പെണ്ണുങ്ങള്‍ക്കൊന്നും അമ്മയാവാന്‍ നേരമില്ലാതായാല്‍ എന്തുചെയ്യും? പിന്നെ എന്തെങ്കിലും നടക്കണമെങ്കില്‍ പ്രകൃതി തന്നെ വിചാരിക്കണം. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ബ്രിട്ടണില്‍ സംഭവിച്ചത് അതാണത്രേ. കനത്ത മഞ്ഞുവീഴ്ച. വീടിനു പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. കറന്റില്ല. ടി.വിയില്ല. റേഡിയോ ഇല്ല. ഇന്‍ര്‍നെറ്റുമില്ല.
മഞ്ഞും കുഞ്ഞും തമ്മിലെന്തു ബന്ധം എന്നല്ലേ. ഇങ്ങനെ നിര്‍ത്താതെ മഞ്ഞുവീഴുന്നിടത്തൊക്കെ ഒമ്പതു മാസം കഴിഞ്ഞാല്‍ പ്രസവാസ്പത്രികളില് വന്‍ തിരക്കായിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ മൊട്ടിട്ടു വളരുന്ന പ്രണയം! ബോറടി മാറ്റാനുള്ള ശ്രമത്തിനിടയില്‍ പറ്റിപ്പോകുന്ന അബദ്ധം- കുഞ്ഞുങ്ങള്‍.
അമേരിക്കയിലും ബ്രിട്ടണിലുമൊക്കെ ഇത് സ്ഥിരം പ്രതിഭാസമാണെന്നാണ് ബ്രിട്ടണിലെ റോയല്‍ കോളേജ് ഓഫ് മിഡവൈവ്‌സിന്റെ ഡയറക്ടര്‍ ജാക് ജെറാഡ് പറയുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ ആഞ്ഞുവീശിയ ഇക്കേ കൊടുങ്കാറ്റിനു ശേഷം ഒമ്പതുമാസം കഴിഞ്ഞു വന്ന വേനല്‍ക്കാലത്ത് ഹൂസ്റ്റണിലെ ആസ്പത്രികളില്‍ 25 ശതമാനം കൂടുതലായിരുന്നു പ്രസവം. ഹോളണ്ടിലെ മാസ്ഡ്രിയല്‍ നഗരത്തില്‍ 2008 സെപ്തംബറില്‍ പ്രസവം 44 ശതമാനം കൂടാന്‍ കാരണം രണ്ടു ദിവസത്തെ പവര്‍കട്ടായിരുന്നത്രേ. പൊതുവേ ക്രിസ്മസ് അവധി കഴിഞ്ഞാല്‍ തന്നെ ജനനനിരക്ക് കൂടാറുണ്ട്.
ഒരു സ്ത്രീ അമ്മയാവണോ എന്ന തീരുമാനിക്കേണ്ടത് ആരാണ്? അവള്‍ക്ക് സ്വയം അതു തീരുമാനിക്കാനുള്ള അവകാശം ഉണ്ടാവണമെന്നാല്ലോ നമ്മുടെ നാട്ടിലെ വനിതാ സംഘടനകളൊക്കെ പറയുന്നത്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോയോ? ഒരു സ്ത്രീക്കോ അവളുടെ പങ്കാളിയായ പുരുഷനോ കുടുംബത്തിനോ എന്തിന് സമൂഹത്തിനോ പോലും ഇക്കാര്യമൊന്നും നിയന്ത്രിക്കാനാവാത്ത സ്ഥിതിയായോ?
ജോലി, കൂടുതല്‍ ജോലി, പണം, കൂടുതല്‍ പണം- മത്സരം മുറുകുമ്പോള്‍ മുറിഞ്ഞു പോകുന്ന താരാട്ടുപാട്ടിന്റെ ഈണം. ജീവന്റെ ആദ്യത്തെ തുടിപ്പ്, കുഞ്ഞുകാലുകള്‍ വയറിനുള്ളില്‍ ചവിട്ടുമ്പോള്‍ മേലാകെ പടര്‍ന്ന വിറയല്‍, ആദ്യമായി ആ കുഞ്ഞുമുഖം കണ്ട നിമിഷം, പട്ടുപോലെ നനുത്ത വിരലുകള്‍ മുഖത്തുതൊട്ടപ്പോഴത്തെ സുഖം, അമ്മിഞ്ഞപ്പാല്‍ പടര്‍ന്ന ചുണ്ടുകളില്‍ വിടര്‍ന്ന ആദ്യത്തെ ചിരി- ഇതൊക്കെ ഒരു സ്ത്രീക്ക് മാത്രം സ്വന്തം. ലോകത്തിന്റെ നിറുകയില്‍ ചവിട്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ആണ്‍വര്‍ഗ്ഗത്തിന് ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ആനന്ദം. മറ്റെവിടെയും ഇല്ലെങ്കിലും ഈ ഒരു കാര്യത്തിലെങ്കിലും നമ്മള്‍, പെണ്ണുങ്ങള്‍ക്കാണ് ജയം. എ ന്നിട്ടും നമുക്ക് സമയമില്ല. അമ്മയാവാന്‍ മാത്രമല്ല, പ്രണയിക്കാനും സമയമില്ല. അതിനൊക്കെ നിന്നാല്‍ മത്സരത്തില്‍ നിന്ന് ഔട്ടായിപ്പോവും. അതുകൊണ്ട് നമ്മള്‍ ഓടിക്കൊണ്ടേയിരിക്കുന്നു. കൂടെയുള്ളവന്‍ വീണുപോയാലും തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ.
ഓട്ടം കഴിയുമ്പോള്‍ അവശേഷിക്കുന്നത് എന്താവും? രോഗങ്ങള്‍, നിരാശ, ഒറ്റപ്പെടല്‍, വാര്‍ധക്യം... അറിയില്ല. പക്ഷേ ഓട്ടം തുടരുന്നു. സഹികെടുമ്പോള്‍ പ്രകൃതി ഇടപെടുന്നു. മഞ്ഞായി, മഴയായി, കൊടുങ്കാറ്റായി, ഭൂകമ്പമായി... എല്ലാ അഹങ്കാരങ്ങളും മത്സരങ്ങളും ഒടുങ്ങുന്നു. ബാക്കിയാവുന്നത് പച്ചമനുഷ്യന്‍ മാത്രം. വിശക്കുന്ന, ദാഹിക്കുന്ന, ഇണ തേടുന്ന ആ പഴയ മനുഷ്യന്‍.
ഒരു മഞ്ഞുവീഴ്ചയില്‍ പ്രണയബദ്ധരായ രണ്ടുപേരെ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടര്‍ പരിചയപ്പെടുത്തുന്നുണ്ട്. യൗവനത്തിന്റെ അവസാനത്തിലെത്തി നില്‍ക്കുന്ന ഒരു സ്ത്രീയും പുരുഷനും. ഒരു ഡേറ്റിങ്ങ് വെബ്‌സൈറ്റിലൂടെയുള്ള പരിചയം മാത്രം. അവന്റെ വീട്ടില്‍ അത്താഴം കഴിക്കാന്‍ എത്തിയതായിരുന്നു അവള്‍. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും റോഡാകെ മഞ്ഞുമൂടിപ്പോയിരുന്നു. തിരികെപ്പോകാന്‍ ഒരു മാര്‍ഗ്ഗവുമില്ല. മൂന്നു ദിവസം അവള്‍ക്ക് അവിടെ കഴിയേണ്ടി വന്നു. മാറ്റാന്‍ വസ്ത്രം പോലും അവളുടെ കയ്യിലുണ്ടായിരുന്നില്ല. അവന്റെ ട്രൗസറും ഷര്‍ട്ടുമിട്ട്്, തലമുടി ചീകാന്‍ ഒരു ചീര്‍പ്പുപോലുമില്ലാതെ മൂന്നു ദിവസം. ആദ്യമൊക്കെ വല്ലാത്ത അസ്വസ്ഥതയായിരുന്നു. പക്ഷേ, മഞ്ഞു വീഴ്ച കഴിഞ്ഞപ്പോഴേക്കും അവര്‍ അറിഞ്ഞു- തങ്ങള്‍ക്ക് എന്തൊക്കയോ മാറ്റം സംഭവിച്ചിരിക്കുന്നു. പ്രണയം മഞ്ഞുപോലെ തങ്ങളെ പൊതിഞ്ഞിരിക്കുന്നു.
അതേ, മഞ്ഞിന് ഇങ്ങനെയും ചില സാധ്യതകളുണ്ട്. ഇനിയും ഒരുപാട് മഞ്ഞുപെയ്യട്ടെ.
Free Signature Generator
മഞ്ഞുപെയ്യുമ്പോള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment