പിണറായി വിജയന്റെ ഇന്റര്‍നെറ്റ് വീട് അതിന്റെ യഥാര്‍ഥ ഉടമ തിരിച്ചറിഞ്ഞ് അവകാശം സ്ഥാപിച്ചതു നന്നായി. കാണുന്നതും കേള്‍ക്കുന്നതും അപ്പാടെ വിശ്വസിക്കുന്ന ചില നിര്‍ദോഷികളുണ്ട്. അവരുടെ അദ്ഭുതവും രോഷപ്രകടനവും ആരംഭത്തില്‍ത്തന്നെ അവസാനിപ്പിക്കുന്നതിന് പ്രമോഷിന്റെ വെളിപ്പെടുത്തല്‍ സഹായകമാകണം. മോര്‍ഫിങ് തുടങ്ങിയ സാങ്കേതികവിദ്യകളെക്കുറിച്ച് വലിയ നിശ്ചയമില്ലാത്ത ആരോ ആയിരിക്കണം ഇന്റര്‍നെറ്റിലെ മാറാട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് അപവാദപ്രചാരണത്തിന്റെ കാറ്റഴിച്ചുവിടുന്നതിന് കാര്യമായ വിശദീകരണത്തിന്റെ ആവശ്യമുണ്ടായില്ല.
ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്ന സമൂഹം തങ്ങള്‍ക്കു സ്വന്തമായി ലഭിച്ച ഇലക്ട്രോണിക് മാധ്യമത്തെ എപ്രകാരം ദുരുപയോഗം ചെയ്യുന്നു എന്നതിന് ഇന്റര്‍നെറ്റില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. കുന്നംകുളത്തെ വീട് അവയിലൊന്നാണ്. സൈബറിടത്തില്‍ ആര്‍ക്കും ആരെയും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന ധാരണയിലാണ് പലരുടെയും വിളയാട്ടം. സര്‍വതന്ത്രസ്വതന്ത്രമായ വിവരവാഹിനിയായി ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കണമെന്നാണ് ജനാധിപത്യവാദികളും സ്വാതന്ത്യ്രപ്രേമികളും ആഗ്രഹിക്കുന്നത്. ഇപ്രകാരം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ഇന്റര്‍നെറ്റിന്റെ ദുരുപയോഗം ലോകവ്യാപകമായി കാണപ്പെടുന്നത്.
അപകീര്‍ത്തിയെ സംബന്ധിച്ച് പത്രത്തിനും ടെലിവിഷനും ബാധകമായ നിയമങ്ങള്‍ ഇന്റര്‍നെറ്റിനും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്കും ബാധകമാണ്. ഈ അറിവോടെയാവില്ല മൂത്രപ്പുരയിലും ലിഫ്റ്റിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന വാര്‍ത്താപ്രചാരകര്‍ ഇന്ന് ഇന്റര്‍നെറ്റിലേക്ക് കുടിയേറിയിരിക്കുന്നത്. ആളെ തിരിച്ചറിയാന്‍ പ്രയാസമില്ലാത്തതിനാല്‍ നിയമനടപടികള്‍ സാധ്യമാണ്. ഇന്റര്‍നെറ്റിന്റെ വികാസത്തിനൊപ്പം സൈബര്‍ നിയമങ്ങളും വികസ്വരമായിക്കൊണ്ടിരിക്കുന്നു.
അപകീര്‍ത്തിയെന്നത് കാലക്രമത്തില്‍ അര്‍ഥാന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കമ്യൂണിസ്റ്റ് എന്ന വിളി ഒരു കാലത്ത് അമേരിക്കയില്‍ അപകീര്‍ത്തിക്ക് കാരണമായിരുന്നു. കേരളത്തിലും അങ്ങനെയൊരു കാലമുണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല. എന്നാല്‍ അപകീര്‍ത്തി സംബന്ധിച്ച അടിസ്ഥാനനിയമത്തില്‍ മാറ്റമുണ്ടായിട്ടില്ല.
ലോസ് ആഞ്ചലസിലെ ഫാഷന്‍ ഡിസൈനറുമായി ഇടഞ്ഞ കോര്‍ട്നി ലവ് ദേഷ്യം തീര്‍ത്തത് ട്വിറ്ററിലൂടെയായിരുന്നു. നുണയന്‍, കള്ളന്‍ എന്നിങ്ങനെയുള്ള പദങ്ങളാണ് ഡിസൈനര്‍ക്കെതിരെ ഗായികയായ ലവ് ഉപയോഗിച്ചത്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം തേടിക്കൊണ്ടുള്ള ഡിസൈനറുടെ വ്യവഹാരത്തെ ലവ് നേരിടുന്നത്.
ബ്രയന്‍ ഫ്രീഡ്മന്‍ ആണ് ഡിസൈനറുടെ അഭിഭാഷകന്‍. ഇദ്ദേഹം തന്നെയാണ് പെരെസ് ഹില്‍ട്ടണു വേണ്ടിയും നിയമോപദേശം നല്‍കുന്നത്. ആദ്യത്തെ കേസില്‍ വാദിക്കു വേണ്ടിയും രണ്ടാമത്തെ കേസില്‍ പ്രതിക്കു വേണ്ടിയും എന്ന വ്യത്യാസമുണ്ട്. പ്രസിദ്ധരായവരെ വിഷമിപ്പിക്കുന്ന അപവാദങ്ങള്‍ ബ്ലോഗില്‍ സ്ഥിരമായി പതിക്കുന്ന വ്യക്തിയാണ് പെരെസ് ഹില്‍ട്ടണ്‍. ഡെമി മൂര്‍ ആണ് ഹില്‍ട്ടണെതിരെ പോരിനിറങ്ങിയിരിക്കുന്നത്. മൂറിന്റെ പതിനഞ്ചു വയസ്സുകാരിയായ മകള്‍ ഇറക്കി വെട്ടിയ ബ്ലൌസ് ധരിച്ചു നില്‍ക്കുന്ന ചിത്രം പെരെസ് ഹില്‍ട്ടണ്‍ തന്റെ വെബ്സൈറ്റില്‍ പതിച്ചതോടെയാണ് പോര് തുടങ്ങിയത്. ട്വിറ്ററിലാണ് ഇരുവരുടെയും ആക്രമണപ്രത്യാക്രമണങ്ങള്‍. മകളെ നേരേ ചൊവ്വേ വളര്‍ത്താനറിയാത്ത അമ്മയായി മൂര്‍ ചിത്രീകരിക്കപ്പെട്ടു. പ്രശ്നം കോടതിയിലെത്തിയിട്ടില്ല.
സാവധാനത്തിലാണെങ്കിലും ഇന്റര്‍നെറ്റ് അപരാധങ്ങള്‍ ജുഡീഷ്യറിയുടെ പരിശോധനക്ക് വിധേയമായിത്തുടങ്ങിയിട്ടുണ്ട്. പത്രത്തിലെന്നപോലെ ഇന്റര്‍നെറ്റിലും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അന്യര്‍ ശ്രദ്ധിക്കത്തക്കവിധം പ്രസിദ്ധപ്പെടുത്തുമ്പോഴാണ് കുറ്റമാകുന്നത്. മാനനഷ്ടക്കേസിനു വിഷയമായ പത്രലേഖനം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലണ്ടനിലെ 'ദ് ടൈംസി'ന് അത് പിന്‍വലിക്കുകയും സൈറ്റില്‍ അക്കാര്യം പറയുകയും ചെയ്യേണ്ടിവന്നു. അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തെ അടിസ്ഥാനമാക്കി ഈ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്നാണ് യൂറോപ്യന്‍ മനുഷ്യാവകാശകോടതി വിധിച്ചത്.
വെബ്സൈറ്റെന്നാല്‍ സംരക്ഷിതമേഖലയാണെന്നും അവിടെ തടസ്സമില്ലാത്ത സ്വതന്ത്രവിഹാരം സാധ്യമാണെന്നുമുള്ള പൊതുധാരണ തെറ്റാണ്. ഓരോ വഴി തുറക്കുമ്പോഴും അത് അടയ്ക്കുന്നതിനുള്ള വിദ്യയും കണ്ടുപിടിക്കപ്പെടുന്നുണ്ട്. ചൈനയില്‍ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തിന് ഗ്രീന്‍ ഡാം എന്നാണ് പേരിട്ടത്. ഇന്റര്‍നെറ്റിലൂടെയുള്ള പ്രവാഹത്തെ വേണ്ടിടങ്ങളില്‍ തടയുന്നതിനുള്ള ഡാം തന്നെയാണിത്. എന്നാലിതിനെ അനാവശ്യമായ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പായി യൂറോപ്യന്‍ യൂനിയന്‍ വ്യാഖ്യാനിച്ചു. ഗ്രീന്‍ ഡാം പദ്ധതി ചൈന തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
നാല്‍പത് വര്‍ഷം മുമ്പ് ഇന്റര്‍നെറ്റ് കണ്ടുപിടിച്ചപ്പോഴോ പിന്നീട് ടിം ബെര്‍ണേഴ്സ്^ലീ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ വേള്‍ഡ് വൈഡ് വെബ് എന്ന സംവിധാനം കണ്ടുപിടിച്ചപ്പോഴോ ഭാവനയില്‍ കാണാതിരുന്ന അപകടങ്ങളാണ് ഇന്ന് ലോകം നേരിടുന്നത്. ഗുട്ടന്‍ബര്‍ഗിനുശേഷം ലോകത്ത് വിപ്ലവകരമായ പരിവര്‍ത്തനത്തിനു കാരണമായ തന്റെ കണ്ടുപിടിത്തത്തെ സാമ്പത്തികനേട്ടത്തിനുവേണ്ടി സര്‍ ടിം ഉപയോഗിച്ചില്ല. അതിരുകളില്ലാത്ത സ്വാതന്ത്യ്രത്തിന്റെ നീലാകാശമാണ് മനുഷ്യന് തുറന്നുകിട്ടിയത്. രൂപരഹിതവും സന്ദിഗ്ധവുമായ സൈബര്‍സ്പേസിന് ക്രമവും വ്യക്തതയുമുണ്ടായി. ഉരുണ്ടതെന്ന് കണ്ടെത്തപ്പെട്ട ഭൂമി വീണ്ടും പരന്നതായി. ഇരുമ്പുമറയുടെയും മുളമറയുടെയും ഇരുണ്ട കാലങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന പ്രതീക്ഷയുണ്ടായി.
പക്ഷേ, ഐന്‍സ്റ്റീനിനെപ്പോലെ സൈബര്‍ ഉപജ്ഞാതാക്കളും ഇന്ന് ദുഃഖിതരാണ്. പുതിയ സൈബീരിയകള്‍ തുറക്കപ്പെടുന്നു. സൈബറിടത്തില്‍ വ്യക്തിയുടെ സ്വകാര്യതയും കീര്‍ത്തിയും നഷ്ടപ്പെടുന്നു. ശരിക്കൊപ്പം തെറ്റിനും അവിടെ ഇടമുണ്ട്. പിണറായി വിജയനെതിരെയുണ്ടായ സൈബര്‍ ആക്രമണം യഥാസമയം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. അതേസമയം, അനേകര്‍ അപമാനിതരും നിസ്സഹായരുമായി നിശബ്ദതയില്‍ വേദനിക്കുന്നുണ്ട്.
വ്യക്തികള്‍ക്കുണ്ടാകുന്ന ക്ഷതത്തേക്കാള്‍ വലുതാണ് ലോകം നേരിടുന്ന വിപത്ത്. അടുത്ത ലോകയുദ്ധമുണ്ടായാല്‍ പ്രയോഗിക്കപ്പെടുന്ന ആയുധങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് രണ്ടാം ലോകയുദ്ധശേഷം ഐന്‍സ്റ്റീന്‍ പ്രവചിച്ചു. ആണവായുധങ്ങള്‍ക്കു പകരം രാജ്യങ്ങളുടെ ആവനാഴിയില്‍ കരുതപ്പെടുന്നത് സൈബര്‍ ആയുധങ്ങളാണ്. സൈബര്‍യുദ്ധത്തില്‍ ലോകം നിശ്ചലമാവുകയും ജീവിതം അസാധ്യമാവുകയും ചെയ്യും. ഇനി ഇവിടെയാണ് നിരായുധീകരണം ആവശ്യമാകുന്നത്.
വെബ്ബിലും ഇന്റര്‍നെറ്റിലും നടക്കുന്ന ഗുണ്ടാ ആക്രമണങ്ങള്‍ ഫലപ്രദമായി തടയണം. ഓരോ വൃത്തികേടും അതങ്ങനെയാണെന്നറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളും ഇന്റര്‍നെറ്റിലുണ്ട്. അവരുടെ സേവനം സൌജന്യമാണ്. ടോയ്ലറ്റിലെ ചുവരെഴുത്തുകള്‍ നല്‍കുന്ന കൌമാരനിര്‍വൃതിക്കപ്പുറം ഒട്ടും ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നില്ല. പക്ഷേ, വിലക്കപ്പെട്ട ഇടങ്ങളിലെ അന്യായമായ കളിയാട്ടം സ്വാതന്ത്യ്രത്തിന്റെ സ്വര്‍ഗത്തില്‍നിന്നുള്ള ബഹിഷ്കരണത്തിനു കാരണമാകുമെന്ന് അവരറിയുന്നില്ല. back to top
ഇന്റെര്‍നെറ്റിലെ കുപ്രജരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment