ഈജിപ്തിലെ ആത്മീയനേതാവായിരുന്ന മഹാനായ ശൈഖ് ദുആനുല്‍ മിസ്‌രി ആത്മജ്ഞ്ഞാനികളില്‍ ലോക പ്രസിദ്ധനായിരുന്നു. ഒരു ഹജ്ജ് വേളയില്‍ അദ്ദേഹം അറഫാ മൈതാനിയില്‍ നില്‍ക്കുകയാണ്. അവിടെ ജനസമുദ്രം അലയടിക്കുന്നു. നാനാ വേഷക്കാരും ഭാഷക്കാരുമൊക്കെ ഇവിടെ ഒരേ വേഷത്തില്‍, ഒരേ ഭാഷയില്‍ ഒരേ മനസ്സോടെ പ്രാര്‍ഥിക്കുന്നു.. രാജാവും, പ്രജയും, മുതലാളിയും, തൊഴിലാളിയും, സമ്പന്നനും, യാചകനും ഒക്കെ തോളോട് തോള്‍ചേര്‍ന്ന് നില്‍ക്കുന്നു. ഭൂഗോളത്തിന്റെ എല്ലാ മൂലയിലുമുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. അറഫയിലെ പ്രാര്‍ഥന കഴിഞ്ഞിട്ട് വേണം അവര്‍ക്ക് മീനായിലേക്ക് പോകാന്‍. ഒരാള്‍ ശൈഖിനെ സമീപിച്ചു ചോദിച്ചു:
"അങ്ങയുടെ നാട് ഈജിപ്തിലല്ലേ?".
"അതെ, എങ്ങനെ മനസിലായി?".
"ഞാന്‍ ഈജിപ്തില്‍ വന്നിട്ടുണ്ട്. അന്ന് കണ്ടു".
"ശരി..താങ്കളുടെ നാടെവിടെയാണ്?"
"എനിക്ക് നാടില്ല... ഞാനാണ് ഖിളര്‍ നബി."
( ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നബിയാണ് ഖിളര്‍ നബി. അദ്ദേഹത്തിന് ലോകാവസാനം വരെ ജീവിച്ചിരിക്കാന്‍ അള്ളാഹു അനുവാദം നല്‍കിയിരിക്കുന്നു. ഖിളര്‍ നബി ഇപ്പോളും ജീവിച്ചിരിക്കുന്നതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. പിന്നീട് വിശദീകരിക്കാം.)
"നേരോ..?, ഞാനങ്ങയെക്കാണാന്‍ എത്ര നാളായി കൊതിക്കുന്നുവെന്നോ... "
"എന്നെ പലപ്പോഴും താങ്കള്‍ കണ്ടു, സംസാരിച്ചു. താങ്കള്‍ എന്നെ തിരിച്ചറിഞ്ഞില്ല."
"നേരോ..?, പേര് പറഞ്ഞിരിക്കയില്ല".
"ഞാന്‍ പേര് പറയാറില്ല.. അബ്ദുള്ള (ദൈവദാസന്‍) എന്നാണു ഞാന്‍ അഭിസംബോധന ചെയ്യാറ്. ഒരിക്കല്‍ താങ്കളെ പരീക്ഷിക്കാന്‍ ഞാന്‍ യാചകവേഷത്തില്‍ വന്നു യാചിച്ചു".
"എന്നിട്ട് ഞാന്‍ വല്ലതും തന്നുവോ?"
"വീട്ടുകാരോട് തരാന്‍ കല്പ്പിച്ചതെയുള്ളൂ.. ചില്ലിക്കാശവര്‍ എറിഞ്ഞു തന്നു".
"അതെയോ, അറിയാതെ പറ്റിയ അബദ്ധം പൊറുക്കുകയില്ലേ?"
"ഞാന്‍ മാത്രം പൊറുത്തത്കൊണ്ടായില്ല. നിങ്ങള്‍ ആയിരക്കണക്കിന് യാചകരോടങ്ങനെ
പെരുമാറിയിട്ടുണ്ടാവും. അതൊക്കെ ആര് പൊറുക്കും?"
"പിന്നെ എപ്പഴാ കണ്ടത്?"
"നിങ്ങളിന്നലെ ഇങ്ങോട്ട് വരുമ്പോള്‍ പുഴുത്തുനാറുന്ന ഒരു കുഷ്ഠരോഗി കിടന്നിരുന്നില്ലേ? അത് ഞാനായിരുന്നു. നിങ്ങള്‍ മൂക്ക്പൊത്തി കടന്നു പോയി."
"അതെയോ..? അറിയാതെ പറ്റിപ്പോയി. മാപ്പ് തരില്ലേ?"
"ഞാന്‍ മാപ്പ് ചെയ്തിട്ട് കാര്യമില്ലല്ലോ.. ഇത്തരത്തിലുള്ള എത്ര കുഷ്ഠരോഗികളെ താങ്കള്‍ കണ്ടില്ലെന്നു നടിച്ചിരിക്കും? അതൊക്കെ ആര് പൊറുക്കും?"
"അള്ളാഹു പൊറുക്കുകയില്ലേ ?"
"മനുഷ്യനോടു തെറ്റ്ചെയ്‌താല്‍ മനുഷ്യന്‍തന്നെ പൊറുക്കണം. അല്ലാഹുവിനോട് തെറ്റ്ചെയ്‌താല്‍ അള്ളാഹു പൊറുക്കും. മനസ്സിലായോ..?"
ഇത്രയുമായപ്പോഴേക്കും ആള്‍ക്കൂട്ടം ഒന്ന് അലയടിച്ചു. ഖിളര്‍ നബി അപ്രത്യക്ഷനായി. ശൈഖ് ധ്യാനത്തില്‍ മുഴുകി നില്പായി. അപ്പോള്‍ ദര്‍ശനമുണ്ടാവുകയും, ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അയാള്‍ ശൈഖിനോട് ചോദിച്ചു: "ഖിളര്‍ നബിയെക്കണ്ട് അത്ഭുതപ്പെട്ടു അല്ലെ? എങ്കില്‍ അല്ഭുതപ്പെടെണ്ട. അതിലും ഭയങ്കരമായ ഒരു അത്ഭുതം കേട്ടോളൂ.. ഇക്കൊല്ലം ഹജ്ജിനു വരാത്ത ഒരാളുടെ ഹജ്ജാണ് ഈ ജനലക്ഷങ്ങളില്‍ നിന്നും ഒന്നാമതായി അള്ളാഹുവിങ്കല്‍ സ്വീകരിക്കപ്പെട്ടത്..."
ശൈഖ് ചോദിച്ചു: "അതെങ്ങനെ ശരിയാവും? ഹജ്ജിനു വരാതെ എങ്ങനെ ഹജ്ജ് ചെയ്യാനാണ്? അതെങ്ങനെയാണ് സ്വീകാര്യമാവുക?"
"അത് സംഭവിച്ചിരിക്കുന്നു. സിറിയയിലെ ദാമാസ്കസ്സിലുള്ള അഹ്മദ് അശ്ഖാഖ് എന്ന ചെരുപ്പുകുത്തി ഹജ്ജിനു വന്നിട്ടില്ല. അയാളുടെ ഹജ്ജാണ് ഒന്നാമതായി സ്വീകരിച്ചത്."
"ഇല്ല.. ഇതെങ്ങിനെയുണ്ടായി? അദ്ദേഹം യാത്രാമദ്ധ്യേ വല്ല അപകടത്തിലും പെട്ട് മരിച്ചതാണോ?"
"അല്ല. അദ്ദേഹം വീട് വിട്ടിറങ്ങിയിട്ടേയില്ല. നേര്."
"അത്ഭുതമാണല്ലോ സംഭവിച്ചിരിക്കുന്നത്? ഇതെങ്ങനെയുണ്ടായി?"
"അതറിയണമെങ്കില്‍ ഹജ്ജ് കഴിഞ്ഞു ദാമാസ്കസ്സില്‍ പോയി ആ ചെരുപ്പുകുത്തിയെ കാണുക. എല്ലാം മനസ്സിലാവും"
"താങ്കള്‍ പറഞ്ഞുതന്നാല്‍ മതി. ഞാനെന്തിനു ബുദ്ധിമുട്ടി അങ്ങോട്ട് പോകണം?"
"നിങ്ങളവിടെ ചെല്ലണം. അദ്ദേഹത്തെ അനുമോദിക്കണം. അങ്ങനെ ചെയ്യാന്‍ ദൈവകല്പനയുണ്ട്."
അതോടെ ദര്‍ശനം അവസാനിച്ചു.
ഹജ്ജും, അനുബന്ധ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി ശൈഖ് സിറിയയിലേക്കുള്ള പ്രയാണം ആരംഭിച്ചു.
ദിവസങ്ങളും, ആഴ്ചകളും നീണ്ട യാത്രക്കൊടുവില്‍ അദ്ദേഹം ദാമാസ്കസ്സിലെത്തി, ചെരുപ്പുകുത്തിയെകുറിച്ചുള്ള അന്വേഷണം തുടങ്ങി. ആര്‍ക്കും അങ്ങനെയൊരാളെ അറിയില്ലായിരുന്നു.
അവസാനം ഒരാളെ കണ്ടുമുട്ടി, ശൈഖ് അയാളോട് ചോദിച്ചു: "അഹ്മദ് അശ്ഖാഖ് എന്ന ചെരുപ്പുകുത്തിയെ അറിയുമോ? ആരാണത്?"
"അറിയും. നിങ്ങള്‍ക്കെന്തിനാണയാളെ?"
"അദ്ദേഹം ഒരു പുണ്യാത്മാവാണ്".
"ആര്? ആ ചെരുപ്പ്കുത്തിയോ? അവന്‍ പുണ്യാത്മാവോ? നിങ്ങള്‍ക്കെന്താ വട്ടുണ്ടോ?"
"ചെരുപ്പുകുത്തിക്കും പുണ്യാത്മാവാകാം. പുണ്യം ചെയ്‌താല്‍ മതി"
"അവന്‍ ചെയ്യുന്ന പുണ്യം ചെരുപ്പുകുത്തലായിരിക്കും. അവന്‍ വെറുമൊരു പാമരനാണ്. നിങ്ങള്‍ക്കെന്തിനാണളെ? ചെരിപ്പിനാണോ?".
"അല്ല. അയാളെ അനുമോദിക്കാന്‍ വന്നതാണ്."
"എന്തിനാണാവോ?"
"അയാളാണ് ഇക്കൊല്ലം ഏറ്റവും നന്നായി ഹജ്ജ്ചെയ്ത ആള്‍. അയാളുടെ ഹജ്ജ് ദൈവം ഇക്കൊല്ലം ഒന്നാമതായി സ്വീകരിച്ചിരിക്കുന്നു."
"അത് പെരുംനുണയാണ്. അയാളുടെ ഹജ്ജ് ചെരുപ്പിന്മേലാണ്. അയാള്‍ എങ്ങോട്ടും പോയിട്ടില്ല. ഇവിടെയുണ്ട്"
"അയാളുടെ കുടുംബ സ്ഥിതി എങ്ങനെ?"
"ഒരു ഗതിയുമില്ല.ചെറ്റക്കുടിലില്‍ പട്ടിണി കിടക്കുന്നു. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ദാ... ആ കാണുന്ന മരത്തിന്റെ അപ്പുറത്ത് ഒരു ചെറ്റക്കുടിലുണ്ട്. അത് തന്നെയാണ് അവന്റെവീട്. ഇപ്പോള്‍ പോയാല്‍ കാണാം.".
ശൈഖ് നേരെ അങ്ങോട്ട് നടന്നു. വീടിന്റെ മുറ്റത്തു തന്നെ മുഷിഞ്ഞ വേഷത്തോടുകൂടി ചെരുപ്പുകുത്തി നില്‍ക്കുന്നു..
ശൈഖ് സലാം ചൊല്ലി: "അസ്സലാമു അലൈക്കും..."
"വ അലൈക്കുമുസ്സലാം"
"അഹ്മദ് അശ്ഖാഖ് താങ്കളല്ലേ?"
"അതെ, എന്ത് വേണം? നിങ്ങള്‍ ആരാണ്?"
"അല്ലാഹുവിന്റെ കല്പനപ്രകാരം ഞാന്‍ താങ്കളെ അനുമോദിക്കാന്‍ വന്നതാണ്. ഞാനാണ് ദുആനുല്‍ മിസ്‌രി ."
"നേരോ?.. അങ്ങയെകാണാന്‍ ഈ സാധു എത്ത്രനാളായി ആഗ്രഹിക്കുന്നു. ....!!! എന്തിനാണ്
അനുമോദനം?"
"താങ്കള്‍ ഇക്കൊല്ലം ഹജ്ജിനു വരാതെതന്നെ താങ്കളുടെ ഹജ്ജ് ഒന്നാമതായി സ്വീകരിച്ചുവെന്നു എനിക്ക് ദര്‍ശനമുണ്ടായിരിക്കുന്നു".
"അല്‍ഹംദുലില്ലാഹ്.. അല്ലാഹുവിനു സ്തുതി.. ഇക്കൊല്ലം ഞാന്‍ ഹജ്ജിനുപോകാന്‍ ഒരുങ്ങിയതാണ്. പക്ഷെ പോകാന്‍പറ്റിയില്ല... തടസ്സം നേരിട്ടു".
"പിന്നെങ്ങനെ അത് ഒന്നാമതായി സ്വീകരിക്കപ്പെട്ടു? അത്ഭുതമുണ്ടല്ലോ... എന്താണതിന്റെ രഹസ്യം?"
"അതിന്റെ രഹസ്യം എന്താണെന്ന് കൃത്യമായി എനിക്കറിയില്ല."
"പിന്നെ എന്താണ് തടസ്സമുണ്ടായത്?"
"അതിനുള്ള പണം ചിലവായിപ്പോയി. പിന്നെ കാശ് കിട്ടിയില്ല"
"കുടുംബത്തിനുവേണ്ടിയാണോ ചിലവാക്കിയത്? അതോ വേറെ വല്ലകാര്യത്തിനും...?"
"കുടുംബചിലവിനു അതില്‍നിന്നും അരക്കാശു ഞാന്‍ എടുത്തിട്ടില്ല. എന്‍റെ പൊന്നുമക്കള്‍ പട്ടിണി കിടന്നു നിലവിളിച്ഛപ്പോഴും ഞാന്‍ എടുത്തിട്ടില്ല. ഒടുവില്‍...."
"ഒടുവില്‍ എന്ത് സംഭവിച്ചു? വേഗം പറ.."
"ഒരു നിര്ബ്ബന്ധിതാവസ്ഥയില്‍ ഞാനത് ഒരു നല്ലകാര്യത്തിന് ചിലവഴിച്ചു. അത്രമാത്രം."
"എന്തായിരുന്നു ആ നല്ല കാര്യം?"
ചെരുപ്പുകുത്തി ആ സംഭവം പറയാന്‍ തുടങ്ങി...:
""""കേട്ടോളൂ.. ഞാനാ കഥപറയാം. ഒരു പാവപ്പെട്ട ചെരുപ്പുകുത്തിയായ എനിക്ക് ഹജ്ജ് എന്നത് കിട്ടാക്കനിയാണെന്ന് അറിയാം. പക്ഷെ ഞാനങ്ങനെ മോഹിച്ചുപോയി. ജീവിതാഭിലാഷം അതായിത്തീര്‍ന്നു. നബിതിരുമേനിയുടെ അന്ത്യവിശ്രമസ്ഥലവും, കഅബയും കണ്ടു കണ്ണും കരളും കുളിര്‍ക്കണം. അതിനുവേണ്ടി എന്ത് ത്യാഗത്തിനും ഞാന്‍ ഒരുക്കമായി. രാപ്പകല്‍ അത് മാത്രമായി ചിന്ത.
നിങ്ങള്‍ക്കറിയാമോ, മുണ്ട്മുറുക്കിയുടുത്തു പട്ടിണികിടന്നിട്ടാണ് ഞാന്‍ കുറച്ചുകാശ് ഊറ്റിയുറുമ്പിപ്പിശുക്കിയുണ്ടാക്കിയത്.. എന്‍റെ പൊന്നുമക്കളുടെ ഒട്ടിയവയറുകള്‍ കാണുമ്പോള്‍ എനിക്ക് ദുഃഖമുണ്ടായിരുന്നു. പക്ഷെ, കഅബയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ആനന്ദതുലിതനാകും. ഒരിക്കല്‍ ഞാനീ പണംസൂക്ഷിക്കുന്നത് ഭാര്യ കണ്ടു.
അവള്‍ ചോദിച്ചു: "ഇതൊക്കെയുണ്ടായിട്ടാണോ മക്കളെ പട്ടിണിക്കിട്ട് കൊല്ലുന്നത്?"
ഞാന്‍ പറഞ്ഞു: "പ്രിയേ, ഇത് നേര്‍ച്ചക്കാശാണ്. തൊട്ടാല്‍ പൊള്ളും."
അതോടെ അവള്‍ക്ക് ഹാലിളകി. "പൊള്ളിക്കോട്ടെ, സാരമില്ല. മക്കള്‍ വിശന്നു കരയുന്നത് കേട്ടാല്‍ ഉരുകുകയാണ്. പൊള്ളുന്നതിലും കഠിനമാണല്ലോ ഉരുകുന്നത്?"
"പ്രിയപ്പെട്ടവളെ, നമുക്ക് നമ്മുടെ മക്കളെക്കാള്‍ പ്രിയപ്പെട്ട ഒരു അനന്തമായ ശക്തി പ്രപഞ്ചത്തിലുണ്ട്. അതിന്റെ ചൈതന്യത്തിനുവേണ്ടി നീക്കിവച്ച പണമാണിത്. ജീവന്‍ പോയാലും ഞാനിതില്‍ കൈവക്കുകയില്ല. സത്യം"
"ഓഹോ, എങ്കില്‍ ഈ പൈസ മുഴുവനും അവര്‍ക്കുകൊണ്ടുപോയി കൊടുക്ക്, എന്നിട്ടവര്‍ സുഖിക്കട്ടെ. ഞാനും എന്‍റെ മക്കളും പട്ടിണി കിടന്നു ചത്തോളാം".
"പ്രിയേ, നീയെന്നെ തെറ്റിദ്ധരിച്ചു. പ്രപഞ്ചത്തിലെ അനന്തശക്തി അള്ളാഹുവാണ്. അള്ളാഹുവിന്‍റെ ആദ്യ സൃഷ്ടി നമ്മുടെപ്രവാചകന്റെ ചൈതന്യമാണ്. അവിടുത്തെ അന്ത്യവിശ്രമസ്ഥലം കാണാനും ഹജ്ജ് ചെയ്യാനുമുള്ള അതിയായ ആഗ്രഹം മൂലമാണ് നമ്മുടെ മക്കളെ പട്ടിണിക്കിട്ടുപോലും ഞാനീ കാശുണ്ടാക്കിയത്."
"എങ്കില്‍ ഇത് നേരത്തെ പറഞ്ഞുകൂടെ? ഇതിനുവേണ്ടിയാനെന്കില്‍ മക്കളെ വില്‍ക്കുന്നതും എനിക്ക് സമ്മതം. ഇനി എനിക്കും മക്കള്‍ക്കും ഭക്ഷണമേ വേണ്ട. ഉടുപുടവയും വേണ്ട. രോഗം വന്നാല്‍ ഞങ്ങള്‍ റസൂലിനെ വിളിച്ചു കരഞ്ഞോളാം. നിങ്ങള്‍ ധൈര്യമായിട്ട് പൊയ്ക്കോ."
അങ്ങനെ കുട്ടികളും കെട്ടിയോളുമൊക്കെ എന്നോട് സഹകരിച്ചു. അവര്‍ക്കൊക്കെ എന്നെക്കാള്‍ ആനന്ദം. കഅബ കാണാമെന്ന ആനന്ദം എനിക്ക്, കഅബ കണ്ട കുടുംബനാഥനെ കാണാനുള്ള അത്യാനന്ദം അവര്‍ക്ക്. ആകപ്പാടെ എന്‍റെ വീടുതന്നെ ഒരു കൊച്ചു സ്വര്‍ഗമായി. ഒട്ടിയ വയറുകളുള്ള കുട്ടികള്‍ക്കും പരമാനന്ദം. എല്ലാവരുടെയും ഖല്ബുകളില്‍ കുളിര്. കണ്ണുകളില്‍ കിനാക്കള്‍ പൂത്തുനിന്നു. ഇതൊരല്ഭുതമായിരുന്നു.
അങ്ങനെയിരിക്കെ, ഒരു സംഭവം ഈ സാഹചര്യത്തെയാകെ അട്ടിമറിച്ചു.
അട്ടിമറിഎന്ന് പറഞ്ഞുകൂടാ, ഒരു തിരുത്ത് മാത്രമായിരുന്നു അത്. എന്‍റെ തീരുമാനങ്ങള്‍ക്ക് അള്ളാഹു വരുത്തിയ തിരുത്ത്.
എന്‍റെ അരപ്പട്ടിണിക്കാരനായ ഇളയകുട്ടി ചിലപ്പോള്‍ അയലത്ത് ചെന്ന് കിട്ടുന്നതുവാങ്ങി തിന്നാറുണ്ട്.. അങ്ങനെയെങ്കിലും അവന്റെ വിശപ്പ് കെട്ടോട്ടെ എന്ന് കരുതി ഞാന്‍ തടയാറുമില്ല. അന്ന് എന്‍റെ കുട്ടി അങ്ങോട്ട് ചെന്നപ്പോള്‍ അയല്‍ക്കാരന്റെ ഭാര്യ അവിടെ ഇറച്ചി വേവിക്കുന്നത് കണ്ടു. എന്നിട്ട് അവര്‍ അവിടുത്തെ കുട്ടികള്‍ക്കൊക്കെ വിളമ്പി. പ്രതീക്ഷയോടെ നോക്കി നിന്നിരുന്ന എന്‍റെ കുട്ടിക്ക് കൊടുത്തില്ല. പതിവിനു വിപരീതമാണത്. കുട്ടി പിണങ്ങി. പിന്നെ കരഞ്ഞുകൊണ്ടാണവന്‍ തിരിച്ചു വന്നത്.
അവന്റെ ഉമ്മ ചോദിച്ചു: "എന്‍റെ മോനെന്തിനു കരയുന്നു? വീണോ?"
"ഇല്ല്യ. അവരൊക്കെ ഇറച്ചി തിന്നുമ്പോ, ഇക്ക് തന്നില്ല്യ. വരട്ടിയ നല്ല ഇറച്ചി."
"അതെയോ,.... ഉമ്മാന്റെ പൊന്നുമോന്‍ ഇനി അങ്ങോട്ട് പോകണ്ടാട്ടോ... ഇറച്ചി നമുക്ക് വാങ്ങാം."
ഞാന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ണീരോടെയാണ് ഭാര്യ പറഞ്ഞത്--
"നമ്മുടെ കുട്ടിക്ക് ഒരുകഷണം ഇറച്ചി അയല്‍ക്കാര്‍ കൊടുത്തില്ല. അവന്റെ കണ്ണീരു കണ്ടപ്പോള്‍ എന്‍റെ നെഞ്ചു പൊട്ടി. കുറച്ചു ഇറച്ചി വാങ്ങാമോ? കാശുണ്ടോ?"
ഭാര്യയുടെ വിവരണംകേട്ടു ഞാന്‍ ചോദിച്ചു: "അവര്‍ എന്തേ ഇങ്ങനെ ചെയ്യാന്‍? ഒരു കഷണം ഇറച്ചിയല്ലേ? പിഞ്ചു കുട്ടിയല്ലേ?"
"കാക്കേടെ കുട്ടി കാക്കയ്ക്ക് വലുത്. നമ്മുടെകുട്ടിക്ക് കൊതിതീരാന്‍ ഇറച്ചി നമ്മള്‍തന്നെ വാങ്ങണം."
"വാങ്ങാം. ഞാനവരോടോന്നു ചോദിക്കട്ടെ. കുട്ടിയോടെന്തിനിതു ചെയ്തു?"
"നിങ്ങളിനി അതൊന്നും ചോദിക്കാന്‍ പോകണ്ടാ. അവനവന്റെ മകള്‍ക്ക് തിന്നാനുള്ളത് അവനവന്‍ തന്നെ വാങ്ങിക്കൊടുക്കണം. അതാണ് വേണ്ടത്. മറ്റവനോടു ചെന്ന്-- എന്റെകുട്ടിക്കു ഇറച്ചി കൊടുക്കാഞ്ഞതെന്തെന്നു ചോദിച്ചാല്‍ അവന് പറയും--എന്റെതാണോ കുട്ടിയെന്ന്. അത്
കേള്‍ക്കണോ?"
ഞാന്‍ വിട്ടില്ല: "എന്നാലും സത്യമറിയണം. കുട്ടി പറഞ്ഞത് നേരല്ലെങ്കിലോ? അതറിയണം."
"കുട്ടി നുണ പറയുമെന്ന് കരുതുന്നുവോ? കുട്ടിക്കെന്താവശ്യമുണ്ട് നുണപറയാന്‍?"
"ഇറച്ചി വേവിക്കുകയാണെന്ന്കുട്ടിക്ക് തോന്നിയതാകാം-- . മറ്റു വല്ലതുമാകാം. തെറ്റിദ്ധാരണ തീര്‍ക്കണ്ടേ?"
"തെറ്റിദ്ധാരണയല്ല തീര്‍ക്കേണ്ടത്. മക്കളുടെ വിശപ്പാണ്. അത് തീര്‍ക്കു."
ഈ സംഭാഷണം കേട്ടുകൊണ്ടാണ് അയല്‍ക്കാരന്‍ കയറിവന്നത്.
വന്നപാടെ സലാം ഒതിക്കൊണ്ട് അയാള്‍ പറഞ്ഞു: "ഒരു കാര്യം പറയാനുണ്ട്."
ഞാന്‍: "എന്താണ്? ഇരിക്കൂ. പറയൂ.."
"നിങ്ങളുടെ മോന്‍ കരഞ്ഞുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. ഞങ്ങളുടെ മനസ്സ് വല്ലാതെ വേദനിച്ചു. ക്ഷമിക്കണം."
"ഓ... അത് സാരമില്ല. എങ്കിലും, കുട്ടിയല്ലേ? നിങ്ങള്ക്ക് ഒരു കുഞ്ഞിക്കഷണം ഇറച്ചിയെങ്കിലും കൊടുക്കാമായിരുന്നു..."
"അത്....പിന്നെ..... ക്ഷമിക്കണം, കുട്ടിക്ക്കൊടുക്കാന്‍ പറ്റാത്ത സാധനമാണ് ഞങ്ങള്‍ തിന്നത്.
അതുകൊണ്ടാണ്..."
"അത് പോട്ടെന്നേ... സാരമില്ല സഹോദരാ.. എന്നാലും എന്തായിരുന്നു അത്?"
"അത്.... ഭക്ഷ്യവസ്തുവായിരുന്നില്ല... അത് പരസ്യമാക്കാന്‍ പറ്റാത്ത മലിനവസ്തുവായിരുന്നു.... ഞങ്ങളുടെ പട്ടിണി രഹസ്യം ഇപ്പോള്‍ പരസ്യമാക്കേണ്ടി വന്നുവല്ലോ പടച്ചവനേ... കഷ്ടം...."
"എന്ത്കഷ്ടം? നാം അയല്‍ക്കാരല്ലേ? നമുക്ക് അന്യോന്യം എന്ത് രഹസ്യവും പറയാം. നമ്മളൊന്നല്ലേ?"
"ഞങ്ങള്‍ ഒരാഴ്ചയായിട്ട് മുഴുപ്പട്ടിണിയായിരുന്നു. ആരെയും അറിയിച്ചില്ല."
"ഞങ്ങളോട് പറയാമായിരുന്നില്ലേ? നമ്മളൊന്നല്ലേ?"
"നിങ്ങളും പട്ടിണിക്കാരല്ലേ? പിന്നെ ഞങ്ങളെക്കൂടി പോറ്റാനാകുമോ?"
"എന്നാലും അയല്‍ക്കാരല്ലേ?"
അയല്‍ക്കാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. "ഞങ്ങളിതാരോടും പറയാതെ സഹിച്ചു. ഒടുവില്‍ കുട്ടികള്‍ തളര്‍ന്നു കരയാന്‍ തുടങ്ങി. എന്‍റെ ഭാര്യ എന്നെ വെറുക്കുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ഞാനെന്തെങ്കിലും ജോലിക്ക് ശ്രമിച്ചു; കിട്ടിയില്ല. ഒടുവില്‍ എല്ലാ പഴുതുകളും അടഞ്ഞു. പല വാതിലുകളും മുട്ടി നോക്കി. ഒന്നും തുറന്നില്ല. ഒടുവില്‍ കൈയ്ക്ക് കിട്ടിയതുമായി ഞാന്‍ വീട്ടില്‍ മടങ്ങിയെത്തി. അത് വേവിച്ച് വരട്ടി കുട്ടികള്‍ക്ക് നല്‍കി. അതാണ് നിങ്ങളുടെ കുട്ടി കണ്ടത്. വേണമെങ്കില്‍ ആരുമറിയാതെ എനിക്കതില്‍നിന്നും ഒന്നോരണ്ടോ കഷണം അവനു കൊടുക്കാമായിരുന്നു. പക്ഷെ, കൊടുത്താല്‍ ആരുമറിയില്ലെങ്കിലും അല്ലാഹു അറിയുമല്ലോ. ..വഞ്ചന
ചെയ്യാന്‍ മനസ്സനുവദിച്ചില്ല. അതുകൊണ്ടാണ് നിങ്ങളുടെ കുട്ടിക്ക് കരയേണ്ടി വന്നത്..."
ഞാനയാളെ സമാധാനിപ്പിച്ചു: "പോട്ടെന്നേ, സാരമില്ല. ഇതൊക്കെ മനുഷ്യസഹജമല്ലേ? എന്തായിരുന്നു നിങ്ങള്‍ തിന്ന സാധനം?"
"ഞങ്ങള്‍ വേവിച്ചു തിന്ന സാധനം എത്താനെന്നു അറിഞ്ഞാല്‍ നിങ്ങള്‍ എന്നെ ആട്ടിയോടിക്കും. അത്രയ്ക്ക് നികൃഷ്ട വസ്തുവായിരുന്നു".
എനിക്ക് ജിജ്ഞാസ കൂടിക്കൂടി വന്നു: "എന്നാലും... എന്തായിരുന്നു സഹോദരാ അത്?.... പറ.....".
നിറകണ്ണുകളോടെ, തൊണ്ടയിടറിക്കൊണ്ടു അയാള്‍ പറഞ്ഞു:
"പറയാം. ഞങ്ങളുടെ രഹസ്യം താങ്കളോടിനി മറച്ചുവെക്കാനാവില്ല. എന്‍റെ പൊന്നുമക്കള്‍ പട്ടിണി കിടന്നു മരിക്കുമെന്ന് ഭയന്നു. ഒന്നും കിട്ടാതെ അങ്ങാടിയില്‍ നിന്നു തിരിച്ചുവരികയായിരുന്ന ഞാന്‍ അവിടെ ചത്തുകിടന്നിരുന്ന ഒരു പന്നിയെ ആരും കാണാതെ എടുത്തു ചാക്കിലാക്കി വീട്ടില്‍ കൊണ്ടുവന്നു വേവിച്ചു കുട്ടികള്‍ക്ക് നല്‍കി. അതല്ലാതെ മറ്റൊന്നും കിട്ടിയില്ല. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങളും കുട്ടികളും അത് തിന്നു. മനസ്സിലായില്ലേ സഹോദരാ? ചത്ത പന്നിയിറച്ചിയാണ് ഞങ്ങള്‍ തിന്നത്. അത് നിങ്ങളുടെ കുട്ടിക്ക് കൊടുക്കാന്‍ മനസ്സ് വന്നില്ല. ഇതാണ്
സംഭവം. രഹസ്യമായിരിക്കട്ടെ.".
എന്‍റെ ചെവികളില്‍ ആയിരമായിരം ഇടിമുഴക്കങ്ങള്‍ അനുഭവപ്പെട്ടു. അയാളുടെ കഥകേട്ടു ഞാന്‍ നടുങ്ങിപ്പോയി.... പടച്ചവനെ....ഞാനിതെന്താണ് കേള്‍ക്കുന്നത്? ഒരു മനുഷ്യന് ഇങ്ങനെയും പരീക്ഷണം നേരിടേണ്ടി വരുമോ? എന്‍റെ കൈകാലുകള്‍ വിറച്ചു....ശരീരമാകെ വിയര്‍ത്തു കുളിച്ചു.......
സങ്കടത്തോടെ ഞാന്‍ ചോദിച്ചു: "സഹോദരാ, ഇന്ന് കഞ്ഞിവെച്ചുവോ? സത്യം പറയണം".
അയാള്‍ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റുപോകുന്നതുകണ്ട് എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ ഭാര്യയെ വിളിച്ചു: "ആ പണസഞ്ചി ഇങ്ങെടുത്തു താ..."
ഒന്നും മനസ്സിലാകാതെ അവള്‍ ചോദിച്ചു:"നിങ്ങളെങ്ങോട്ട് പോകുന്നു? ഇറച്ചി വാങ്ങാനോ?"
"അല്ല; ഹജ്ജിനു പോവുകയാണ്."
"അതിനു സമയമായില്ലല്ലോ."
"ഇത് തന്നെയാണ് കൃത്യസമയം. മക്കയിതാ മുറ്റത്തെത്തിയിരിക്കുന്നു. ഒരുപക്ഷെ ഇതായിരിക്കും ഏറ്റവുംവലിയ ഹജ്ജ്. യാത്ര നമുക്ക് ലാഭിക്കാം."
"എനിക്ക് നിങ്ങളുടെ ഭാഷ മനസ്സിലായില്ല. ഒന്ന് തെളീച്ചു പറ..."
ഞാന്‍ സംഭവങ്ങളുടെ ഗൌരവവും, കിടപ്പും, രഹസ്യവും അവളെ പറഞ്ഞു മനസ്സിലാക്കി. "ഹജ്ജ് ഇവിടെത്തന്നെ നിര്‍വ്വഹിക്കാം. ഈ പണം അയല്‍ക്കാര്‍ക്ക് കൊടുക്കാം."
അവള്‍ സങ്കടപ്പെട്ടു: "എന്‍റെ മക്കള്‍ പട്ടിണികിടന്നുണ്ടാക്കിയ തുകയോ....?...."
"നമുക്ക് പുണ്ണ്യമല്ലെ ആവശ്യം? വിനോദയാത്രയുടെ ആനന്ദമല്ലല്ലോ. പുണ്യംനേടാന്‍ ഇതിലും വലിയ സല്‍കര്‍മ്മം വേറെയില്ല."
"നമ്മുടെ മക്കളെ പട്ടിണിക്കിട്ട് ഉണ്ടാക്കിയതല്ലേ ഈ തുക? ഇത് അന്യന്റെ മക്കളെ പോറ്റാന്‍ കൊടുക്കുകയാണോ? ഇത് നല്ലതാണോ?"
"നമ്മുടെ മക്കള്‍ പന്നിയിറച്ചി തിന്നിട്ടല്ലല്ലോ ജീവന്‍ നിലനിര്‍ത്തുന്നത്. എന്‍റെ ഹജ്ജ് അയല്പക്കത്ത് തന്നെയാകട്ടെ. അതായിരിക്കും അല്ലാഹുവിന്റെ വിധി."
ഞാന്‍ പണസഞ്ചിയുമായി അയല്‍ക്കാരനെ സമീപിച്ചു.
അതവിടെ വച്ചുകൊടുത്തിട്ട് പറഞ്ഞു: "ഇതിലുള്ള തുകകൊണ്ട് എന്തെങ്കിലും ചെയ്തു കുട്ടികളെ പുലര്‍ത്തുക. ഇനി പട്ടിണി കിടക്കരുത്."
അയാള്‍ കരഞ്ഞു. "വേണ്ട..... ഇന്നോളം ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല..... ആരുടേയും മുന്നില്‍ കൈനീട്ടിയിട്ടില്ല.... ഇനിയും അതിനുദ്ദേശ്യമില്ല..."
"ഇത് ബുദ്ധിമുട്ടല്ല. സന്തോഷമാണ്. നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞത് വലിയൊരനുഗ്രഹമായ് ഞാന്‍ കരുതുന്നു."
ഞാനാ തുക അയാളെ ഏല്‍പ്പിച്ചു തിരികെപ്പോരുമ്പോള്‍ മക്കയും, കഅബയും, ഒക്കെ മനസ്സില്‍ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.""""
കഥ കേട്ടു ശൈഖ് ദുആനുല്‍ മിസ്‌രി സുജൂദില്‍ വീണു..... back to top
അയലത്തെ ഹജ്ജ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment