Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ഇന്ത്യന്‍ ജനാധിപത്യം കിതയ്‌ക്കുന്നു!

ഏതൊരു ജനാധിപത്യവ്യവസ്ഥയുടെയും ആധാരശിലയാണ്‌ തെരഞ്ഞെടുപ്പെന്ന പ്രക്രിയ.
നിയമനിര്‍മാണസഭകളുടെ സ്ഥാപനവും അതുവഴി ഭരണകൂടത്തിന്റെ സ്വഭാവവും ഗുണമേന്മയും
നിര്‍ണയിക്കുന്നത്‌ ബാലറ്റ്‌പെട്ടിയില്‍ വീഴുന്ന വോട്ടുകളാണ്‌. ഏതൊരു
തെരഞ്ഞെടുപ്പുപ്രക്രിയയും ഒന്നിലധികം ലക്ഷ്യങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. ഒന്നാമതായി
അത്‌ പ്രാതിനിധ്യസ്വഭാവമുള്ളതായിരിക്കണം. രാജ്യത്തെ പ്രധാന സാമൂഹിക, സാമ്പത്തിക
കാര്യങ്ങളില്‍ സമ്മതിദായകര്‍ക്കുള്ള അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും
പ്രതിഫലിപ്പിക്കുന്നതായിരിക്കണം നിയമനിര്‍മാണസഭയുടെ ഘടന. ന്യൂനപക്ഷങ്ങളുടെ
താല്‍പര്യം കൂടി സംരക്ഷിക്കുന്ന തരത്തിലായിരിക്കണം വിഭാഗീയതകള്‍ നിറഞ്ഞ
സമൂഹത്തിന്റെ പ്രതിനിധിയായ നിയമനിര്‍മാണസഭ. രണ്ടാമതായി, സുസ്ഥിരമായ ഭരണവും
സല്‍ഭരണവും കാഴ്‌ചവയ്‌ക്കുന്നതിനുതകുന്ന തരത്തിലായിരിക്കണം നിയമനിര്‍മാണസഭയുടെ ഘടന.
ഒറ്റപാര്‍ട്ടി സര്‍ക്കാറിനോ സ്ഥിരതയുള്ള കൂട്ടുകക്ഷിസര്‍ക്കാറിനോ വഴിതെളിയിക്കാത്ത,
വിഭജിക്കപ്പെട്ട വിധിയെഴുത്താകരുത്‌ ഉണ്ടാകേണ്ടതെന്നര്‍ത്ഥം. മൂന്നാമതായി, നല്ല
രാഷ്‌ട്രീയക്കാരെയും ചീത്ത രാഷ്‌ട്രീയക്കാരെയും നല്ല രാഷ്‌ട്രീയ പാര്‍ട്ടികളെയും
ചീത്ത രാഷ്‌ട്രീയ പാര്‍ട്ടികളെയും രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള അവസരം
സമ്മതിദായകര്‍ക്ക്‌ ഉണ്ടായിരിക്കണം.
ഒരു തെരഞ്ഞെടുപ്പു വ്യവസ്ഥയ്‌ക്കും ഈ മൂന്നു ലക്ഷ്യങ്ങളും ഒരുമിച്ച്‌, ഒരുപോലെ
നിറവേറ്റുക സാധ്യമല്ല. ഇവ മൂന്നും പലപ്പോഴും തമ്മിലടിക്കുന്ന ലക്ഷ്യങ്ങളാണെന്നതാണ്‌
ഇതിനുകാരണം. ഉദാഹരണത്തിന്‌, വിവിധ തെരഞ്ഞെടുപ്പുവ്യവസ്ഥകളെ
താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പഠനം കാണിക്കുന്നത്‌ ഒരു തെരഞ്ഞെടുപ്പു വ്യവസ്ഥ എത്ര
കൂടുതല്‍ പ്രാതിനിധ്യ സ്വഭാവമുള്ളതാകുന്നോ അത്രയും കൂടുതല്‍ വിഭജിക്കപ്പെട്ട
നിയമനിര്‍മാണസഭയെ സൃഷ്‌ടിക്കുന്നു എന്നാണ്‌. ഏകാധിപത്യസ്വഭാവമുള്ള
തെരഞ്ഞെടുപ്പുരീതികള്‍ ഇരുപാര്‍ട്ടി ഭരണവും തുറന്നസ്വഭാവമുള്ള
തെരഞ്ഞെടുപ്പുരീതികള്‍ ബഹുപാര്‍ട്ടി ഭരണവും സൃഷ്‌ടിക്കുന്നത്‌ അതുകൊണ്ടാണ്‌.
അതുകൊണ്ടുതന്നെ അനുയോജ്യമായ തെരഞ്ഞെടുപ്പു രീതിയുള്ള തെരഞ്ഞെടുപ്പ്‌ മൂന്നു
ലക്ഷ്യങ്ങള്‍ക്കുമിടയിലെ ഒരു സന്തുലനമാണ്‌ ആവശ്യപ്പെടുന്നത്‌. വിവിധ
ലക്ഷ്യങ്ങള്‍ക്ക്‌ നല്‍കുന്ന മുന്‍തൂക്കം ഓരോ രാജ്യത്തിന്റെയും സവിശേഷമായ
പരിതസ്ഥിതികള്‍ക്ക്‌ അനുസരിച്ചുള്ളതാകണം. മുന്‍തൂക്കങ്ങള്‍ നിശ്ചയിക്കുന്നതിന്‌
ഏകതാനവും സാര്‍വദേശീയവുമായ പരിമാണമാതൃകളൊന്നും തന്നെയില്ല. ഒരു രാജ്യത്തിനുള്ളില്‍
തന്നെ അനുയോജ്യമെന്നു തോന്നിക്കുന്ന മുന്‍തൂക്കങ്ങള്‍ക്ക്‌ കാലക്രമേണ രാഷ്‌ട്രീയ
കാലാവസ്ഥയിലുണ്ടാകുന്ന വന്‍മാറ്റങ്ങള്‍ക്കനുസൃതമായി വ്യത്യാസം സംഭവിച്ചു എന്നുവരാം.

തെരഞ്ഞെടുപ്പു രീതിയില്‍ ഇംഗ്ലണ്ടിനെയാണ്‌ ഇന്ത്യ മാതൃകയാക്കിരിക്കുന്നത്‌.
സ്വതന്ത്രഇന്ത്യയില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പു നടന്നതുമുതല്‍ വലിയ
വിവാദങ്ങളൊന്നും കൂടാതെ ഈ മാതൃകതന്നെയാണ്‌ പിന്‍തുടര്‍ന്നുപോരുന്നതും. ആദ്യത്തെ
ഊഴങ്ങളിലെല്ലാം തന്നെ സമ്മതിദായകര്‍ കോണ്‍ഗ്രസു പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷത്തോടെ
ലോകസഭയിലേക്കും സംസ്ഥാനനിയമസഭകളിലേക്കും പറഞ്ഞയച്ചു. നിയമനിര്‍മാണസഭകളുടെ ഘടന
പ്രാതിനിധ്യസ്വഭാവം പൂര്‍ണമായും ഉള്ളതല്ലായിരുന്നുവെങ്കില്‍ കൂടി (കോണ്‍ഗ്രസിന്റെ
വോട്ടുവിഹിതം സീറ്റുവിഹിതത്തെക്കാള്‍ കുറവായിരുന്നു)സുസ്ഥിരമായ സര്‍ക്കാറുകള്‍
കാഴ്‌ച വയ്‌ക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ
വഴിത്തിരിവാണ്‌ 1967 എന്ന വര്‍ഷം. ലോക്‌സഭയിലേക്കും സംസ്ഥാനനിയമസഭകളിലേക്കും ഉള്ള
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ്‌ തോറ്റ്‌ തുന്നംപാടി. പ്രധാന സംസ്ഥാനങ്ങളിലെല്ലാം
പ്രതിപക്ഷപാര്‍ട്ടികളും കൂട്ടുമുന്നണികളും ഭരണത്തിലേറി. ഏറെ സംസ്ഥാനനിയമസഭകളില്‍
പാര്‍ട്ടിപ്രാതിനിധ്യത്തിന്റെ ഘടന മാറിപ്പോയി എന്നതാണ്‌ കോണ്‍ഗ്രസിനുണ്ടായ
തിരിച്ചടിയുടെ ഒരു പ്രത്യാഘാതം. ബഹുപാര്‍ട്ടിഭരണത്തിനും ചിതറിയ
നിയമനിര്‍മാണസഭകള്‍ക്കും വിജയം നേടുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കും
വഴിതെളിക്കുന്ന ചില പ്രവണതകളും ഉടലെടുത്തു. ചിതറിയ നിയമനിര്‍മാണസഭകള്‍ അസ്ഥിരവും
അയഞ്ഞതുമായ മുന്നണികള്‍ക്ക്‌ കാരണമായി. വലിയൊരു കൂട്ടത്തിനിടയില്‍ പൊതുവായൊരു
പ്രത്യയശാസ്‌ത്രമോ ലക്ഷ്യമോ നിലനിര്‍ത്തുകയെന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ.
സംസ്ഥാന നിയമനിര്‍മാണ സഭകള്‍ ചിതറപ്പെട്ടതാണെങ്കിലും ലോക്‌സഭാ തലം അപ്പോഴും
പ്രാതിനിധ്യസ്വഭാവം ഏറെക്കുറെ നിലനിര്‍ത്തുകയും സുസ്ഥിരമായ സര്‍ക്കാറുകള്‍
രൂപീകരിക്കപ്പെടുകയും ചെയ്‌തു. 1989ലാണ്‌ നിര്‍ണായകമായ മാറ്റം സംഭവിച്ചത്‌. ആ
വര്‍ഷം ഒരു പാര്‍ട്ടിക്കും ലോക്‌സഭാതലത്തില്‍ സ്വന്തം നിലയ്‌ക്ക്‌ സര്‍ക്കാര്‍
രൂപീകരിക്കാനായില്ല. ഇടതുമുന്നണിയുടെ സഹായത്തോടെ ജനതാദള്‍ നേതൃത്വം കൊടുത്ത ഒരു
കൂട്ടുമുന്നണിയാണ്‌ അധികാരത്തിലെത്തിയത്‌. ഈ സര്‍ക്കാര്‍ ഒരു വര്‍ഷമേ തികച്ചുള്ളൂ.
1991ലെ ലോക്‌സഭ ഇതിനെക്കാള്‍ ചിതറപ്പെട്ടതായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടി
ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയും 1993 ഡിസംബറില്‍ വിമതരുടെ സഹായം തേടി
ഭരണകാലാവധി തികയ്‌ക്കുകയും ചെയ്‌തു. ലോക്‌സഭ കൂടുതല്‍ കൂടുതല്‍ ചിതറപ്പെടുന്നതാണ്‌
വരുംവര്‍ഷങ്ങളില്‍ കണ്ടത്‌. നിയമനിര്‍മാണസഭയുടെ ഘടനയുടെ നല്ല സൂചകമായ
കൂട്ടുമുന്നണികളുടെ സ്വഭാവവും മാറിപ്പോയി. മുന്നണികളിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ
എണ്ണം അമ്പരപ്പിക്കുംവിധം വര്‍ധിച്ചു. 1999ല്‍ രൂപമെടുത്ത നാഷണല്‍ ഡെമോക്രാറ്റിക്‌
അലയന്‍സി(എന്‍ ഡി എ)ല്‍ 13 പാര്‍ട്ടികളുണ്ടായിരുന്നു. ഇപ്പോള്‍
ഭരിച്ചുകൊണ്ടിരിക്കുന്ന യുണൈറ്റഡ്‌ പ്രോഗ്രസീവ്‌ അലയന്‍സി(യു പി എ)ലും ഏതാണ്ട്‌
അത്രതന്നെ പാര്‍ട്ടികളുണ്ട്‌. രൂപമെടുത്ത സര്‍ക്കാറില്‍ നിന്ന്‌ ചില പാര്‍ട്ടികള്‍
വിട്ടുപോവുകയും മറ്റുചില പാര്‍ട്ടികള്‍ ഭരണത്തില്‍ പങ്കാളികളാകാന്‍
തിക്കിത്തിരക്കുകയും ചെയ്യുന്നു.
പൊതുജീവിതത്തില്‍ അഴിമതിയുടെ നിരക്ക്‌ അമ്പരപ്പിക്കുംവണ്ണം ഉയര്‍ന്നിട്ടുണ്ട്‌. ചില
രാഷ്‌ട്രീയക്കാരെയും ചില ചെറുപാര്‍ട്ടികളെത്തന്നെയും
വിലകൊടുത്തുവാങ്ങാമെന്നായിട്ടുണ്ട്‌. സ്ഥിരതയില്ലാത്ത മുന്നണിഭരണം സാമ്പത്തികമായ
നഷ്‌ടങ്ങളും ഉണ്ടാക്കിവയ്‌ക്കുന്നുണ്ട്‌. മുന്നണിയില്‍ ഉള്‍പ്പെട്ട ഓരോ
പാര്‍ട്ടിക്കും മന്ത്രിസ്ഥാനം നല്‍കി പ്രീണിപ്പിക്കേണ്ടിവരുന്നതുകൊണ്ട്‌
പടുകൂറ്റന്‍ മന്ത്രിസഭതന്നെ രൂപീകരിക്കപ്പെടുന്നു. മുന്നണിയിലെ അംഗങ്ങള്‍ക്കിടയില്‍
പ്രത്യയശാസ്‌ത്രപരമായ ഐക്യം കണ്ടെത്താന്‍ ആവില്ലെന്നതുകൊണ്ടുതന്നെ പ്രധാനപ്പെട്ട
തീരുമാനങ്ങള്‍ എടുക്കാനുമാവുന്നില്ല. പ്രാദേശികമായ താല്‍പര്യങ്ങള്‍
സംരക്ഷിച്ചുകൊണ്ടുള്ള വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയമാണ്‌ പ്രാദേശികപാര്‍ട്ടികളുടെ ഏക
അജണ്ട. ഇത്‌ വിവിധ നയവൈകല്യങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌.
സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന വിഭാഗീയതകള്‍ തന്നെയാണ്‌ ചിതറപ്പെട്ട നിയമനിര്‍മാണ
സഭകളിലും പ്രതിഫലിക്കുന്നത്‌. ജാതിയും മതവും വംശീയവിഭാഗീയതകളും കൂടുതല്‍ കൂടുതല്‍
മുന്‍തൂക്കം നേടിക്കൊണ്ടിരിക്കുന്നു. സങ്കുചിതതാല്‍പര്യങ്ങളുള്ള പുതിയ
പാര്‍ട്ടികള്‍ ജനകീയമാകുകയും ദേശീയപാര്‍ട്ടികളുടെ ചെലവില്‍ വളരുകയും ചെയ്യുന്നു.
ദേശീയ പാര്‍ട്ടികളുടെ വോട്ട്‌ വിഹിതവും സീറ്റ്‌ വിഹിതവും കാണെക്കാണെ
താഴ്‌ന്നുപോവുകയാണ്‌. സമീപഭാവിയില്‍ ഈ പ്രവണത രൂക്ഷമാവുകയേ ഉള്ളൂ.
സമൂഹത്തിലെ വിഭാഗീയത പരിഹരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും നിയമനിര്‍മാണസഭകളിലെ
ചിതറല്‍ അനുയോജ്യമായ തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.
നിയമനിര്‍മാണസഭയില്‍ സീറ്റ്‌ ലഭിക്കുന്നതിന്‌ ഇത്രശതമാനം വോട്ടുകള്‍ ഒരു രാഷ്‌ട്രീയ
പാര്‍ട്ടി നേടിയിരിക്കണമെന്ന്‌ മിക്ക രാജ്യങ്ങളിലും വ്യവസ്ഥകളുണ്ട്‌.
നെതര്‍ലന്റ്‌സില്‍ അത്‌ 0.67 ശതമാനമാണെങ്കില്‍ തുര്‍ക്കിയില്‍ അത്‌ 10 ശതമാനമാണ്‌.
ചെറിയ പാര്‍ട്ടികളെ നിയമനിര്‍മാണ സഭയില്‍നിന്ന്‌ ഒഴിവാക്കി പ്രാതിനിധ്യസ്വഭാവം
വര്‍ധിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ജനാധിപത്യത്തിന്റെ പ്രാതിനിധ്യസ്വഭാവം എന്ന
ആധാരശിലയ്‌ക്ക്‌ കടകവിരുദ്ധമാണ്‌ ചെറുപാര്‍ട്ടികളെ ഒഴിച്ചുനിര്‍ത്തല്‍ എന്നും
അഭിപ്രായമുയരുന്നുണ്ട്‌. എന്നാല്‍ സുശക്തവും സുസ്ഥിരവുമായ ഭരണത്തിന്‌ ഇത്തരം ചില
തന്ത്രങ്ങള്‍ ഉപയോഗിച്ചേ മതിയാകൂ.
ഏകാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ രീതികളുള്ള രാജ്യങ്ങളില്‍ ഇത്തരം വ്യവസ്ഥകള്‍ ഒന്നും
തന്നെയില്ല. ഇത്തരം വ്യവസ്ഥകള്‍ ഉപയോഗിക്കാതെതന്നെ ഒന്നോരണ്ടോ പാര്‍ട്ടികള്‍ക്ക്‌
ആവശ്യത്തിലധികം ഭൂരിപക്ഷം ലഭിക്കാറുണ്ട്‌. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇങ്ങനെ
സംഭവിക്കുന്നില്ല. വോട്ട്‌ശതമാനം തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കിയാലേ
സുസ്ഥിരഭരണം വിദൂരഭാവിയിലെങ്കിലും ഇന്ത്യയ്‌ക്ക്‌ സ്വപ്‌നം കാണാനാകൂ.
ലോക്‌സഭയുടെ ഘടനയില്‍ വന്ന മാറ്റങ്ങള്‍
ഇന്ത്യന്‍ രാഷ്‌ട്രീയകാലാവസ്ഥയില്‍ നിര്‍ണായകമായ മാറ്റത്തിന്‌ കളമൊരുക്കിയ
വര്‍ഷമാണ്‌ 1967. ഇരുപത്‌ രാഷ്‌ട്രീയ പാര്‍ട്ടികളാണ്‌ 1967ലെ പാര്‍ലിമെന്റില്‍ ഇടം
നേടിയത്‌. 1999ലും 2004ലും ഇത്‌ 38ഉം 37ഉം ആയിമാറി. ഇതില്‍ പല പാര്‍ട്ടികളും ഒന്നോ
രണ്ടോ അംഗങ്ങളുള്ള ഈര്‍ക്കിള്‍ പാര്‍ട്ടികളാണ്‌. മൂന്നിലൊന്ന്‌ പാര്‍ട്ടികള്‍ക്കും
പാര്‍ലിമെന്റില്‍ ഒരൊറ്റ പ്രതിനിധിയേയുള്ളൂ. പകുതി പാര്‍ട്ടികള്‍ക്ക്‌ അഞ്ചില്‍
താഴെ മാത്രമാണ്‌ പാര്‍ലിമെന്റിലെ അംഗബലം.
1967ല്‍ കോണ്‍ഗ്രസ്‌ 283 സീറ്റുകളോടെ 520 അംഗങ്ങളുള്ള പാര്‍ലിമെന്റില്‍
ഭൂരിപക്ഷപ്രാതിനിധ്യം നിലനിര്‍ത്തി. 44 സീറ്റുകള്‍ മാത്രമുള്ള സ്വതന്ത്രപാര്‍ട്ടി
ബഹുദൂരം പിന്നിലായിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ വിജയം തൂത്തുവാരി
എന്നതായിരുന്നു 1967ലെ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. 35ഓളം
സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ ആ വര്‍ഷം പാര്‍ലിമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നില്‍രണ്ട്‌ ഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ 1971ലെ
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നഷ്‌ടപ്പെട്ട ആധിപത്യം വീണ്ടെടുത്തു. 25 സീറ്റുകള്‍
മാത്രമുള്ള സി പി എമ്മായിരുന്നു രണ്ടാമത്തെ വലിയ പാര്‍ട്ടി. 1977ലും 1991ലും രണ്ട്‌
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സീറ്റുകളുടെ ഭൂരിഭാഗവും നേടിയെടുക്കാനായി.
1977ലെ ജനവിധിയെക്കാള്‍ ചിതറപ്പെട്ടതായിരുന്നു 1991ലെ ജനവിധി. 60 സീറ്റുകള്‍ മാത്രം
കൈമുതലായുള്ള ജനതാദള്‍ ഒരു മൂന്നാം ശക്തിയായി ഉയര്‍ന്നുവന്നതും 1977ലെയും 1991ലെയും
തെരഞ്ഞെടുപ്പുകളുടെ പരിണിതഫലമാണ്‌. പിന്നീട്‌ വലിയപാര്‍ട്ടികള്‍ മുന്നൂറില്‍താഴെ
സീറ്റുകളില്‍ ഒതുങ്ങുകയും പ്രാദേശികപിന്തുണയുള്ള ചെറുപാര്‍ട്ടികള്‍ പ്രധാന
കളിക്കാരായി രംഗത്തെത്തുകയും ചെയ്‌തു.
സുസ്ഥിരമായ സര്‍ക്കാറുകളുടെ രൂപീകരണത്തിന്‌ ഏറ്റവും വലിയ വിഘാതമാണ്‌
ചെറുപാര്‍ട്ടികളുടെ ആധിക്യം. എങ്കിലും 1971ല്‍ കോണ്‍ഗ്രസ്‌ സുസ്ഥിരഭരണം
കാഴ്‌ചവച്ചത്‌ 24 പാര്‍ട്ടികളുടെ സഹായത്തോടെയാണ്‌. അതുപോലെതന്നെ 2001ല്‍
ഇംഗ്ലണ്ടിലെ ഹൗസ്‌ ഓഫ്‌ കോമണ്‍സില്‍ പത്ത്‌ പാര്‍ട്ടികളുണ്ടായിരുന്നു. എന്നാല്‍
അതില്‍ ഏഴുപാര്‍ട്ടികള്‍ക്കും കൂടി 28 സീറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. അതിനര്‍ത്ഥം
ബാക്കിയുള്ള മൂന്ന്‌ വന്‍ പാര്‍ട്ടികള്‍ക്ക്‌ (ലേബര്‍, കണ്‍സര്‍വേറ്റീവ്‌, ലിബറല്‍)
ലഭിച്ച സീറ്റുകളാണ്‌ നിര്‍ണായകമായത്‌ എന്നര്‍ത്ഥം. സുസ്ഥിരഭരണം കാഴ്‌ചവയ്‌ക്കാന്‍
എത്ര പാര്‍ട്ടികള്‍ വരെയാകാമെന്നതിനെക്കുറിച്ച്‌ പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അതില്‍
ഒരു പഠനം പറയുന്നത്‌ 1967ല്‍ 3.16 പാര്‍ട്ടികള്‍ വരെയാകാം എന്നാണ്‌. ഇതിനര്‍ത്ഥം
1967മുതല്‍ ഇന്ത്യന്‍ ജനാധിപത്യം ചിതറിയ അവസ്ഥയിലാണ്‌ എന്നാണ്‌. അടുത്ത രണ്ട്‌
പൊതുതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും ജനാതാപാര്‍ട്ടിയും ആകെ സീറ്റുകളുടെ ഭൂരിപക്ഷം
നേടിയതുകൊണ്ട്‌ ഭരണത്തില്‍ ഉള്‍പ്പെടുത്താവുന്ന പാര്‍ട്ടികളുടെ എണ്ണം രണ്ടോ അതില്‍
താഴെയോ ആയി നിലനിര്‍ത്തപ്പെട്ടു. കഴിഞ്ഞ മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍
ഭരണത്തില്‍ ഉള്‍പ്പെടുത്താവുന്ന പാര്‍ട്ടികളുടെ എണ്ണം ആറിനോട്‌ അടുത്തത്‌
ശുഭസൂചകമല്ല.
കൂട്ടുമുന്നണികള്‍ ഏതെങ്കിലൊരു പൊതു അജണ്ടയുടെ കീഴിയാണ്‌ സംഘടിക്കുന്നതെന്നും
അതുകൊണ്ടുതന്നെ കൂട്ടുമുന്നണി ഭരണത്തെ പ്രാതിനിധ്യസ്വഭാവത്തിന്റെ ചിതറലായി
കാണണമെന്നില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്‌. എന്നാല്‍ ഈ അനുമാനം ഇന്ത്യയെ
സംബന്ധിച്ചിടത്തോളം അങ്ങേയറ്റം തെറ്റാണെന്ന്‌ പലവട്ടം തെളിയിക്കപ്പെട്ടുകഴിഞ്ഞു.
വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാനായി വിവിധ പാര്‍ട്ടികള്‍ സീറ്റ്‌ വീഭജനത്തിന്റെ
കാര്യത്തില്‍ യോജിപ്പില്‍ എത്തിച്ചേരുമെങ്കിലും തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ പൊതു
അജണ്ടകളെല്ലാം കാറ്റില്‍ പറത്തുകയാണ്‌ പതിവ്‌. യു പി എ സര്‍ക്കാറില്‍ നിന്ന്‌ 2006
സെപ്‌തംബറില്‍ തെലുങ്കാന രാഷ്‌ട്ര സമിതി പിരിഞ്ഞുപോയത്‌ ഇതിന്റെ ഏറ്റവും ഒടുവിലത്തെ
ഉദാഹരണമാണ്‌. 1998ല്‍ എന്‍ ഡി എ സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞത്‌ എ ഐ എ ഡി എം കെ
മുന്നണിയില്‍ നിന്ന്‌ വിട്ടുപോയതുകൊണ്ടാണ്‌. കൂട്ടുമുന്നണി ഭരണത്തിന്റെ ഏറ്റവും
വലിയ ശാപമാണ്‌ പാര്‍ട്ടികളുടെ ഈ കൊഴിഞ്ഞുപോക്ക്‌.
1991മുതല്‍ പ്രാതിനിധ്യസ്വഭാവത്തിന്റെ ചിതറല്‍ അതിരൂക്ഷമായി മാറി.
പ്രാദേശികപാര്‍ട്ടികളുടെ വളര്‍ച്ചയും ദേശീയപാര്‍ട്ടികളുടെ തളര്‍ച്ചയും ഇതിനു
കാരണമാണ്‌. ഒരു രാഷ്‌ട്രീയപാര്‍ട്ടി സംസ്ഥാനപാര്‍ട്ടിയായി
അംഗീകരിക്കപ്പെടണമെങ്കില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി രാഷ്‌ട്രീയപ്രവര്‍ത്തനം
നടത്തുകയും ആ സംസ്ഥാനത്തിന്റെ ലോക്‌സഭാസീറ്റുകളുടെ വിഹിതത്തിന്റെ
നാലുശതമാനമെങ്കിലും നേടുകയോ സംസ്ഥാന നിയമസഭയിലേക്ക്‌ 3.33 ശതമാനം അംഗങ്ങളെ
പറഞ്ഞയയ്‌ക്കുകയോ ചെയ്യുകയും വേണം. അല്ലെങ്കില്‍ ആ പാര്‍ട്ടി സംസ്ഥാന
തെരഞ്ഞെടുപ്പിലോ ദേശീയ തെരഞ്ഞെടുപ്പിലോ ആകെ രേഖപ്പെടുത്തുന്ന വോട്ടുകളുടെ
ആറുശതമാനത്തില്‍ കുറയാതെ നേടിയിരിക്കണം. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍
അംഗീകരിക്കപ്പെട്ട പാര്‍ട്ടിയെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ദേശീയപാര്‍ട്ടിയായി
പ്രഖ്യാപിക്കും.
1991 വരെ ലോക്‌സഭയില്‍ പത്തില്‍ഒമ്പത്‌ സീറ്റും ദേശീയ പാര്‍ട്ടികളാണ്‌
നേടിയിരുന്നത്‌. ദേശീയപാര്‍ട്ടികളുടെ വോട്ട്‌വിഹിതം 80 ശതമാനത്തിനടുത്തായിരുന്നു.
എന്നാല്‍ 1996ല്‍ ദേശീയപാര്‍ട്ടികളുടെ സീറ്റ്‌ വിഹിതം 74 ശതമാനമായി ചുരുങ്ങി.
കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളില്‍ ഇത്‌ വെറും 67 ശതമാനം മാത്രമായിരുന്നു. ദേശീയ
പാര്‍ട്ടികളുടെ ഈ നഷ്‌ടം സംസ്ഥാനപാര്‍ട്ടികളുടെ നേട്ടമായി. തെലുങ്കുദേശംപാര്‍ട്ടി,
ദ്രാവിഡ മുന്നേറ്റ കഴകം, ശിവസേന, സമാജ്‌വാദി പാര്‍ട്ടി, രാഷ്‌ട്രീയജനതാദള്‍
തുടങ്ങിയ പ്രാദേശികപാര്‍ട്ടികള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ കയറിക്കളിക്കാന്‍
തുടങ്ങിയതും ഇതേകാലത്തുതന്നെ. ഈ പാര്‍ട്ടികള്‍ അരങ്ങുവാണിരുന്ന സംസ്ഥാനങ്ങളാണ്‌
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളെന്നതും ദേശീയതലത്തില്‍ ഇവരെ ശക്തരാക്കി.
അംഗീകാരം ലഭിക്കാത്ത ഈര്‍ക്കിള്‍പാര്‍ട്ടികള്‍ക്ക്‌ കഴിഞ്ഞ
രണ്ടുതെരഞ്ഞെടുപ്പുകളില്‍ മൂന്നുശതമാനം സീറ്റുകള്‍ പിടിച്ചെടുക്കാനായിട്ടുണ്ട്‌.
ഭരണത്തിന്റെ ഉദാത്തമാതൃക സാധ്യമോ?
ലോക്‌സഭയില്‍ പ്രാതിനിധ്യംലഭിക്കുന്ന പാര്‍ട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌
ജനാധിപത്യത്തിന്റെ പ്രാതിനിധ്യസ്വഭാവമാണ്‌ ആക്രമിക്കപ്പെടുന്നത്‌.
നിയമനിര്‍മാണസഭകളുടെ ഘടനയില്‍ തന്നെയുണ്ടാകുന്ന ഈ ചിതറല്‍ തടയാനായി
രൂപീകരിക്കപ്പെടുന്ന ഏതൊരു തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരവും ലക്ഷ്യമിടുന്നത്‌
ഭരണത്തില്‍ പങ്കാളികളായ പാര്‍ട്ടികളുടെ എണ്ണം കുറയ്‌ക്കാനാണ്‌. ഭരണത്തില്‍
പങ്കാളികളാകാവുന്ന പാര്‍ട്ടികളുടെ `മാതൃകാപരമായ' എണ്ണം കണ്ടെത്താനായിട്ടുണ്ടോ?
കൂട്ടുമുന്നണി ഭരണത്തെക്കാള്‍ ഒറ്റപ്പാര്‍ട്ടി ഭരണമാണോ മികച്ചത്‌?
രാഷ്‌ട്രതന്ത്രവിദഗ്‌ധര്‍ പിന്താങ്ങുന്നത്‌ ഇരുപാര്‍ട്ടി ഭരണത്തെയാണ്‌.
സമ്മതിദായകര്‍ ഇടതെന്നും വലതെന്നും വിഭജിക്കപ്പെടുന്ന ഒരന്തരീക്ഷമാണത്‌.
തെരഞ്ഞെടുപ്പില്‍ രണ്ടുപാര്‍ട്ടികളേ മത്സരിക്കുന്നുള്ളൂ എങ്കില്‍ മത്സരം ഇടതും
വലതുമല്ലാതെ നില്‍ക്കുന്ന സമ്മതിദായകരുടെ പിന്തുണ നേടാനായിരിക്കും. രണ്ടു
പാര്‍ട്ടികളും ഇടതും വലതുമല്ലാതെ നില്‍ക്കുന്ന നയങ്ങളെ പിന്താങ്ങുകയും ചെയ്യും.
രണ്ട്‌ പാര്‍ട്ടികളില്‍ കൂടുതല്‍ മത്സരത്തിനുണ്ടെങ്കില്‍ ഇടതും വലതുമല്ലാത്ത
സമ്മതിദായകര്‍ക്കുവേണ്ടിയുള്ള മത്സരവുമുണ്ടാകില്ല.
എന്നാല്‍ ഇന്ത്യയില്‍ ഇടതും വലതുമായുള്ള ഈ വിഭജനം അസാധ്യമാണ്‌. ജാതിയും മതവും
സാംസ്‌കാരികവ്യത്യാസങ്ങളും വംശീയ വ്യത്യാസങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍
സ്ഥിതിഗതികള്‍ അതീവസങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്‌.
രണ്ടു പാര്‍ട്ടികള്‍
തമ്മില്‍ മത്സരം നടക്കുമ്പോള്‍ അതിനര്‍ത്ഥം ഒരൊറ്റ പാര്‍ട്ടി സര്‍ക്കാര്‍
രൂപീകരിക്കുമെന്നാണ്‌. സര്‍ക്കാര്‍ ഒന്നടങ്കം പാര്‍ലമെന്റിനോടും അതുവഴി
സമ്മതിദായകരോടും ഉത്തരം പറയേണ്ടവരാണെന്നിരിക്കെ ഒറ്റപാര്‍ട്ടി ഭരണം സുസ്ഥിരതയും
സുതാര്യതയും ഉറപ്പുവരുത്തുമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. നല്ല നയങ്ങളെ
പ്രോത്സാഹിപ്പിക്കാനും തെറ്റായ നയങ്ങളെ ശിക്ഷിക്കാനും സമ്മതിദായകര്‍ക്ക്‌
കഴിയണമെങ്കില്‍ ആ നയങ്ങള്‍ രൂപീകരിച്ചത്‌ ഏത്‌ പാര്‍ട്ടിയാണെന്ന്‌ അവര്‍
അറിഞ്ഞിരിക്കണമല്ലോ. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍
തങ്ങള്‍ക്ക്‌ ഭരണം നഷ്‌ടപ്പെട്ടേയ്‌ക്കുമോ എന്ന ഭീതിമൂലം കഴിയാവുന്നത്ര ശരിയായ
രീതിയില്‍ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യും. പ്രാദേശിക പാര്‍ട്ടികളും അവയുടെ
ബഹുവിധ അജണ്ടകളും ദേശീയരാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരുമ്പോള്‍ സമ്മതിദായകരുടെ
സ്വഭാവം പ്രവചിക്കാനുള്ള പാര്‍ട്ടികളുടെ കഴിവാണ്‌ അട്ടിമറിക്കപ്പെടുന്നത്‌.
ഒറ്റപാര്‍ട്ടി ഭരണത്തിന്റെ ദോഷങ്ങളും നമുക്കറിയാത്തതല്ല. ഭൂരിപക്ഷത്തിന്റെ
ഏകാധിപത്യം അടിച്ചേല്‍പ്പിക്കപ്പെടുമെന്നതാണ്‌ ഏറ്റവും വലിയ അപകടം.
ന്യൂനപക്ഷാവകാശങ്ങള്‍ അവഗണിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യും.
അധികാരദുഷ്‌പ്രഭുത്വം പുറത്തുവരുന്നതും ഒറ്റപാര്‍ട്ടി ഭരണത്തില്‍ തന്നെ.
ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ കൂട്ടുമുന്നണി ഭരണം അല്ലെന്നോര്‍ക്കണം.
സമവായത്തിലൂടെയുള്ള ജനാധിപത്യം എന്ന തത്വത്തിന്റെ ആരാധകരും ഏറെയുണ്ട്‌.
ദേശീയതലത്തിലുള്ള നയങ്ങള്‍ ചര്‍ച്ച ചെയ്‌തും സമവായത്തിലെത്തിയും രൂപീകരിക്കണമെന്നും
പ്രാദേശികമായ രാഷ്‌ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ദേശീയതലത്തില്‍
പ്രതിഫലിക്കണമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന, ദേശീയ
പാര്‍ട്ടികളായി അംഗീകരിക്കപ്പെടാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍
മുന്നോട്ടുവച്ചിട്ടുള്ള വ്യവസ്ഥകള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും എല്ലാ
പാര്‍ട്ടികളെയും അംഗീകരിക്കണമെന്നും വാദമുയരുന്നുണ്ട്‌. രാജ്യത്തിന്റെ സാമൂഹികവും
രാഷ്‌ട്രീയവുമായ നാനാത്വം ബഹുപാര്‍ട്ടി ഭരണത്തിലൂടെയാണ്‌ പ്രതിഫലിക്കേണ്ടത്‌.
ഉദാഹരണത്തിന്‌ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ബി ജെ പി സര്‍ക്കാരിന്‌ നടപ്പിലാക്കാന്‍
കഴിയാതിരുന്നത്‌ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ എതിര്‍ത്തതുകൊണ്ടാണ്‌. ഒരു ദേശീയ
പാര്‍ട്ടിയുടെ അജണ്ട അതേപടി രാജ്യത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കണമെങ്കില്‍
പ്രാദേശികപാര്‍ട്ടികളുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ കൂടിയേ തീരൂഎന്നര്‍ത്ഥം.
അതുകൊണ്ടുതന്നെ കൂട്ടുമുന്നണി സര്‍ക്കാരാണോ ഒറ്റപ്പാര്‍ട്ടി സര്‍ക്കാരാണോ കൂടുതല്‍
നല്ലത്‌ എന്ന ചര്‍ച്ചയെക്കാള്‍ പ്രധാനം രണ്ടുതരം സര്‍ക്കാറിനെയും അതാതിന്റെ
ദോഷങ്ങളില്‍ നിന്ന്‌ എങ്ങനെ രക്ഷിക്കാമെന്നതാണ്‌.
കൂട്ടുമുന്നണി സര്‍ക്കാറുകള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നതും
ചര്‍ച്ചയര്‍ഹിക്കുന്ന കാര്യമാണ്‌. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള
ഇറ്റാലിയന്‍സര്‍ക്കാറുകളുടെ ശരാശരി കാലാവധി ഒരു വര്‍ഷമാണ്‌. എന്നാല്‍ പടിഞ്ഞാറന്‍
യൂറോപ്പിലെ കൂട്ടുമുന്നണികള്‍ അതിലധികം കാലം നിലനിന്നിട്ടുമുണ്ട്‌. ഇന്ത്യയിലും
മുന്നണി ഭരണം ഇത്തരത്തില്‍ തന്നെ. വെസ്റ്റ്‌ ബംഗാളില്‍ ഇടതുമുന്നണിഭരണം ദശകങ്ങളായി
നിലനില്‍ക്കുന്നു. എന്നാല്‍ മറ്റ്‌ പല സംസ്ഥാനങ്ങളിലും മുന്നണിഭരണം ചീട്ടുകൊട്ടാരം
പോലെ തകര്‍ന്നുവീണിട്ടുമുണ്ട്‌. 1989ലെയും 1998ലെയും ദേശീയസര്‍ക്കാറുകള്‍ വളരെ
കുറച്ചുകാലം മാത്രമാണ്‌ നിലനിന്നത്‌. 1999ലെയും 2004ലെയും സര്‍ക്കാറുകള്‍ കാലാവധി
തികയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ പാര്‍ട്ടികളുടെ എണ്ണം കൂടുന്തോറും മുന്നണി ഭരണം
നിലനില്‍ക്കുന്ന കാലാവധി കുറയുമെന്നു തന്നെയാണ്‌ അനുഭവം.
ചെറിയ കാലയളവ്‌ മാത്രം നിലനില്‍ക്കുന്ന മുന്നണി സര്‍ക്കാറുകള്‍ തെറ്റായ നയങ്ങള്‍
രൂപീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. വളരെകുറഞ്ഞ കാലമേ തങ്ങള്‍
ഭരണത്തിലുണ്ടാകൂ എന്ന തോന്നല്‍ ധൃതിപിടിട്ടുള്ള തീരുമാനങ്ങള്‍ക്ക്‌ കാരണമാകും.
സാമ്പത്തികമായ നയങ്ങളിലാണ്‌ ഇത്‌ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക.
മുന്നണിക്കുള്ളില്‍ അതാത്‌ കാലങ്ങളില്‍ ശക്തരാകുന്ന സംഘങ്ങള്‍ തങ്ങളുടെ സങ്കുചിത
താല്‍പര്യങ്ങള്‍ക്കുവേണ്ടി ദേശീയ നയങ്ങള്‍ വളച്ചൊടിയ്‌ക്കും. എല്ലാവരെയും
പ്രീണിപ്പിക്കണമെന്നുള്ളതുകൊണ്ട്‌ ദീര്‍ഘവീക്ഷണത്തോടെ നയങ്ങള്‍
രൂപീകരിക്കാനുമാവില്ല. സ്വന്തം വോട്ടുബാങ്കുകള്‍ നിലനിര്‍ത്തണമെന്നതില്‍ കവിഞ്ഞ്‌
പ്രത്യേകിച്ച്‌ ഒരു പ്രത്യയശാസ്‌ത്രവും പ്രാദേശികപാര്‍ട്ടികള്‍ക്ക്‌
ഉണ്ടാകാറില്ലെന്നതാണ്‌ സത്യം.
മുന്നണി ഭരണത്തിന്റെ ഇത്തരം ദോഷങ്ങള്‍ രാജ്യത്തെ ഒട്ടാകെ ബാധിക്കുന്നവയാണ്‌. ഇന്ത്യ
സാമ്പത്തികമായി പ്രശ്‌നങ്ങളില്‍ അകപ്പെടുന്നത്‌ മുന്നണിഭരണത്തിന്റെ കാലത്താണെന്ന്‌
വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ മുന്നണിഭരണത്തില്‍ പങ്കാളികളാകുന്ന
പാര്‍ട്ടികളുടെ എണ്ണം കൃത്രിമമായി കുറയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങള്‍
കൊണ്ടുവരുന്നത്‌ ആശാസ്യവുമല്ല. ദേശീയപാര്‍ട്ടികള്‍ അവയുടെ ആധിപത്യം വീണ്ടെടുക്കുന്ന
ഒരുകാലം അത്ര പെട്ടെന്നൊന്നും തിരിച്ചുവരുമെന്ന്‌ പ്രത്യാശിക്കാനും വയ്യ. എങ്കിലും
പാര്‍ട്ടികളുടെ ആധിക്യം നിയന്ത്രിക്കുന്ന എന്തെങ്കിലും ചില നിയമങ്ങള്‍
സമ്മതിദായകരുടെ അനുവാദത്തോടെ നടപ്പിലാക്കേണ്ടതുണ്ട്‌. ഇന്നത്തെ ഇന്ത്യന്‍രാഷ്‌ട്രീയ
സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ദോഷത്തെക്കാള്‍ കൂടുതല്‍ ഗുണങ്ങളുണ്ടാക്കും, തീര്‍ച്ച. back to top

Bookmark and Share

No comments: