതുതന്നെ അതിന്റെ കാരണം. അല്‍ഖാഇദ പോലുള്ള
തീവ്രവാദിസംഘങ്ങള്‍ക്ക്‌ യമന്‍ ഏറെ വേരോട്ടമുള്ള രാജ്യമാണെന്നു കൂടി ഓര്‍ക്കുക.
ഈ സാഹചര്യത്തില്‍ അഹമ്മദിനെപ്പോലുള്ള ഇരകളെ സഊദിയില്‍ പുനരധിവസിപ്പിക്കുവാനുള്ള
സാധ്യതകളാണ്‌ യുഎസ്‌ ഭരണകൂടം ആദ്യമാരാഞ്ഞത്‌. പക്ഷേ, അഹമ്മദ്‌ സ്വയം അതിന്‌
തയാറാവാത്തിടത്തോളം തങ്ങള്‍ നിസ്സഹായരാണെന്നു വ്യക്തമാക്കി സഊദി കൈമലര്‍ത്തി.
താന്‍ വിധി പറഞ്ഞ്‌ മാസങ്ങളായിട്ടും അഹമ്മദിനെ പുറത്തുവിടാത്ത ഗവണ്‍മെന്റ്‌
നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ ഗ്ലാഡിസ്‌ കെസ്‌ലര്‍ രണ്ടാമതും
രംഗത്തെത്തിയതോടെ ഗത്യന്തരമില്ലാതായ ഭരണകൂടം സപ്‌തംബര്‍ അവസാന വാരം ഒരു പ്രത്യേക
സൈനിക വിമാനത്തില്‍ അഹമ്മദിനെ യമനിലേക്കു തന്നെ വിട്ടയച്ചു.
തന്റെ മൂത്ത സഹോദരന്‍ വാഗ്‌ദി അഹമ്മദിനു പോലും അലി അഹമ്മദിനെ തിരിച്ചറിയാന്‍
സാധിച്ചില്ലെന്ന്‌ പറയുമ്പോള്‍ ജയില്‍ ജീവിതം എത്രമേല്‍ പരുഷമായാണ്‌ അയാള്‍
അനുഭവിച്ചതെന്ന്‌ വ്യക്തമാണല്ലോ. `അവന്‌ നഷ്‌ടപ്പെട്ട ഏഴുവര്‍ഷങ്ങള്‍ ആരാണ്‌
തിരിച്ചുനല്‍കുക?' വാഗ്‌ദി വേദനയോടെ ചോദിക്കുന്നു.
അല്ലാ അലി അഹമ്മദ്‌ ഇപ്പോള്‍ യമനീസ്‌ പോലീസിന്റെ കസ്റ്റഡിയിലാണ്‌. ഗ്വാണ്ടനാമോയില്‍
ശേഷിക്കുന്ന മറ്റ്‌ 97 യമന്‍കാരെക്കുറിച്ചും അഹമ്മദിന്റെ കാഴ്‌ചപ്പാടുകളെയും ഭാവി
പദ്ധതികളെ കുറിച്ചുമുള്ള ചോദ്യം ചെയ്യല്‍ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നറിയില്ല.
എരിതീയില്‍നിന്ന്‌ വറചട്ടിയിലേക്കുള്ള വീഴ്‌ചയാവാതിരിക്കട്ടെ ആ ഹതഭാഗ്യന്റെ ജീവിതം
എന്നാശിക്കാം.
ഉപരിപഠനാര്‍ത്ഥമായിരുന്നു അലി അഹമ്മദ്‌ പാകിസ്ഥാനിലെത്തിയത്‌. താന്‍ താമസിച്ചിരുന്ന
ഗസ്റ്റ്‌ ഹൗസില്‍ വിദ്യാര്‍ത്ഥികളുടെ വേഷത്തില്‍ തീവ്രവാദികളും താവളം
കണ്ടെത്തിയിരുന്നു എന്നിടത്താണ്‌ അഹമ്മദിന്റെ ദൗര്‍ഭാഗ്യപരമ്പര ആരംഭിച്ചത്‌.
അഹമ്മദിന്‌ തീവ്രവാദ ശൃംഖലകളുമായി ബന്ധമുണ്ടെന്ന വാദത്തെ മൊസൈക്‌ സിദ്ധാന്തം എന്നു
വിശേഷിപ്പിച്ചുകൊണ്ട്‌ രൂക്ഷമായ ഭാഷയിലാണ്‌ ഗ്ലാഡിസ്‌ കെസ്‌ലര്‍ വിമര്‍ശിച്ചത്‌.
സാമൂഹിക പരിതാവസ്ഥകളെയും വ്യക്തിയുടെ അസ്‌തിത്വത്തെയും അസംബന്ധപൂര്‍ണമായി
സംയോജിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഭരണകൂടഭീകരതക്കുള്ള ശക്തമായ താക്കീത്‌
കൂടിയായിരുന്നു കെസ്‌ലറുടെ വിധിയെഴുത്ത്‌.
ഗ്വാണ്ടനാമോ തടവറയില്‍ ഇപ്പോള്‍ ആകെയുള്ള 220 പേരില്‍ പകുതിയോളം പേര്‍യമന്‍കാരാണ്‌.
ഇവരില്‍ ഏറിയ പങ്കും അഹമ്മദിനെപ്പോലെ നിരപരാധികളാണെന്ന്‌ തെളിഞ്ഞാല്‍ യുഎസ്‌
ഭരണകൂടം വീണ്ടും പരോക്ഷമായ പ്രതിസന്ധിയാവും അഭിമുഖീകരിക്കുക. 24 ദശലക്ഷം ജനങ്ങള്‍
അധിവസിക്കുന്ന യമനിലെ ശക്തമായ തീവ്രവാദി ഭൂമിക, ഗ്വാണ്ടനാമോയിലെ തീയില്‍ കുരുത്ത
ജന്മങ്ങള്‍ക്ക്‌ ഏതു തരത്തിലുള്ള വരവേല്‍പ്പാണ്‌ നല്‍കുക എന്നത്‌
ഊഹിക്കാവുന്നതേയുള്ളൂ.
പ്രസിഡണ്ടിന്റെ തീവ്രവാദ വിരുദ്ധ ഉപദേശകനും റിയാദിലെ മുന്‍ സിഐഎ മേധാവിയുമായ ജോണ്‍
ഒ.ബ്രണ്ണന്‍ യമനിലേക്കും സഊദിയിലേക്കും മാറിമാറിപ്പറന്നു കൊണ്ട്‌ യമനീസ്‌ തടവുകാരെ
സഊദിയില്‍ പുനരധിവസിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ നടത്തിവരികയാണ്‌. പക്ഷേ,
സഊദിക്ക്‌ ഇക്കാര്യത്തില്‍ അനുകൂലമനോഭാവമില്ല എന്നതാണ്‌ അദ്ദേഹത്തെ കുഴക്കുന്ന
വിഷയം.
ബരാക്‌ ഒബാമയെ സംബന്‌ധിച്ചിടത്തോളം താന്‍ നല്‍കിയ വാക്കിന്റെ, രാജ്യസുരക്ഷയുടെ,
രാഷ്‌ട്രീയ തലവേദനകളുടെ പ്രശ്‌നമാണിപ്പോള്‍ ഗ്വാണ്ടനാമോ. മനുഷ്യത്വത്തിനുതന്നെ
കളങ്കമായ ഗ്വാണ്ടനാമോ സൈനിക തടവറ എന്നെന്നേക്കുമായി നിര്‍മാര്‍ജനം ചെയ്യപ്പെടാന്‍
എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ തുറക്കുന്നതിനെക്കാള്‍ ദുഷ്‌കരമാണ്‌ ആ തടവറയുടെ
വാതില്‍ അടക്കുന്നത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. back to top

Bookmark and Share

No comments: