ഇസ്രയേല്‍ വംശജരിലെ ഒരു ഭക്തന്‍. കൃഷിക്കാരന്‍. ചിലപ്പോള്‍ പട്ടിണി, ചിലപ്പോള്‍
സമൃദ്ധി. അങ്ങനെയൊക്കെയാണ് ജീവിതം.
ഭാര്യ നല്ല മൊഞ്ചത്തിയാണ്. നാട്ടിലെ കരുത്തനായ അധര്‍മിക്ക് ആ പെണ്ണിനെ
തന്ത്രത്തിലൂടെ പാട്ടിലാക്കണമെന്നുണ്ട്. അതിനയാള്‍ ശട്ടംകെട്ടിയത് ഒരു
വയോവൃദ്ധയെ. കാര്യബോധവും കാലപ്പഴക്കവും നടിച്ച് പെണ്ണിനെ വശത്താക്കാന്‍
അമ്മൂമ്മക്ക് വലിയ പണിയുണ്ടായില്ല. പണക്കാരനായ അധര്‍മിയുടെ ഭാര്യയായാലുള്ള
സുഖസൗകര്യങ്ങളെക്കുറിച്ച് അവള്‍ ആഴത്തില്‍ ആലോചിച്ചു പോയി.
ഒരന്തിനേരത്ത്, കഥയറിയാതെ അവളുടെ പാവപ്പെട്ട ഭര്‍ത്താവ് വന്നു; പരിക്ഷീണിതനാണ്.
ചോരയും നീരും വാര്‍ന്നവന്‍.
ഭര്‍ത്താവ് വന്നാല്‍ സാധാരണ അവള്‍ അന്നം സല്‍ക്കരിക്കും. കിടപ്പറ സൗകര്യമാക്കും.
സ്‌നേഹത്തിന്റെ പുഞ്ചിരി സമ്മാനിക്കും.
ഇന്നതൊന്നുമില്ല. ആകെ മാറിയിരിക്കുന്നു അവള്‍ ഭക്ഷണമില്ല. വിരിപ്പും പുതപ്പും
ഒന്നും കിട്ടിയില്ല. ഇതെന്തുപറ്റി ഇവള്‍ക്ക്?
കര്‍ഷകന്‍ അന്ധാളിച്ചു. ``പെണ്ണേ, നിനക്കിന്നെന്തുപറ്റി? ഒരിക്കലും കാണാത്ത ഒരു
സ്വഭാവം? അയാള്‍ ചോദിച്ചു.
``എന്തുപറ്റാന്‍. ഈ കാണുന്നത് തന്നെ.'' അവളുടെ എടുത്തടിച്ചുള്ള വാക്കുകള്‍.
അദ്ദേഹത്തെ ഗൗനിക്കാത്ത വര്‍ത്തമാനം. പുഛം കലര്‍ന്ന സംസാരം. അഭിമാനത്തില്‍
കുത്തിനോവിച്ചുള്ള പരിഹാസം.
``ശരി, നിന്നെ ഞാന്‍ മൊഴിചൊല്ലാന്‍ പോകുന്നു.''
``പെട്ടെന്ന് വേണം എന്റെ മൊഴി.'' അവള്‍ പറഞ്ഞു.
`രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍' എന്നപോലെ.
ത്വലാഖ് നടന്നു.
അവള്‍ നേരെ അധര്‍മിയുടെ അരമനയിലേക്ക്. അയാള്‍ അവളെ വരിച്ചു; ഒന്നാന്തരം
സ്വര്‍ണാഭരണങ്ങള്‍ക്കു പകരം.
മുന്തിയതരം ഉടയാടകള്‍ക്കു പകരം.
വിവാഹം കെങ്കേമമായി നടന്നു.
അന്നു രാത്രി.
മണിയറ വാതില്‍ തുറന്നു. അവള്‍ അകത്തു കടന്നു. അയാള്‍ ജനലുകള്‍ അടച്ചു. വാതില്‍
സാക്ഷയിട്ടു.
ലൈറ്റണച്ച് അവളെ പുണരാന്‍ കൈകള്‍ നീട്ടിയടുത്തു.
പക്ഷേ, ദൈവവിധിയില്ല, ഈ ചതിക്ക്.
കൈ അനങ്ങുന്നില്ല. ആകെ മരവിച്ചിരിക്കുന്നു. അവള്‍ അയാളുടെ അമാന്തം കണ്ട്
അക്ഷമയായി. തന്റെ കരം അയാള്‍ക്കു നേരെ നീട്ടാനൊരുങ്ങിയെങ്കിലും അവള്‍ക്കും ഇതുതന്നെ
ഗതി. കൈ മരവിച്ചിരിക്കുന്നു, അനങ്ങുന്നില്ല.
ഒച്ചവയ്‌ക്കാന്‍ നോക്കി.
ഇല്ല, നാവ് പൊങ്ങുന്നില്ല.
ചെവി കേള്‍ക്കുന്നുമില്ല.
കണ്ണ് കാണുന്നില്ല.
നേരം പുലര്‍ന്നപ്പോള്‍ ഭൃത്യന്മാര്‍ വാതില്‍ തുറന്നു.
അത്ഭുതം. രണ്ടു കണ്‍പൊട്ടികള്‍, നാപൊട്ടികള്‍, ചെകിടുപൊട്ടികള്‍.
ദമ്പതികളുടെ കഥ നാടാകെ പരന്നു. വിവരം അക്കാലത്തെ പ്രവാചകനരികിലെത്തി. പ്രവാചകന്‍
വിഷയം പടച്ചവനു വിട്ടു.
അല്ലാഹു ഉടന്‍ പ്രതികരിച്ചു:
``ഇല്ല, ഞാന്‍ അവര്‍ക്ക് ഒരിക്കലും പൊറുത്തു നല്‍കില്ല. അവര്‍ ആ കര്‍ഷകനോട്
ചെയ്‌തത് നിങ്ങള്‍ കണ്ടില്ലേ?''
ഇതൊരു ചരിത്രമാണ്. ഈ ചരിത്രം നല്‍കുന്ന ഒരു പാഠമുണ്ട്. വളരെ പ്രധാനപ്പെട്ട പാഠം.
എല്ലാ ദമ്പതികളും പഠിച്ചിരിക്കേണ്ട പാഠം. അതെ, ഒരിക്കലും ഒരു പെണ്ണും ഭര്‍ത്താവിനെ
വഞ്ചിക്കരുത്. ഒരു പെണ്ണിനെ ചതിയില്‍ സ്വന്തമാക്കാന്‍ ഒരു പുരുഷനും ഒരുമ്പെടരുത്.
ചതിച്ചാല്‍ തിക്തഫലം പരലോകത്ത് അനുഭവിക്കും. ഇഹലോകത്തും ചിലതൊക്കെ വന്നുഭവിക്കാം.
ഇതുപോലെ പച്ചയായിട്ടല്ലെങ്കിലും.
ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യമാര്‍ ഇന്ന് ഏറിവരുന്നു. അവര്‍ക്ക് ലൈംഗികത
പവിത്രവും പരമരഹസ്യവുമായ ഒരു ഇടപാടല്ല. മറിച്ച് സ്വതന്ത്രമായ ചില തീരുമാനങ്ങളാണ്.
ചില ഭര്‍ത്താക്കന്മാരുടെ കൂട്ടത്തിലുമുണ്ട് ചതിയന്മാര്‍. വേശ്യകളെ സമീപിക്കുന്നു;
സ്വന്തം ഭാര്യയെ വീട്ടില്‍ ഒറ്റക്ക് കിടത്തിയിട്ട്. തെമ്മാടികള്‍!
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സ്വരചേര്‍ച്ച സൃഷ്‌ടിക്കാന്‍
ഇറങ്ങിത്തിരിക്കുന്ന ചിലരുണ്ട്. അവരെ ദമ്പതികള്‍ കരുതിയിരിക്കണം.
അന്യന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചല്ല നാം ഇണയെ കാണേണ്ടത്. നമ്മുടെ
സ്വന്തവും സ്വതന്ത്രവുമായ കണ്ണുകൊണ്ടാണ്; ധാര്‍മികവും മാനുഷികവുമായ അളവുകോല്‍
വച്ചാണ്.
ഭര്‍ത്താവിന്റെ പരിധിയും പരിമിതിയും ഭാര്യ അറിഞ്ഞിരിക്കണം. ഭാര്യയുടെ വിലയും നിലയും
ഭര്‍ത്താവും മാനിക്കണം. ആളുകള്‍ പറയുന്നതിനനുസരിച്ച് ദാമ്പത്യരേഖകള്‍ വരയ്‌ക്കാന്‍
നില്‍ക്കരുത്. അത് പോഴത്തമാണ്.
ഒരു സംഭവം കാണുക:
അബൂ മുസ്‌ലിമുല്‍ ഖൗലാനി.മഹാനായ പണ്ഡിതന്‍. തികഞ്ഞ ഭക്തന്‍. ഇസ്‌ലാമികചരിത്രത്തിലെ
തിളങ്ങുന്ന നക്ഷത്രം.
എന്നും വീടണഞ്ഞാല്‍ ഭാര്യ തട്ടം വാങ്ങി വയ്‌ക്കും. ചെരിപ്പ് വൃത്തിയാക്കി
മൂലയോടടുപ്പിക്കും. അന്നം തയ്യാറാക്കി മുന്നില്‍വയ്‌ക്കും.
ഒരു ദിവസം വീടണഞ്ഞ അബൂമുസ്‌ലിം അന്ധാളിച്ചു. വീടിനകത്ത് വിളക്ക് കത്തുന്നില്ല.
ഭാര്യ വാതില്‍ക്കല്‍ തന്നെ ഇരിക്കുന്നു. തലതാഴ്‌ത്തി; ഈറയും ദുഃഖവും നിഴലിക്കുന്ന
മുഖത്തോടെ.
ഇതു കണ്ട് അബൂമുസ്‌ലിം ചോദിച്ചു:
``എന്തു പറ്റി നിനക്കിന്ന്.''
``എന്തുപറ്റാന്‍? നിങ്ങള്‍ മുആവിയായുടെ അടുത്ത ആളാണെന്നല്ലേ പറയുന്നത്. എന്താ,
അദ്ദേഹത്തോട് പറഞ്ഞാല്‍ ഒരു വേലക്കാരനെ നമുക്ക് കിട്ടില്ലേ? ചോദിച്ചു
നോക്കിക്കൂടേ നിങ്ങള്‍ക്ക് ഒന്ന്. ചോദിച്ചാല്‍ അദ്ദേഹം ഭൃത്യനെയും പണവുമൊക്കെ
തരും.''
ഭാര്യ ഈര്‍ഷ്യനിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
ഇതുകേട്ട് അബൂമുസ്‌ലിം (റ) അമ്പരന്നു.
ഇല്ല, ഇവള്‍ ഒറ്റക്കിങ്ങനെ പറയില്ല; ആരെങ്കിലും ഓതിക്കൊടുക്കാതെ.
അബൂമുസ്‌ലിം(റ)ന് ദേശ്യം വന്നു. അവിടുന്ന് പെട്ടെന്നിങ്ങനെ പറഞ്ഞുപോയി:
``പടച്ചവനേ, എന്റെ ഭാര്യയെ ആരോ പിഴപ്പിച്ചിരിക്കുന്നു. ആരാണെങ്കിലും അവര്‍ക്ക് നീ
വേണ്ടത് നല്‍കൂ.''
അബൂമുസ്‌ലിമിന്റെ ചിന്ത പിഴച്ചിരുന്നില്ല.
മഹാന്‍ വരുന്നതിനുമുമ്പ് അവിടെ ഒരു പെണ്ണെത്തിയിരുന്നു. അവളാണ് ബീവിയെ പറഞ്ഞു
തെറ്റിച്ചത്.
``നിന്റെ ഭര്‍ത്താവ് മുആവിയയുടെ അടുത്ത ആളല്ലേ. അദ്ദേഹത്തോടൊന്ന് പറഞ്ഞാല്‍
കിട്ടില്ലേ നിങ്ങള്‍ക്ക് പണവും വേലക്കാരും'' എന്ന്.
അബൂമുസ്‌ലിം(റ)യുടെ പ്രാര്‍ത്ഥനയും പിഴച്ചില്ല.
ആ പെണ്ണ് വീട്ടിനകത്തിരിക്കെ കണ്ണിനൊരു മഞ്ഞളിപ്പ്.
`എന്താ നിങ്ങള്‍ വിളക്കണച്ചത്?'
അവള്‍ വീട്ടുകാരോട് ചോദിച്ചു.
ഇല്ല, ആരും വിളക്കണച്ചിട്ടില്ല. അണഞ്ഞത് സ്വന്തം കണ്ണുകളാണ്.
അവള്‍ അറിഞ്ഞു; തന്റെ തെറ്റിനുള്ള ശിക്ഷയാണിതെന്ന്.
പിന്നെ അന്തിച്ചുനിന്നില്ല. നേരെ അബൂ മുസ്‌ലിമിനെ ചെന്നുകണ്ട് തനിക്ക് വേണ്ടി ദുആ
ചെയ്യണമെന്ന് പറഞ്ഞു.
അബൂമുസ്‌ലിം മാന്യനാണ്. ഭക്തനും കരുണയുള്ളവനുമാണ്.
ദുആ ചെയ്‌തു. പെണ്ണിന്റെ കാഴ്‌ച തിരിച്ചുകിട്ടി.
അക്കരപ്പച്ച
ദാമ്പത്യജീവിതത്തില്‍ അക്കരപ്പച്ചക്ക് പ്രസക്തിയില്ല. കിട്ടിയ ഇണയില്‍ സംതൃപ്‌തി
കാണുക. അത് കനിയായി കണക്കാക്കി നീങ്ങുക.
അല്‍അതബീ പറഞ്ഞ ഒരു സംഭവം:
ഒരിക്കല്‍ ഞാന്‍ ഒരു വഴിയെ പോവുകയായിരുന്നു. പെട്ടെന്ന് എന്റെ മുമ്പില്‍ ഒരു
വൃദ്ധന്‍ പ്രത്യക്ഷപ്പെട്ടു. ഒപ്പം ഒരു സുന്ദരിയുമുണ്ട്. അവളെ കണ്ടാല്‍ അറിയാം,
നല്ല പക്വമതിയും ബുദ്ധിമതിയുമാണെന്ന്.
വൃദ്ധനാണെങ്കില്‍ തീര്‍ത്തും വിരൂപന്‍. വിവേകം തന്നെ പൂര്‍ണമായില്ലാത്ത പോലെ.
അയാള്‍ എന്തൊക്കെയോ പറയുന്നു. അവള്‍ അതുകേട്ട് ചിരിച്ചും രസിച്ചുമങ്ങനെ
നടക്കുന്നു.
എനിക്ക് കൗതുകമായി.
ഞാന്‍ ചോദിച്ചു: ``ഇയാള്‍ നിന്റെ ആരാണ്?''
``ഭര്‍ത്താവ്''.
``ഇത്ര വിരൂപനും പടുവുമായ ഒരാളെ സഹിക്കാന്‍ നിനക്കെങ്ങനെ സാധിക്കുന്നു? നീ
സുന്ദരിയും സുശീലയുമാണല്ലോ. വല്ലാത്ത അത്ഭുതം തന്നെ.'' - ഞാന്‍ പറഞ്ഞു.
``എന്ത് അത്ഭുതം. എന്നെപ്പോലെ ഒരുത്തിയെ ഇണയാക്കാനായതില്‍ ഇയാള്‍ പടച്ചവനോട്
നന്ദികാട്ടുന്നു. ഇദ്ദേഹത്തെപ്പോലെ ഒരാളെ കിട്ടിയതില്‍ ഞാന്‍ തികഞ്ഞ ക്ഷമയും
പുലര്‍ത്തുന്നു. ക്ഷമാശീലര്‍ക്കും നന്ദികാണിക്കുന്നവര്‍ക്കുമല്ലേ സ്വര്‍ഗം?
പടച്ചവന്‍ എനിക്കു കണക്കാക്കിയതില്‍ തൃപ്‌തിപ്പെടാതിരിക്കണോ ഞാന്‍.'' - അവള്‍
പ്രതികരിച്ചു.
ഞാന്‍ അരനിമിഷം അന്തിച്ചുനിന്നുപോയി. ആ ദമ്പതികളെ വിട്ടകന്നു നടന്നു.
ഒരിക്കല്‍ ഒരു ചക്രവര്‍ത്തി ഒരു പെണ്ണിനെ കണ്ടു. അതിസുന്ദരി, തികഞ്ഞ നിര്‍മല.
ഒറ്റനോട്ടത്തില്‍ തന്നെ ചക്രവര്‍ത്തിക്ക് അവളെ ബോധിച്ചു.
ചക്രവര്‍ത്തി അന്വേഷിച്ചു, തരുണി ഏതാണെന്ന്.
മറുപടി കിട്ടി:
നാട്ടിലെ ഒരു ദരിദ്രനായ ആളുടെ സഹധര്‍മിണിയാണ്.
രാജാവ് അവളെ വലവീശാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. പട്ടും സ്വര്‍ണവും കൊട്ടയിലാക്കി
മുന്നില്‍ വച്ചു ചോദിച്ചു.
``പെണ്ണേ, ഇനി പറ. നിനക്കു വേണ്ടത് ഞാനോ, അതോ ദരിദ്രനായ നിന്റെ ഭര്‍ത്താവോ?''
അവള്‍ അന്തിച്ചു നിന്നില്ല. ഒറ്റ ശ്വാസത്തില്‍ അവള്‍ പാടി.
``ഹോ, ഇയാള്‍ ആവതും, കഴിവും അറ്റവന്‍.
എങ്കിലും എനിക്കു പ്രിയങ്കരന്‍;/ സ്വന്തമാ മെന്‍ പിതാവിനെക്കാളും /അയല്‍പക്ക
ബന്ധുക്കളെക്കാളും /ദിര്‍ഹമിന്‍, ദീനാറിന്‍ യജമാനനെക്കാളും/ ഇല്ല, ഞാന്‍
ചതിക്കില്ല/ ഒരിക്കലും ഇയാളെ/ ചതിച്ചാല്‍ ഭയക്കുന്നു ഞാന്‍,/ നരകം, നാളെ....back to top
ഇണക്കിളിയെ ചതിക്കരുത്
Subscribe to:
Post Comments (Atom)
No comments:
Post a Comment