വിവാഹ വാഗ്ദത്തം വിശ്വസിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ ശരീരം കാത്തുകൊള്ളണമെന്ന ഒരു മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ദല്‍ഹി ജില്ലാ കോടതി നമ്മുടെ പെണ്‍കുട്ടികള്‍ക്കു നല്‍കുകയുണ്ടായി. വിവാഹം വാക്കു കൊടുത്ത് നാല് വര്‍ഷമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അയല്‍വാസിക്കെതിരെ കോടതിമുമ്പാകെ വന്ന ഒരു കേസിലാണ് അഡീഷനല്‍ സെഷന്‍സ്ജഡ്ജി അരുണ്‍കുമാര്‍ ആര്യ ഈ നിരീക്ഷണം നടത്തിയത്. വിശാലമായ സന്ദേശമുള്‍ക്കൊള്ളുന്ന, സ്ത്രീപീഡനങ്ങള്‍ കേട്ടുമടുത്ത് നിരാശപൂണ്ട ഒരു മനസ്സിന്റെ ആത്മഗതമാണ് ഈ വെളിപ്പെടുത്തല്‍. ഏത് നിമിഷത്തിലും പീഡനഭീഷണിയിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ എന്നതിന് ഇക്കാലത്ത് ഒരുദാഹരണവും നിരത്തേണ്ടതില്ല.
ശരീരം കാത്തുകൊള്ളാന്‍ പെണ്‍കുട്ടികളോടു പറയുമ്പോള്‍ ഒട്ടേറെ വിപരീത ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആണുങ്ങള്‍ മാത്രമല്ല, മാധ്യമങ്ങളും യന്ത്രങ്ങളും സ്ത്രീകള്‍ തന്നെയും പെണ്‍കുട്ടികളെ വേട്ടയാടുന്നു. തൊട്ടില്‍ തൊട്ട് കാമ്പസുകള്‍ വരെ, ഇടവഴികള്‍ മുതല്‍ ബാത്ത്റൂമുകളുടെ സണ്‍ഷേഡുകള്‍ വരെ ഒളികാമറകളില്‍ പകര്‍ത്തി അവരുടെ ശരീരരഹസ്യങ്ങള്‍ ബ്ലൂ ടൂത്ത് വഴി കടല്‍ കടത്തി വിടുന്നേടത്തോളം പെണ്‍കുട്ടികളുടെ സുരക്ഷ തകര്‍ന്നിരിക്കുന്നു. ഇന്റര്‍നെറ്റ് കഫെകള്‍, പാര്‍ക്കുകള്‍, കല്യാണ വീടുകള്‍, റസ്റ്റാറന്റുകള്‍, സിനിമാശാലകള്‍, ബ്യൂട്ടി പാര്‍ലറുകള്‍... എവിടെയാണ് ആധുനിക മനുഷ്യന്റെ മൂന്നാം കണ്ണുള്ളതെന്ന് ഒരു പെണ്‍കുട്ടിക്കും നിശ്ചയമില്ല. എന്നിട്ടുപോലും പെണ്‍കുട്ടികള്‍ക്ക് കരുതലുകള്‍ ഇല്ലെന്നത് സമൂഹത്തിന്റെയൊരു പൊതു നിര്‍ഭാഗ്യമായേ കാണാനാകൂ.
ലിംഗ വ്യത്യാസം ബന്ധങ്ങളെ ബാധിക്കാത്ത പാശ്ചാത്യരീതിയുടെ അപകടകരമായ തീക്കട്ടയിലൂടെതന്നെയാണ് സ്ത്രീകളെയും കൊണ്ടുള്ള സമൂഹത്തിന്റെ സഞ്ചാരം. ഇതിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടികളില്‍ മാത്രം കെട്ടിയേല്‍പിച്ച് രക്ഷിതാക്കള്‍ക്കോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കോ സാംസ്കാരിക മേഖലക്കോ മത മേലാളന്മാര്‍ക്കോ മാറിനില്‍ക്കാനാവില്ല. കുഞ്ഞിനെ എല്‍.കെ.ജിയിലേക്ക് പറഞ്ഞയക്കുന്നത് തൊട്ട്, മാതാപിതാക്കള്‍ക്ക് അവളില്‍ ബാധ്യതകളുണ്ട്. മക്കളെ ഡോക്ടറോ എന്‍ജിനീയറോ എയര്‍ഹോസ്റ്റസോ ആക്കണമെന്ന സ്വപ്നത്തിനുമപ്പുറം അവരെ നല്ല മനുഷ്യരും ആക്കണമെന്ന ചിന്ത കരിഞ്ഞുപോവുന്നു. കളിത്തൊട്ടില്‍ തൊട്ട് കൈപിടിച്ച് വളര്‍ത്തിയെടുത്ത ഓമന, ഒരുനാള്‍ കാമുകവേഷത്തിലെത്തുന്ന പുരുഷനാല്‍ വഞ്ചിക്കപ്പെടുമ്പോഴുള്ള വേദന ഒരു രക്ഷിതാവിനും താങ്ങാനാവാത്തതാണ്. പക്ഷേ, അവരെ പിഴച്ചവഴിക്ക് നടത്തിയത് ആരെന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാവേണ്ടതും അമ്മ മനസ്സില്‍ നിന്നോ അച്ഛന്റെ നാവില്‍ നിന്നോ തന്നെ.
സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തുള്ള മികച്ച ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ഉന്നത വിദ്യാഭ്യാസത്തിലും പൊതുവിജ്ഞാനത്തിലും മാധ്യമബോധ്യങ്ങളിലും സംസ്കാരത്തിലും ഞങ്ങളാണ് മാതൃകയെന്ന് മറ്റ് സംസ്ഥാനങ്ങളുടെ മുമ്പില്‍ അഹങ്കരിക്കുന്ന നാടുകൂടിയാണിത്. നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2004 മുതല്‍ 2008 വരെയുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കകം കേരളത്തില്‍ പീഡനത്തിനിരയായ സ്ത്രീകളുടെ എണ്ണം 36,600 ല്‍ അധികമാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായ നടപ്പുവര്‍ഷത്തിന്റെ കണക്ക് ഒരുപക്ഷേ, ഞെട്ടിക്കുന്ന ശതമാനത്തിലെത്തി നില്‍ക്കുന്നുണ്ടാവും. 2009 ജനുവരി^ഏപ്രില്‍ മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസുകള്‍ മാത്രം 189 എണ്ണമുണ്ട്. യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതിന്റെ അഞ്ചിരട്ടിയോളമാണെന്ന് വനിതാക്ഷേമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. 2008ല്‍ മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡന കേസുകള്‍ 2548 എണ്ണമാണ്. ഗാര്‍ഹിക പീഡന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 140 ശതമാനം വര്‍ധനയാണ് ഇതേ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയാവട്ടെ തിരുവനന്തപുരവും ^407. കേരളത്തില്‍ സ്ത്രീപീഡനത്തിനും ആത്മഹത്യക്കും ഏറ്റവും മുന്നിലുള്ള ജില്ലയും തിരുവനന്തപുരമാണെന്ന് സംസ്ഥാന ക്രൈം ബ്യൂറോ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം സംസ്ഥാനത്ത് 21,257 സ്ത്രീ പീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഫെബ്രുവരി 19ന് നിയമസഭയില്‍ വെളിപ്പെടുത്തി. 2009 ജനുവരിക്കും മേയ് 31നുമിടയില്‍ എസ്.സി/എസ്.ടി വിഭാഗത്തിലെ മാത്രം 476 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ജൂണ്‍ 25നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞു. കണക്കുപരിശോധനകള്‍ കേരളീയന്റെ ആശങ്കകള്‍ ഇനിയും വര്‍ധിപ്പിക്കുകയേയുള്ളൂ.
വീട്ടില്‍ പരിഗണന കിട്ടാത്തവരും സാമ്പത്തിക പ്രലോഭനങ്ങളില്‍ പെടുന്നവരുമാണ് കൈവിട്ടുപോകുന്ന പെണ്‍കുട്ടികളില്‍ അധികവുമെന്ന് മാധ്യമ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കൊലയും കവര്‍ച്ചയും ശിശുഹത്യയും മോഷണവും നടത്തുന്നതില്‍ കേരളീയ പെണ്‍കുട്ടികള്‍ സിംഹ പങ്കാളിത്തം വഹിക്കുന്നതായി മുന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസന്‍ ഡോ. എന്‍.എസ്. ബാലകൃഷ്ണന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.
സാമാന്യവത്കരിച്ചു പറയുകയല്ല, നമ്മുടെ പെണ്‍കുട്ടികളില്‍ അധികവും വീട്ടകങ്ങളില്‍ നിന്നുതന്നെ കുഞ്ഞുന്നാളിലേ തെറ്റിപ്പോവുന്നുണ്ട്. രക്ഷിതാക്കള്‍ നോക്കിക്കൊണ്ടിരിക്കെ തന്നെ. മുതിര്‍ന്നവരില്‍നിന്നു കിട്ടാത്ത സ്നേഹവും വാല്‍സല്യവും പുറത്തെവിടെ നിന്നോ അനുഭവപ്പെടുമ്പോള്‍ അത് ചെകുത്താന്റെ ലാളനയാണെന്ന് അവര്‍ തിരിച്ചറിയാതെ പോവുന്നു. അമിതലാളനകൊണ്ട് ലഭിക്കുന്ന ആഡംബര സൌകര്യങ്ങള്‍ ഇതിന്റെയൊരു വിപരീത ദുരന്തമാണെന്നും കാണണം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൌകര്യങ്ങളും പെണ്‍സൌന്ദര്യത്തിന്റെ ഒളിമേഖലകളുടെ പ്രകടനപരതയും പെണ്‍കുട്ടികള്‍ തന്നെ വിളിച്ചുവരുത്തുന്ന ദുരന്തങ്ങളാണ്. സ്ത്രീയുടെ ഏറ്റവും സുരക്ഷിതമായ മറയെന്ന് അവകാശപ്പെടുന്ന 'പര്‍ദ'വരെ പുരുഷ ദാഹത്തിന്റെ കമനീയ കേന്ദ്രമാക്കി മാറ്റുംവിധം വിരുതില്‍ ഒരുക്കപ്പെടുന്ന വിപണന തന്ത്രം സ്ത്രീകള്‍ തിരിച്ചറിയാഞ്ഞിട്ടു തന്നെയാണോ? അതോ തന്നെ ആര്‍ക്കും ആസ്വദിക്കാമെന്ന സ്വതന്ത്രമായ ഒരു ഏല്‍പിച്ചു കൊടുക്കലിന് സ്ത്രീമനസ്സ് വഴങ്ങുന്നുണ്ടോ? ദല്‍ഹി ജില്ലാ കോടതി ജഡ്ജി അരുണ്‍കുമാര്‍ ആര്യയുടെ നിരീക്ഷണം പ്രസക്തമാവുന്നത് ഇവിടെയാണ്. പെണ്‍കുട്ടികളെ അവര്‍തന്നെ രക്ഷിക്കണമെന്ന നിരീക്ഷണത്തിന്റെ വായനയില്‍ നമുക്ക് കിട്ടുന്ന അറിവും വേറെയൊന്നല്ല. back to top
നിലവിളിക്കുന്ന നിര്‍ഭാഗ്യവതികള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment