Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

അയോധ്യാ രാഷ്ട്രീയവും ലിബര്‍ഹാന്‍ കമീഷനും

1990 നവംബറില്‍ അയോധ്യയിലെത്തുമ്പോള്‍ ബാബരി മസ്ജിദ് അവിടെയുണ്ടായിരുന്നു.പുറത്ത് അര്‍ധ സൈനികര്‍ കാവല്‍നിന്നിരുന്നു. അകത്തുകയറാന്‍ പ്രയാസമുണ്ടായില്ല. 2.77 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പഴയ പള്ളി. ഉള്ളില്‍ അപ്പോഴും പൂജ നടക്കുകയായിരുന്നു. തിരിച്ചു പോരുമ്പോള്‍ അറിഞ്ഞില്ല, ബാബരി പള്ളിയുടെ അവസാന കാഴ്ചയായിരിക്കും അതെന്ന്. പിന്നെ ചെല്ലുമ്പോള്‍ കണ്ടത് പള്ളിയൊഴിഞ്ഞ തരിശുനിലമാണ്. അതിന്റെ മധ്യത്തില്‍ താല്‍ക്കാലികക്ഷേത്രം. പൂജ മുടങ്ങാതെ തുടര്‍ന്നുകൊണ്ടിരുന്നു. പുറത്ത് കുറേക്കൂടി ശക്തമായ സൈനിക കാവലും.

1992 ഡിസംബര്‍ ആറിന് അതു സംഭവിച്ചു. 1528ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണറായിരുന്ന മീര്‍ ബാഖി സ്ഥാപിച്ച നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി തകര്‍ന്നു. ചരിത്രത്തില്‍നിന്ന് തങ്ങള്‍ തകര്‍ത്തെറിഞ്ഞ ഒരു ആരാധനാലയത്തിന്റെ ശേഷിപ്പു ചീന്തുകളും കൊണ്ടായിരുന്നു കര്‍സേവക ലക്ഷങ്ങളുടെ മടക്കയാത്ര. അയോധ്യാനന്തരം ഇന്ത്യയൊട്ടുക്കും നടന്ന കലാപങ്ങളില്‍ നൂറുകണക്കിനാളുകള്‍ മരിച്ചുവീണു. മുംബൈ കലാപവും ഗുജറാത്ത് കലാപവും അതിന്റെ തുടര്‍ച്ചകളെന്നോണം നടന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ക്ഷതങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇപ്പോഴിതാ പതിനേഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആസൂത്രിതമായിരുന്നു പള്ളി തകര്‍ച്ചയെന്ന് ലിബര്‍ഹാന്‍ കമീഷന്‍ തെളിവുകള്‍ നിരത്തി ആവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് 'ഇന്ത്യന്‍ എക്സ്പ്രസ്' പത്രത്തിലൂടെ ഇന്നലെ പുറത്തുവന്നത്. ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് നിഷേധിച്ചിട്ടില്ല. പൂര്‍ണ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ നടപടി സഹിതം സഭയില്‍ വെക്കുമെന്നാണ് ആഭ്യന്തര മന്ത്രി ചിദംബരം അറിയിച്ചത്.

കാവിസംഘവും മാധ്യമങ്ങളും ചേര്‍ന്ന് പൊലിപ്പിച്ചെടുത്ത വാജ്പേയി എന്ന നേതാവിന്റെ നേര്‍മുഖം തുറന്നുകാണിക്കപ്പെടുന്നു എന്നതാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ എടുത്തുപറയാവുന്ന നേട്ടം. ബി.ജെ.പി^സംഘ്പരിവാര്‍ നേതാക്കളില്‍ പള്ളിതകര്‍ച്ചയുടെ പാപഭാരമത്രയും ഇറക്കിവെക്കുന്ന ലിബര്‍ഹാന്‍, കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാറിനെയും കുറ്റമുക്തമാക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രകട ദൌര്‍ബല്യം. ബാബരി സംഘടനകളെ തൊഴിച്ച് റിപ്പോര്‍ട്ടിന് സന്തുലിതത്വം നല്‍കാന്‍ ശ്രമിച്ചതിന്റെ ദുരൂഹത എളുപ്പം പിടികിട്ടുന്നതുമല്ല.

'മിതവാദി' പരിവേഷം വാജ്പേയിക്ക് ഒട്ടും ചേരുന്നതല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. അദ്വാനിയും മുരളിമനോഹര്‍ ജോഷിയും കല്യാണ്‍സിങ്ങും സംഘ് നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന വാജ്പേയി അറിഞ്ഞിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ തുടക്കം മുതലേ ശ്രമം നടന്നിരുന്നു. മധ്യവര്‍ഗവും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അങ്ങനെ ചിന്തിച്ചതു കാരണം സഖ്യകക്ഷികളെ ചേര്‍ത്ത് കേന്ദ്രാധികാരം പിടിക്കാന്‍ ബി.ജെ.പിക്കു സാധിച്ചു. 'ചീത്ത പാര്‍ട്ടിയിലെ നല്ല ആള്‍' പ്രതിച്ഛായ പൊലിപ്പിക്കാന്‍ വാജ്പേയിയും നിന്നുകൊടുത്തു. ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം വാജ്പേയി, അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍സിങ് എന്നിവര്‍ ചേര്‍ന്ന് രാജ്യത്തെ സാമുദായിക വിഭജനത്തിന്റെ കരയിലേക്ക് തള്ളിവിട്ടുവെന്ന് റിപ്പോര്‍ട്ട് കൃത്യമായി പറയുന്നു. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ശിവസേന എന്നിവയെല്ലാം ഉള്‍പ്പെട്ട അതേ ആവേശത്തില്‍ തന്നെയായിരുന്നു ബി.ജെ.പി നേതൃത്വവും പള്ളിതകര്‍ച്ചയില്‍ ഇടപെട്ടത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണമെന്നത് വര്‍ഷങ്ങളുടെ ആലോചനയിലൂടെ ആര്‍.എസ്.എസ് രൂപപ്പെടുത്തിയ അജണ്ടയായിരുന്നുവെന്ന് ബോധ്യപ്പെടാത്തവര്‍ ആരുമില്ല. ആസൂത്രണം വളരെ നേരത്തേ തുടങ്ങിയിരുന്നു. 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം ഒളിച്ചു കടത്തുന്നതോടെയായിരുന്നു തുടക്കം. അന്ന് ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റായിരുന്ന മലയാളി നായരും മറ്റുമാണ് ഇതിന് സൌകര്യം ചെയ്തു കൊടുത്തത്. പിന്നീട് നടന്ന ഓരോ നീക്കത്തിലും കാണാം കൃത്യമായ ആസൂത്രണത്തിന്റെ മികവ്. എന്നാല്‍, തൊണ്ണൂറുകളുടെ ചുറ്റുവട്ടത്തുനിന്നാണ് ലിബര്‍ഹാന്‍ കമീഷന്‍ ആസൂത്രണത്തിന്റെ വസ്തുതകള്‍ ചികയുന്നത്. അദ്ദേഹത്തെ ചുമതലപ്പെടുത്തിയതും അതു മാത്രമായിരുന്നു. പള്ളിപൊളിച്ച് പത്തുനാള്‍ പിന്നിടുമ്പോഴാണ് കേന്ദ്രം ലിബര്‍ഹാന്‍ കമീഷനെ നിയമിക്കുന്നത്. 1992 ഡിസംബര്‍ ആറിന് രാംജന്മഭൂമി^ബാബരി മസ്ജിദ് സമുച്ചയം തകരാനിടയായ സാഹചര്യത്തിലേക്കു നയിച്ച സംഭവങ്ങള്‍, അനുബന്ധ വസ്തുതകള്‍, സാഹചര്യം എന്നിവ പരിശോധിക്കാനായിരുന്നു നിര്‍ദേശം.

കമീഷനെ നിയമിച്ചത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു. രാജ്യത്തിന്റെ പല ഭാഗങ്ങളും കത്തിയെരിയുന്ന ഘട്ടത്തില്‍ എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. കമീഷന് സമയപരിധി വെക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും സമ്മതിച്ചില്ല. നീണ്ട പതിനേഴ് വര്‍ഷങ്ങളാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് തയാറാക്കാനെടുത്തത്. 48 തവണ കമീഷന് കാലാവധി നീട്ടിക്കൊടുത്തു. കഴിഞ്ഞ ജൂണ്‍ 30ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. നാലുവാള്യങ്ങളും അനുബന്ധ കുറിപ്പുകളും ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് തയാറാക്കാന്‍ ചെലവിട്ടത് ഏഴു കോടി. നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുകയായിരുന്നു. കമീഷനു വേണ്ടി നിയോഗിച്ച അഭിഭാഷകന്‍ അനുപം ഗുപ്തയും ലിബര്‍ഹാനും ഉരസല്‍ പതിവായിരുന്നു. അദ്വാനിയും ജോഷിയും കല്യാണ്‍സിങ്ങും ഉമാഭാരതിയും ആര്‍.എസ്.എസ് നേതൃത്വവും കമീഷനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. പള്ളി തകര്‍ച്ച ആകസ്മികമായിരുന്നുവെന്നും പ്രതീകാത്മക കര്‍സേവ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നുമാണ് എല്ലാവരും സമര്‍പ്പിച്ച കള്ളമൊഴി. ഇനി ചടങ്ങുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വക ചില്ലറ നടപടികളുണ്ടാകും. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വെക്കുന്നതോടെ ദൌത്യം തീര്‍ന്നു.
ഹൈന്ദവ സമൂഹത്തില്‍ തുടരുന്ന ജാതീയ ഭിന്നതകളെ അതിലംഘിക്കാനും എണ്‍പതുകളുടെ മധ്യത്തോടെ വളര്‍ന്ന ബി.എസ്.പി ഉള്‍പ്പെടെ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളെ തളര്‍ത്താനുമുള്ള ദീര്‍ഘലക്ഷ്യം കൂടി സംഘ്പരിവാര്‍ മുന്നില്‍ കണ്ടിരുന്നു. രാമനെ തങ്ങളുടെ വിഭാഗീയ രാഷ്ട്രീയത്തിന്റെ പ്രതീകമാക്കി മാറ്റുകയായിരുന്നു. തൊണ്ണൂറുകളില്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ മധ്യവര്‍ത്തി സമൂഹത്തില്‍ ഇതിന് ആശയപരമായ അടിത്തറയൊരുക്കി. ശാബാനു കേസിലെ സര്‍ക്കാര്‍ ഇടപെടല്‍, ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന നിയമം എന്നിവയൊക്കെ വിഭാഗീയത വളര്‍ത്താനുള്ള വളമാക്കി. സ്പര്‍ധയുടെ സാമൂഹിക സാഹചര്യം രൂപപ്പെടുത്തല്‍ അയോധ്യാ മൂവ്മെന്റിന്റെ ഭാഗമായി ഒരുക്കിയതും ആസൂത്രിതം തന്നെ. പക്ഷേ, കമീഷന്‍ ഇക്കാര്യങ്ങളൊന്നും സ്പര്‍ശിക്കുന്നില്ലെന്നാണ് വിവരം.

തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ അദ്വാനിക്കും വാജ്പേയിക്കും കഴിയില്ലെന്ന് റിപ്പോര്‍ട്ട് സ്ഥാപിക്കുന്നു. എന്നിട്ടാണ് ഡിസംബര്‍ ആറിനെ 'തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം' എന്ന് ഇന്നലെയും നിര്‍ലജ്ജം അദ്വാനി സഭയില്‍ വിശേഷിപ്പിച്ചത്. അയോധ്യാ മൂവ്മെന്റിന്റെ പൊതു സ്വീകാര്യതയുള്ള വ്യക്തികളായി വാജ്പേയി, അദ്വാനി, ജോഷി എന്നിവരെ രംഗത്തിറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആര്‍.എസ്.എസിന്റെ ഉപകരണങ്ങളാവുകയായിരുന്നു ഇവരെന്നും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന് ഊനം തട്ടാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചുവെന്നതുമായ നിരീക്ഷണം ശരിയാണ്. ഹൈന്ദവ പൊതുസമൂഹത്തിന്റെ വൈകാരികത ആളിക്കത്തിക്കാനും അയോധ്യാ മൂവ്മെന്റിന്റെ ഭാഗമാക്കി അവരെ മാറ്റാനുമായിരുന്നു അദ്വാനിയുടെ രഥയാത്രയിലൂടെ ലക്ഷ്യമിട്ടതെന്ന കണ്ടെത്തലും സംഗതമാണ്.

അയോധ്യാ പ്രസ്ഥാനത്തിന് എല്ലാ മാനദണ്ഡങ്ങളും മറന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ട് പിരിച്ചതിനെ കുറിച്ച ന്യായമായ സംശയങ്ങളും കമീഷന്‍ ഉന്നയിക്കുന്നു. അമേരിക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് സന്നദ്ധ സംഘടനകളുടെ പേരില്‍ ക്ഷേത്ര നിര്‍മാണത്തിനായി നൂറുകണക്കിന് കോടി രൂപയാണ് സംഭാവന ലഭിച്ചത്. ഇന്ത്യയിലെ വന്‍കിട വ്യവസായികളും വ്യക്തികളും നല്‍കിയ തുക വേറെയും. ഇതേക്കുറിച്ചൊന്നും അന്വേഷണമില്ല. ആശയപരമായ ജനപിന്തുണയേക്കാള്‍ സമ്പത്തും അധികാരവും ഉപയോഗിച്ചാണ് പള്ളി പൊളിച്ചതെന്ന കണ്ടെത്തലും ലിബര്‍ഹാന്‍ നടത്തുന്നു.
കോണ്‍ഗ്രസിനെയും നരസിംഹ റാവു മന്ത്രിസഭയെയും ലിബര്‍ഹാന്‍ വെറുതെ വിടുന്നു എന്നതാണ് കൌതുകകരം. എന്തുകൊണ്ട്? ബാബരി മസ്ജിദ് തകര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിനും പ്രത്യക്ഷമല്ലെങ്കില്‍ തന്നെയും നിഗൂഢമായ പങ്കാളിത്തം ഉണ്ടെന്ന സംശയം വ്യാപകമാണ്. കുറ്റകരമായ നിസ്സംഗത ഈ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള നേരത്താണ് എല്ലാം സംഭവിക്കുന്നത് എന്നതും യാദൃച്ഛികമാകാന്‍ ഇടയില്ല. 1949ല്‍ പള്ളിയില്‍ വിഗ്രഹം ഒളിച്ചു പ്രതിഷ്ഠിച്ച കാലത്ത് നെഹ്റുവാണ് കേന്ദ്രത്തില്‍ പ്രധാനമന്ത്രി. 1986ല്‍ പള്ളി പൂജ നടത്താന്‍ തുറന്നുകൊടുത്തപ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ശിലാന്യാസം നടത്താന്‍ അനുമതി കൊടുത്തതും അദ്ദേഹം. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുമ്പോള്‍ നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയാണ് കേന്ദ്രത്തില്‍. സംസ്ഥാന ഗവര്‍ണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രവര്‍ത്തിക്കാന്‍ മാത്രമേ കേന്ദ്രസര്‍ക്കാറിന് അധികാരമുള്ളൂ എന്നു പറഞ്ഞ് കുറ്റമുക്തി നല്‍കാനാണ് ലിബര്‍ഹാന്‍ ശ്രമിക്കുന്നത്.അങ്ങനെയാണെങ്കില്‍ 'പള്ളി തകര്‍ച്ചയിലേക്ക് നയിച്ച സംഭവങ്ങളെ യഥാവിധി'നോക്കിക്കാണുന്നതില്‍ തികഞ്ഞ അലംഭാവം തന്നെയാണുണ്ടായത്. പള്ളി സംരക്ഷിക്കാന്‍ യുക്തമായ ഏതു നടപടിയും കൈക്കൊള്ളാന്‍ ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗം പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയതാണ്. എണ്ണമറ്റ സംസ്ഥാനങ്ങളെ പിരിച്ചുവിട്ട കോണ്‍ഗ്രസിന് കല്യാണ്‍സിങ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ സാങ്കേതികത തടസ്സമായെന്നോ?

പള്ളി തല്‍സ്ഥാനത്തു പുനര്‍നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാറും ഉറപ്പുനല്‍കിയിരുന്നു. പള്ളി തകര്‍ച്ച നടന്ന് ഒന്നര വ്യാഴവട്ടം പിന്നിടുമ്പോഴും എവിടെയും അനക്കമില്ല. തകര്‍ക്കപ്പെട്ടത് തര്‍ക്ക മന്ദിരമല്ലെന്നും മുസ്ലിംകള്‍ക്കവകാശപ്പെട്ട പള്ളി തന്നെയാണെന്നും ആര്‍ജവത്തോടെ പറഞ്ഞ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും മൌനത്തിലാണ്. നിയമകേന്ദ്രങ്ങളും പ്രകടിപ്പിക്കുന്നത് ഇതേ നിസ്സഹായത തന്നെ. അര നൂറ്റാണ്ടിലേറെയായി അയോധ്യാ കേസ് കോടതിയില്‍ തുടരുന്നു. കോടതിയലക്ഷ്യം നടന്നിട്ടും നടപടിയില്ല. കോടതിവിധി ലംഘിച്ച് മായാവതി പ്രതിമ നിര്‍മാണം തുടങ്ങിയതിലേയുള്ളൂ രോഷം. തൂക്കമൊപ്പിക്കാന്‍ ഇരകളുടെ പക്ഷത്തെയും കുറ്റപ്പെടുത്തുകയെന്ന മുന്‍വിധി കലര്‍ന്ന ഭരണകൂട നിലപാട് ലിബര്‍ഹാന്‍ കമീഷനും ആവര്‍ത്തിക്കുന്നു. ഓള്‍ ഇന്ത്യാ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി (എ.ഐ.ബി.എം.എ.സി) ഓള്‍ ഇന്ത്യാ ബാബരി മസ്ജിദ് കോഓഡിനേഷന്‍ കമ്മിറ്റി (എ.ഐ. ബി.എം.സി.സി) എന്നിവയെ കമീഷന്‍ പഴിചാരുന്നു. ഇവരില്‍ അവസരം മുതലെടുത്ത് ആളാകാന്‍ ശ്രമിച്ച ചിലരുണ്ടാകും. സമ്മതിക്കുന്നു. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ക്ഷേമത്തില്‍ ഇവര്‍ക്കൊന്നും താല്‍പ്പര്യമില്ലെന്നും അയോധ്യാ തര്‍ക്കത്തെ കുറിച്ച് കോടതിയിലും പുറത്തും യുക്തിപരവും രമ്യവും സുസ്ഥിരവുമായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ ഇവര്‍ക്കായില്ലെന്നുമാണ് കമീഷന്റെ പരാതി.സത്യം മറിച്ചാണ്. കോടതിവിധി എന്തു തന്നെയായാലും സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇരു ബാബരി കമ്മിറ്റികളും ഇന്ത്യയിലെ മുസ്ലിം നേതൃത്വവും പലവുരു വ്യക്തമാക്കിയതാണ്. എന്നാല്‍, വിശ്വാസത്തിന്റെ പ്രശ്നം വരുമ്പോള്‍ അവിടെ നിയമം ബാധകമല്ലെന്നായിരുന്നു മറുപക്ഷം വാദിച്ചത്. ബാബരി മസ്ജിദ് ഉള്‍പ്പെടെ മൂവായിരം പള്ളികള്‍ വിട്ടുകൊടുക്കണമെന്നും അവര്‍ ആക്രോശിച്ചു.
ചുരുക്കത്തില്‍ ബാബരി മസ്ജിദ് പ്രശ്നത്തില്‍ നിയമകേന്ദ്രങ്ങളും ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും പ്രതിക്കൂട്ടിലാണ്.

Bookmark and Share

No comments: