നോര്‍ക്കാ വകുപ്പിന്റെ കീഴില്‍ പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി. പതിനഞ്ചംഗ ബോര്‍ഡാണ് രൂപവത്കരിച്ചത്. ടി.കെ. ഹംസയാണ് ബോര്‍ഡിന്റെ ചെയര്‍മാന്‍. കൊച്ചുകൃഷ്ണന്‍ (ഷാര്‍ജ), പി.എം. ജാബിര്‍ (ഒമാന്‍), പയ്യോളി നാരായണന്‍ (കോഴിക്കോട്), സി.എന്‍. ചന്ദ്രന്‍ (പിണറായി, കണ്ണൂര്‍), കെ. വിജയകുമാര്‍ (നേമം, തിരുവനന്തപുരം) എന്നിവര്‍ വിദേശ മലയാളികളെ പ്രതിനിധീകരിച്ചും പി.ആര്‍. കൃഷ്ണന്‍ (മുംബൈ), കമ്പലങ്ങാട് ഉണ്ണികൃഷ്ണന്‍ (ചെന്നൈ) എന്നിവര്‍ അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്ന കേരളീയരെ പ്രതിനിധീകരിച്ചും ബോര്‍ഡില്‍ അംഗങ്ങളാണ്. തൊഴില്‍, നിയമം, ധനകാര്യം, നോര്‍ക്കാ എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളാണ്. കൂടാതെ, ഒഡെപെക് മാനേജിങ് ഡയറക്ടര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരും ബോര്‍ഡ് അംഗങ്ങളാണ്.ക്ഷേമനിധി ബോര്‍ഡ് ജനവരി മാസത്തോടെ പ്രവര്‍ത്തനക്ഷമമാകും. അംഗത്വ കാര്‍ഡ് വിതരണവും പദ്ധതി പ്രവര്‍ത്തനങ്ങളും ജനവരിയില്‍ ആരംഭിക്കും. 18നും 55നും മദ്ധ്യേ പ്രായമുള്ളവര്‍ക്കാണ് അംഗത്വം നല്കുന്നത്. അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍, സ്ഥിരമായ ശാരീരിക വൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തിക സഹായം എന്നിവ ക്ഷേമപദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ അംഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാ സഹായം, വനിതാംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹ സഹായം, വസ്തു വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള സാമ്പത്തിക സഹായവും വായ്പയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ സഹായവും വായ്പയും, സ്വയംതൊഴില്‍ വായ്പ എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും. കൂടാതെ 55 വയസ്സിനു മുകളിലുള്ളവര്‍ക്ക് അംഗത്വമെടുക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ലെങ്കിലും അവര്‍ക്ക് ചികിത്സാ സഹായം, പെന്‍ഷന്‍ എന്നിവ പ്രത്യേക സഹായനിധിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രത്യേക സഹായനിധി പ്രകാരമുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ബോര്‍ഡ് നിശ്ചയിക്കും.
No comments:
Post a Comment