മൊബെയില്‍ ഫോണിലും ലാപ്‌ടോപ് കമ്പ്യൂട്ടറിലും നിന്നുള്ള വികിരണങ്ങള്‍ വന്ധ്യതയ്ക്കു വഴിവെച്ചേക്കാം എന്ന് ചില നിരീക്ഷണങ്ങള്‍ പറയുന്നു. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ സര്‍വസമ്മതമൊന്നുമായിട്ടില്ല.
ഹംഗറിയിലെ ഏതാനും ശാസ്ത്രജ്ഞരാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷനെക്കുറിച്ചു പഠനം നടത്തിയത്. പാന്റ്‌സിന്റെ കീശയില്‍ മൊബെയില്‍ ഫോണ്‍ സൂക്ഷിക്കുന്ന 221 പേരെ 13 മാസം നിരീക്ഷിച്ച ശേഷമാണ് നിഗമനങ്ങളിലെത്തിയത്. കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ബീജസംഖ്യ 30 ശതമാനം വരെ കുറയുന്നതായി കണ്ടുവത്രെ. ഹംഗറിയിലെ സ്സെഗെദ് യൂണിവേഴ്‌സിറ്റി ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ഇമ്രെ ഫെജെസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടേതാണ് കണ്ടെത്തല്‍.
പതിവായി ലാപ്‌ടോപ് ഉപയോഗിക്കുന്നതും ഇതുപോലെ ബീജസംഖ്യ കുറയാന്‍ കാരണമാണെന്ന് ചില നിരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലാപ്‌ടോപ് കമ്പ്യൂട്ടര്‍ മടിയില്‍ വച്ച് ഉപയോഗിക്കുമ്പോള്‍ വൃഷണങ്ങളില്‍ വികിരണങ്ങള്‍ ഏല്‍ക്കുന്നതും അവ ചൂടാകുന്നതുമാണ് കാരണം.
ജീവിതശൈലിയുടെ പ്രശ്‌നങ്ങള്‍
അനുദിനം മാറിവരുന്ന നമ്മുടെ ജീവിതശൈലി പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നുണ്ട്. വന്ധ്യതാ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടാന്‍ മുഖ്യകാരണം ഈ ജീവിതശൈലീ മാറ്റങ്ങള്‍ തന്നെ. പുരുഷന്മാരുടെ കാര്യത്തിലാണ് ജീവിത സാഹചര്യങ്ങള്‍ പ്രത്യുത്പാദനത്തെ ഏറെ ബാധിക്കുന്നത്. പുരുഷന്റെ പ്രത്യുത്പാദനാവയവങ്ങളില്‍ സര്‍വപ്രധാനം വൃഷണങ്ങളാണെന്നു നമുക്കറിയാമല്ലോ. അതിലോലമാണീ അവയവം. ചെറിയൊരു കാരണം കിട്ടിയാല്‍ മതി വൃഷണങ്ങള്‍ പ്രവര്‍ത്തനം പതുക്കെയാക്കിക്കളയും. കുറേനേരം ചൂടുതട്ടിയാല്‍, ചെറിയൊരാഘാതമുണ്ടായാല്‍, ഒരു പനി വന്നാല്‍ ഒക്കെ വൃഷണപ്രവര്‍ത്തനങ്ങള്‍ ഒന്നു മന്ദീഭവിക്കും. ഈ സാഹചര്യങ്ങള്‍ സ്ഥിരമായി നിലനിന്നാലോ! വൃഷണ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ മന്ദീഭവിച്ചു തന്നെയിരിക്കും. അപ്പോള്‍ പ്രത്യുത്പാദനശേഷിയും കുറഞ്ഞിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യുല്‍പാദനശേഷി കുറയ്ക്കുന്ന അത്തരം ജീവിത സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം.
ബൈക്ക് ഓടിക്കുമ്പോള്‍
'ഹണ്‍ഡ്രഡ് സി.സി ബൈക്കും അതിലൊരു പൂജാഭട്ടും ഒക്കെയായി ടൗണില്‍ ചെത്തിനടക്കുന്നതാണ്' ഫാഷന്‍ എന്നു സിനിമകള്‍ പറയും. പക്ഷേ, ലൈംഗിക ജീവിതത്തിന് അതത്ര നന്നല്ല എന്നാണു പഠനങ്ങള്‍ പറയുന്നത്. പതിവായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ബീജസംഖ്യയും പുരുഷ ഹോര്‍മോണുകളും കുറയാന്‍ സാധ്യതയുണ്ടത്രെ. തുടര്‍ച്ചയായി ബൈക്കും മറ്റും ഓടിക്കുമ്പോള്‍ വൃഷണങ്ങളില്‍ നിരന്തരമായി കമ്പന ചലനങ്ങള്‍ ഏല്‍ക്കും. ഇത് വൃഷണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണു കണ്ടെത്തിയിട്ടുള്ളത്.
ബൈക്കിലിരിക്കുമ്പോള്‍ നിരന്തരമുണ്ടാകുന്ന ഉരസല്‍ മൂലവും അല്ലാതെയുമുള്ള ചൂടും വൃഷണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത് ബീജസംഖ്യയും ലൈംഗിക ശേഷിയും കുറയാന്‍ ചിലരിലെങ്കിലും കാരണമായേക്കാം. ബൈക്ക് യാത്രകളില്‍ ഇറുക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, സീറ്റ് ചൂടാകാതെ നോക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ വൃഷണങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. തണുത്ത വെള്ളത്തില്‍ ഇരുന്നിട്ടോ മറ്റോ വൃഷണങ്ങളെ തണുപ്പിക്കുകയാണു വേണ്ടത്. ചിലതരം ചികിത്സകളുടെ ഭാഗമായും മറ്റും ചൂടുവെള്ളത്തില്‍ ഏറെനേരം ഇരിക്കേണ്ടിവരാറുണ്ട് ചിലര്‍ക്ക്. ഇത് താല്‍ക്കാലികമായിട്ടാണെങ്കിലും ബീജസംഖ്യയില്‍ കുറവു വരുത്തും. ഇങ്ങനെ ഹിപ് ബാത്തും മറ്റും വേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ വൃഷണങ്ങള്‍ മാത്രം തണുപ്പിക്കുന്നതു നല്ലതാണ്.
മാനസിക പ്രശ്‌നങ്ങള്‍
ആധികളും ആകുലതകളും വിട്ടുമാറാത്ത തിരക്കുകളും ഒക്കെ സൃഷ്ടിക്കുന്ന കടുത്ത മാനസിക പിരിമുറുക്കങ്ങള്‍ പലതരത്തില്‍ വന്ധ്യതയ്ക്കു വഴിവെക്കാനിടയുണ്ട്. ലൈംഗിക പ്രശ്‌നങ്ങളുടെ രൂപത്തില്‍, ബീജസംഖ്യയുടെ കുറവ് ആയി, ചലനശേഷിക്കുറവായി അങ്ങനെ പലതും. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ കഴിയുമ്പോള്‍ തന്നെ 'വിശേഷമായില്ലേ' എന്ന അന്വേഷണം തുടങ്ങുകയായി. കുറച്ചുനാള്‍ കഴിയുമ്പോഴേക്ക് ഈ അന്വേഷണം വെറും കുശലം പറയല്‍ മാത്രമല്ലാതായിത്തുടങ്ങും. ശുക്ലപരിശോധനയില്‍ തനിക്കു തകരാറുകളുണ്ടെന്നു കണ്ടെത്തുന്നത് പല പുരുഷന്മാരെയും കാര്യമായി ബാധിക്കാറുണ്ട്.
സന്തത്യുത്പാദനശേഷി ആണത്തത്തിന്റെ സൂചനയാണ്
എന്നൊക്കെ കരുതുന്നവര്‍ ഏറെയാണ്. ഭാര്യയും ബന്ധുക്കളുമൊക്കെ ഒരുതരം പരിഹാസക്കണ്ണോടെ നോക്കാന്‍ തുടങ്ങുക കൂടി
ചെയ്താല്‍ പുരുഷന്‍ ആകെ വിഷമവൃത്തത്തിലാകും. ഇത്തരം മാനസിക വ്യഥകള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ വളരെ കൂടുതലാണ്.
മറ്റുള്ളവരോടു മാത്രമല്ല, തമ്മില്‍ത്തമ്മില്‍ പോലും വന്ധ്യതാ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്ന ദമ്പതികളുണ്ട്. പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും തികഞ്ഞ പരസ്പര ധാരണയോടെ അവ വിശകലനം ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കുകയുമാണു വേണ്ടത്.വന്ധ്യതാ പ്രശ്‌നം അനുഭവിക്കുന്ന പുരുഷന്മാരില്‍ അഞ്ചു ശതമാനത്തിന് കാര്യമായ ലൈംഗിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ലൈംഗിക പ്രശ്‌നങ്ങളുടെ അടിസ്ഥാനം മാനസിക കാരണങ്ങള്‍ തന്നെയാണ് മിക്കവരിലും. ഉദ്ധാരണശേഷിയില്ലായ്മ, ശീഘ്രസ്ഖലനം, സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, യോനിയില്‍ നനവില്ലാതെ ലൈംഗികബന്ധം വേദനാപൂര്‍ണമാകുന്ന അവസ്ഥ തുടങ്ങി പല കാരണങ്ങളാല്‍ ഫലപ്രദമായ ലൈംഗികബന്ധം നടക്കാതെപോവും.
വേഴ്ച സുഖകരവും അനായാസവുമാക്കുന്നതിനായി പലരും ഉപയോഗിക്കുന്ന ജെല്ലികളും ലൂബ്രിക്കന്റുകളും ബീജങ്ങളെ നശിപ്പിക്കുന്നവയായിരിക്കും.
പുകവലി വേണ്ട, മദ്യവും
ബീജസംഖ്യ കുറയ്ക്കുന്നതില്‍ പുകവലിക്ക് വലിയ പങ്കുണ്ടെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. പുകവലിക്കുന്ന പുരുഷന്മാരിലെന്നപോലെ, ഭര്‍ത്താവിന്റെ പുക പരോക്ഷമായി ശ്വസിക്കേണ്ടിവരുന്ന സ്ത്രീകളിലും വന്ധ്യതാസാധ്യത കൂടുന്നു. ബീജങ്ങളുടെ എണ്ണം മാത്രമല്ല, ചലനവും കുറയും. ബീജസംഖ്യയും ചലനവും കുറഞ്ഞിരിക്കുന്നവരില്‍ പുകവലി കൂടെയുണ്ടെങ്കില്‍ വന്ധ്യതാപ്രശ്‌നം നീണ്ടുപോകാനാണിട. സ്ത്രീകള്‍ സിഗരറ്റ് പുക ശ്വസിക്കുന്നത് ഗര്‍ഭം അലസാനും കാരണമാകുമെന്ന് പഠനങ്ങളുണ്ട്.
സിഗരറ്റ് വലിക്കാരുടെ ബീജങ്ങളില്‍ രൂപഗുണം ഒത്തിണങ്ങിയവ കുറവായിരിക്കും. വന്ധ്യതയ്ക്ക് ഇതും കാരണമാകാം. സിഗരറ്റുവലി ഉപേക്ഷിച്ചവരില്‍ മൂന്നുമാസത്തിനു ശേഷം ബീജത്തിന്റെ അളവും ചലനശേഷിയും രൂപഗുണവും മെച്ചപ്പെട്ടതായി കണ്ടിട്ടുണ്ട്.
പരോക്ഷ പുകവലിക്കു വിധേയയാകുന്ന സ്ത്രീയുടെ ശരീരത്തിലും നിക്കോട്ടിന്‍ പോലുള്ള രാസവസ്തുക്കള്‍ കാണാം. സിഗരറ്റുപുകയിലെ നിക്കോട്ടിന്‍ സ്ത്രീയുടെ ഫോളിക്കുലാര്‍ ദ്രവത്തില്‍ വരെ എത്തിച്ചേര്‍ന്നതായി കണ്ടിട്ടുണ്ട്. പുകവലിക്കുന്ന സ്ത്രീകളുടെ ഫോളിക്കുലാര്‍ ഫ്ലൂയിഡില്‍ കാഡ്മിയത്തിന്റെഅംശവും കണ്ടെത്തിയിട്ടുണ്ട്. പുകവലി സ്ത്രീക്കും പുരുഷനും ഒരുപോലെ വന്ധ്യതാ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് ചുരുക്കം. പുകവലിക്കുന്ന പുരുഷന്മാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ജനനസമയത്തെ തൂക്കം കുറയാനും ബുദ്ധിയും ശാരീരിക വളര്‍ച്ചയും മന്ദീഭവിക്കാനും സാധ്യത കൂടുതലാണ്.
മദ്യവും സ്ത്രീപുരുഷ വന്ധ്യതയും തമ്മില്‍ നേരിട്ടുതന്നെ ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷന്റെ ബീജം നശിച്ചുപോവാനും ബീജസംഖ്യ കുറയാനും രക്തത്തിലെ ആല്‍ക്കഹോള്‍ സാന്നിധ്യം കാരണമാകാം. മദ്യം കൊണ്ടുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളും വൈകാരിക പ്രശ്‌നങ്ങളും മാനസിക പിരിമുറുക്കവുമെല്ലാം വന്ധ്യതയുടെ തോതുയര്‍ത്തുന്നവ തന്നെ. വന്ധ്യത സംശയിക്കുന്നവര്‍, മദ്യം പൂര്‍ണമായും ഒഴിവാക്കണം. ഭാര്യാഭര്‍ത്തൃബന്ധം സുഗമമാവാനും എല്ലാം മറന്നിടപെടാനും മദ്യമെന്ന ഇടനിലക്കാരനെ മാറ്റിനിര്‍ത്തുന്നതുതന്നെ നല്ലത്, ചികിത്സാ വേളയില്‍ വിശേഷിച്ചും. മദ്യമുക്തമായ ശരീരത്തില്‍ ഏതു ചികിത്സയും വേഗം ഫലിക്കുമെന്നും അറിയുക.
ജോലി സാഹചര്യങ്ങള്‍
ചൂടുകൂടിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നത് വന്ധ്യതയിലേക്കു നയിക്കാനിടയുണ്ട്. ഫാക്ടറികളിലെ ഫര്‍ണസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നവര്‍, സ്ഥിരമായി അടുപ്പിനടുത്ത് നില്‍ക്കേണ്ടിവരുന്നവര്‍, ദീര്‍ഘദൂരം ബസും ലോറിയുമൊക്കെ ഓടിക്കുന്നവര്‍ ഇവര്‍ക്കെല്ലാം ചൂടുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഗള്‍ഫില്‍ ജോലി ചെയ്തു ജീവിക്കുന്നവരുടെ ഒരു മുഖ്യപ്രശ്‌നമാണ് കൂടിയ ചൂട്. കൂടിയ ചൂടില്‍ ജോലിചെയ്യേണ്ടിവരുമ്പോള്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് ബീജസംഖ്യയും ചലനശേഷിയും കുറയുന്നതാണ് മുഖ്യകാരണം. കൂടിയചൂടില്‍ കഴിയുന്നവരെ ബാധിക്കാറുള്ള മൂത്രാശയരോഗങ്ങള്‍, വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം ലൈംഗിക താത്പര്യവും ലൈംഗികശേഷിയും കുറയാനും സാധ്യതയുണ്ട്. ചെറിയ ഇടവേളകളില്‍ നാട്ടിലെത്തുമ്പോള്‍ മാത്രം ലൈംഗിക ജീവിതം സാധിക്കുന്നവരാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലരും. ഈ ചുരുങ്ങിയ സമയത്തിനകം തന്നെ ഗര്‍ഭധാരണം നടക്കണം എന്ന താത്പര്യവും അവര്‍ക്കുണ്ടാവും.
അത്തരം ആകുലതകളും കാലാവസ്ഥാ വ്യതിയാനവും ഒക്കെക്കൂടിയാകുമ്പോള്‍ ബീജസംഖ്യ വീണ്ടും കുറയാനും സാധ്യതയുണ്ട്. സ്വാഭാവികമായും ഇത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുമല്ലോ. വൃഷണങ്ങള്‍ക്കു വേണ്ടത്ര തണുപ്പും സുരക്ഷിതത്വവും നല്‍കാനും അനാവശ്യ ആകുലതകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുകയാണു വേണ്ടത്.
ടൈറ്റ് ജീന്‍സ് വേണ്ട
കവച കുണ്ഡലങ്ങളുമായി ജനിച്ച കര്‍ണനെപ്പോലെ ദേഹത്ത് ഇറുകിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രധാരണ ശൈലിയാണ് ചിലര്‍ക്കു താല്‍പര്യം. ഇറുകിപ്പിടിച്ചു കിടക്കുന്ന ടൈറ്റ് ജീന്‍സും മറ്റും. ഇത്തരം വസ്ത്രങ്ങള്‍ പൊതുവെ ആരോഗ്യത്തിനു നല്ലതല്ല. വൃഷണങ്ങള്‍ ശരീരത്തിനു പുറത്ത് പ്രത്യേക സഞ്ചിയില്‍ സൂക്ഷിക്കുന്നതു തന്നെ അവയെ ചൂടില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടിയാണെന്ന് നമുക്കറിയാമല്ലോ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ വൃഷണങ്ങള്‍ ശരീരത്തോടൊട്ടി കൂടുതല്‍ ചൂടില്‍ ആയിരിക്കേണ്ടിവരുന്നു. ചൂടു കൂടുമ്പോള്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം കുറയും. അതനുസരിച്ച് ബീജസംഖ്യയിലും കുറവുവരും. പതിവായി ടൈറ്റ് ജീന്‍സ് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുകയാണു നല്ലത്.ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്ന ശീലവും നന്നല്ല. വീട്ടിലായിരിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ അടിവസ്ത്രങ്ങള്‍ വേണ്ടെന്നു വെക്കുന്നതാണു നല്ലത്.
മരുന്നുകളുടെ പ്രശ്‌നങ്ങള്‍
ചുരുക്കമായിട്ടാണെങ്കിലും ചിലയിനം മരുന്നുകളുടെ പാര്‍ശ്വഫലമായും വന്ധ്യത ഉണ്ടാകാറുണ്ട്. കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകള്‍ ഉദാഹരണം. കാന്‍സറിനും ചില വൃക്കരോഗങ്ങള്‍ക്കും ഉള്ള മരുന്നായ സൈക്ലോഫോസ്ഫമൈഡ് എന്ന മരുന്ന് ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വൃഷണങ്ങളിലെ ബീജോത്പാദക കോശങ്ങളെ ബാധിക്കാനിടയുണ്ട്. ഇത് വന്ധ്യതയ്ക്കു വഴിവെച്ചേക്കാം.
അള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് രോഗം തുടങ്ങി ചില ഉദരരോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന സലാസോപൈറിന്‍ എന്ന മരുന്നും ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വൃഷണപ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.
കീടനാശിനികള്‍, പഴങ്ങളിലും പച്ചക്കറികളിലും മറ്റും തളിക്കുന്ന വിഷമരുന്നുകള്‍ തുടങ്ങിയവയും ഗുരുതരപ്രശ്‌നങ്ങളുണ്ടാക്കാം.
ആഹാരം അപകടമാകരുത്
കൃത്രിമ ഭക്ഷണങ്ങളും രാസവസ്തുക്കളുമൊക്കെ നമ്മുടെ നിത്യാഹാര പദ്ധതിയില്‍ വേണ്ടതിലേറെയുണ്ട് ഇന്ന്. പുരുഷന്റെ പ്രത്യുത്പാദന സാധ്യതയെ മാത്രമല്ല, ലൈംഗിക ശേഷിയെ പോലും തകര്‍ക്കുന്നതാണ് ഈ കൃത്രിമ ഭക്ഷണ പ്രളയം. ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയിലൊക്കെ ക്ഷാരാംശം വളരെ കൂടുതലാണ്. ഈ ക്ഷാരസ്വഭാവം ബീജോത്പാദനം കുറയ്ക്കുന്നവയാണ്.
നമ്മുടെ കുട്ടികളില്‍ പലരും വേണ്ടതിലധികം തടിച്ചിരിക്കുന്നതിന് ഒരു കാരണം കൃത്രിമ ഭക്ഷണങ്ങളുടെ അമിതോപയോഗമാണ്. ബീജം തീരെക്കുറഞ്ഞവരെ പരിശോധിക്കുമ്പോള്‍ പലപ്പോഴും അവരുടെ ശുക്ലത്തില്‍ ക്ഷാരാംശം കൂടുതലുള്ളതായി കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തിലെ അമിതക്ഷാരാം ശമാണത്രെ ഇതിന്നു കാരണം. നെല്ലിക്ക പോലെ വാജീകരണക്ഷമങ്ങളും പുളിയുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കി ഇത്തരം ക്ഷാരാംശം കുറയ്ക്കാന്‍ കഴിയുമെന്ന് ഡോ. ദേവന്‍ നമ്പൂതിരി പറയുന്നു.
പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുമ്പോള്‍ പോലും നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വളരെയധികം കീടനാശിനികള്‍ ചേര്‍ത്തും ഹോര്‍മോണ്‍ കൊടുത്തുമൊക്കെയാണ് ഇവയെല്ലാം തന്നെ ഉത്പാദിപ്പിക്കുന്നത്. അവ നമ്മുടെ ശരീരത്തില്‍ എന്തൊക്കെ ഉപദ്രവങ്ങള്‍ വരുത്തുമെന്നു ദൈവത്തിനു പോലും അറിയാനാവില്ല. ആട്ടിറച്ചി, കോഴിയിറച്ചി, മീന്‍ എന്നിവയൊക്കെ വാജീകരണശേഷിയുള്ളവ തന്നെ. എന്നാല്‍, അമോണിയയിലും മറ്റും സൂക്ഷിക്കുന്ന പഴകിയ മത്സ്യ മാംസങ്ങളും മറ്റും ഒരുതരത്തിലും ഗുണകരമാവില്ല. ഹോര്‍മോണ്‍ നല്‍കി വളര്‍ത്താത്ത കോഴിയുടെ മാംസം കിട്ടാനും ബുദ്ധിമുട്ട്. ഇതൊക്കെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യസൗഖ്യത്തെ കാര്യമായി ബാധിക്കും, പ്രത്യുത്പാദന ശേഷിയെ പ്രത്യേകമായും.
ബീജസംഖ്യ കുറയുക, ചലനശേഷിയും ബീജങ്ങളുടെ രൂപഗുണവും ഇല്ലാതാവുക തുടങ്ങി വന്ധ്യതക്കു നേരിട്ടു കാരണമാകുന്ന പല പ്രശ്‌നങ്ങളും ഇതുകൊണ്ടുണ്ടാവാം.
വേണ്ടത്ര സമയം വെള്ളത്തിലിട്ട് നന്നായി കഴുകിയ പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. പഴകാത്ത മീന്‍ ഉപയോഗിക്കുക, ഹോര്‍മോണ്‍ നല്‍കി വളര്‍ത്തിയ കോഴിയുടെ ഇറച്ചി കഴിക്കാതിരിക്കുക, ഫാസ്റ്റ് ഫുഡ്, ബേക്കറി ഇനങ്ങള്‍ കഴിവതും കുറയ്ക്കുക, നാടന്‍ പച്ചക്കറികളും നല്ല പഴങ്ങളും പയര്‍, പരിപ്പുവര്‍ഗങ്ങളും
വേണ്ടത്ര കഴിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണു വേണ്ടത്. back to top
വന്ധ്യതയുടെ കാരണങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment