Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

പ്രവാസികളുടെ നാളെ

രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ അഞ്ചു ശതമാനം സ്വദേശികള്‍ ഉണ്ടായിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇന്നു അത് 44 ശതമാനത്തോളമാണ്. സമീപ ഭാവിയില്‍ അത് 75% ആക്കി ഉയര്‍ത്താന്‍ അതതു രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. മിടുക്കരായ സ്വദേശികള്‍ വിദ്യാഭ്യാസവും കഴിവും നേടി ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോള്‍ ഇതു തികച്ചും സ്വാഭാവികം മാത്രമാണ്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കരില്‍ അധികവും തൊഴില്‍ പരിചയം പോലും ആവശ്യമില്ലാത്ത നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ആണെങ്കില്‍ ഇവിടെയുള്ള ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍, വിവര സാങ്കേതികമേഖലയിലെ വിദഗ്‌ദ്ധരുടെ എണ്ണം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണെന്നത് ശ്രദ്ധേയമായ സത്യമാണ്.

ഇപ്പോള്‍ തന്നെ കമ്പനി മെധാവികള്‍.P.R.O, IT.വിദഗ്‌ദ്ധര്‍ ഒക്കെ ഏകദേശം മുഴുവനായും സ്വദേശികള്‍ക്കും മറ്റു ജി.സി.സി പൗരന്‍‌മാര്‍ക്കുമായി സംഭരണം ചെയ്‌തിരിക്കുകയാണ്. ഇനിയുള്ള കാലങ്ങളില്‍ വിദേശികള്‍ക്ക് പിടിച്ചു നില്‍‌ക്കാനാവുന്നത് സ്വദേശിവത്‌കരണം കടന്നുവന്നിട്ടില്ലാത്ത ചില അവിദഗ്‌ദ്ധ മെഖലകളില്‍ മാത്രമാണ്.

പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ലാത്ത അവിദഗ്‌ദ്ധ മേഖലയിലേക്കാണെങ്കിലും ഗള്‍ഫിലേക്ക് തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ ഏറിയ പങ്കും നല്ല വിദ്യാഭ്യാസവും ബിരുദവും ഉള്ളവരാണെന്നതാണ് സത്യം. ഏതൊരു രാജ്യത്തും കഴിവും വിദ്യാഭ്യാസവുമുള്ള പൗരന്മാര്‍ ആ രാജ്യത്തിന്റെ മൂലധനമായി കണക്കാക്കുമ്പോള്‍, സാക്ഷരതില്‍ വളരെ മുന്നില്‍ നില്‍‌ക്കുന്ന നമ്മുടെ കേരളത്തില്‍ ബിരുദധാരികള്‍ ഒരു ബാധ്യതയായി മാറുന്ന ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ഏതു ജോലിക്കായും അവര്‍ ഇറങ്ങി പുറപ്പെടും.

ഇവിടെ എത്തിയാലോ, ജാള്യത കൊണ്ടോ പ്രിയപ്പെട്ടവരെ കൂടി വിഷമിപ്പിക്കേണ്ടെന്നു കരുതിയാണോ ആവോ, അത്തരക്കാര്‍ ഇവിടുത്തെ അവരുടെ വരുമാനമോ ജീവിത പ്രശ്‌നങ്ങളോ ആരെയും അറിയിക്കാതെ, നന്നായി ആഹാരം പോലും കഴിക്കതെ, നാളയെ കുറിച്ചു ചിന്തിക്കാതെ, ശമ്പളം മുഴുവനായും നാട്ടിലേക്കയക്കും. നാട്ടിലുള്ളവര്‍ 'ഗള്‍ഫ് സ്‌റ്റാറ്റസ് ' കാണിക്കാന്‍ ആര്‍ഭാടമായി തന്നെ നടക്കുമ്പോള്‍, പലര്‍‌ക്കും വെളിച്ചം പകരാന്‍ സ്വയം ഉരുകി തീരുന്ന ഒരു മെഴുകുതിരിയായി മാറുന്നു സാധാരണ ഗള്‍ഫുകാരന്‍.

ഗള്‍ഫിലെ കാലാവസ്ഥാവ്യതിയാനം പോലെ തികച്ചും അപ്രതീക്ഷിതമായി തന്നെ ഇവിടുത്തെ തൊഴില്‍ നിയമങ്ങളും മാറ്റങ്ങള്‍ വന്നേക്കാം. ഇന്നല്ലെങ്കില്‍ നാളെ ഈ പോറ്റമ്മനാടിന്റെ മടിയില്‍ നിന്നും മാതൃരാജ്യത്തേക്ക് സ്ഥിരമായ പറിച്ചു നടല്‍ അനിവാര്യമെന്നു സാരം. നീണ്ട പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രമെന്നോണം തളര്‍ന്ന ശരീരവും മനസുമായി ശിഷ്‌ടജീവിതം കുടുമ്പത്തോടൊപ്പം കഴിയാന്‍ നാട്ടിലേക്ക് പോയി ഒന്നും ആവതെ, ഒന്നിനും ആവാത തളരുന്ന പലരെയും നമ്മുക്ക് ചുറ്റും കണ്ടെത്താനാവും.

നാട്ടിലെ ഏതു ജോലിക്കും തൊഴില്‍ സുരക്ഷയും ക്ഷേമനിധി, പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ഉള്ളപ്പോള്‍ നീണ്ട തൊഴില്‍ കാലയളവിനു ശേഷം ഒരു പ്രവാസി നാട്ടില്‍ വിമാനമിറങ്ങുന്നത് ഒരു വലിയ വട്ടപൂജ്യനായിട്ടാവും.

പ്രവാസികളുടെ വിരലില്‍ എണ്ണാവുന്ന ആവശ്യങ്ങള്‍ സാധിച്ചു തന്നു പോയാല്‍ പിന്നെ മാറി മാറി ഈ ഐശ്വര്യ ഭൂമിയില്‍ വന്നിറങ്ങി ഇവിടുത്തെ ലക്‌ഷ്വറി ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് കോണ്ടീനെന്റല്‍ ഭക്ഷണവും കഴിച്ച് പ്രവാസികള്‍ക്കായി വീണ്ടും വഗ്‌ദാനങ്ങള്‍ തരാനും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാനും പറ്റാത്തിടത്തോളം നമ്മുടെ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ഇതിനൊരു പരിഹാരം ഒരിക്കലും പ്രതീക്ഷിക്കേണ്ട.

അതിനാല്‍ ഒരോരുത്തരുടേയും ഭാവി സ്വയം സുരക്ഷിതമാക്കുക.
അതിനായി....

ഇവിടുത്തെ ജോലിയെ കുറിച്ചും വരുമാനത്തെ കുറിച്ചും വ്യക്തമായ ഒരു ചിത്രം നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കു നല്‍‌കുക.

അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നതു തന്നെ ഒരര്‍ത്ഥത്തില്‍ സമ്പാദിക്കലാണ്. അതിനാല്‍ നമ്മുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്ന ചെലവു മാത്രം നടത്തുക.

താന്‍ ഇവിടെ കഷ്‌ടപ്പെടുന്നത് കൊണ്ട് തന്റെ ബന്ധുക്കള്‍ സന്തോഷിക്കട്ടെ എന്നു കരുതുന്ന എത്രപേര്‍ക്ക് ഉറപ്പ് പറയാനാകും താന്‍ തിരികെ ചെന്നു കഴിഞ്ഞാലും ഇതേ നിലവാരത്തില്‍ തുടര്‍ന്നും ജീവിക്കാനാവുമെന്ന്..?

പൊതുവേ ഇന്ത്യക്കരോടും പ്രത്യേകിച്ചു മലയാളികളോടും ഇവിടുത്തെ സ്വദേശികള്‍ക്കുള്ള മമത കളഞ്ഞു കുളിക്കുന്നതരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍‌ക്കുക.

തൊഴില്‍ തരുന്ന നാട്ടിലെ സംസ്‌കാരവും ആചാരവും നിയമങ്ങളും ചട്ടങ്ങളും ഒക്കെ അനുസരിച്ചും ബഹുമാനിച്ചും ജീവിക്കുക.

ചെയ്യുന്ന ജോലിയില്‍ കഴിവു തെളിയിക്കുന്നതോടൊപ്പം വ്യക്തമായ ഒരു ലക്ഷ്യബോധത്തോടെ അതിലേക്കുള്ള ആത്മാര്‍‌ത്ഥ പരിശ്രമത്തിലൂടെ, പുതിയ വിഷയങ്ങള്‍, സാങ്കേതികമായ അറിവുകള്‍ ഒക്കെ പഠിച്ചെടുക്കുകയും നല്ല പെരുമാറ്റത്തിലൂടെയും നമ്മുക്കു മുന്നില്‍ വരുന്ന മെച്ചപ്പെട്ട അവസരങ്ങള്‍ നമ്മുടേതാക്കി മാറ്റുക.

അതല്ലെങ്കില്‍, കറവതീരുമ്പോള്‍ ഇറച്ചിക്കാരനു കൊടുക്കുന്ന അറവമാടായി അത്തരം പ്രവാസി സ്വയം മാറും തീര്‍ച്ച...! back to top

Bookmark and Share

No comments: