Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

അസിഡിറ്റി കുറയ്ക്കാം, കരുതലോടെ

നെഞ്ചെരിച്ചില്‍ ഒരു നീറുന്ന പ്രശ്‌നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്നവര്‍ നിരവധിയാണ്. ഉദരരോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അള്‍സറിലേക്ക് നയിക്കുന്ന ഈ രോഗലക്ഷണം അവഗണിക്കത്തക്കതല്ല. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും ദഹനരസങ്ങളുടെ അമ്ലത നിയന്ത്രിച്ചുനിര്‍ത്താനും ഉതകുന്ന ഭക്ഷണപാനീയങ്ങള്‍ ശീലിക്കുകയുംകൂടി ചെയ്താല്‍ മാത്രമേ പൂര്‍ണമായ പ്രതിരോധ ചികിത്സയാകുന്നുള്ളൂ.


ദഹനപചനപ്രക്രിയയ്ക്ക് സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളുടെ വീര്യം താങ്ങാന്‍തക്ക ശേഷിയോടെയാണ് ആമാശയത്തിലെ ശ്ലേ ഷ്മസ്തരം രൂപപ്പെടുത്തിയിട്ടുള്ളത്. ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചു കയറുമ്പോള്‍ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

പലപ്പോഴും ഗ്യാസ്ട്രബിളിന്റെ മരുന്നില്‍ താത്ക്കാലികമായി ഈ പ്രശ്‌നത്തെ ഒതുക്കുന്നതും പതിവാണ്.
അള്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാല്‍ത്തന്നെ അള്‍സറിന്റെ ചികിത്സയില്‍ ഏത് ചികിത്സാരീതിയായാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു.

ഭക്ഷണരീതിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍, നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കും. നാം ഭക്ഷണപദാര്‍ഥങ്ങളായി ഉപയോഗിക്കുന്നവയില്‍ അമ്ലത്തെ ജനിപ്പിക്കുന്നവയും ക്ഷാരത്തെ ജനിപ്പിക്കുന്നവയും ഉണ്ടാകാം. ഈ രണ്ടുതരം ഭക്ഷണങ്ങളും ശരീരത്തിന് ആവശ്യവുമാണ്. എന്നാല്‍, ക്ഷാരസ്വഭാവമുള്ള ഭക്ഷണം 75-80 ശതമാനം വരെയും ബാക്കി 20-25 ശതമാനം മാത്രം അമ്ലസ്വഭാവമുള്ള ഭക്ഷണവും കഴിക്കുന്നത്, ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള ഉത്തമമായ 'ടെക്‌നിക്കാ'യി പഠനങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നു.

ഏതൊരു ദ്രവത്തിന്റെയും അമ്ലതയും ക്ഷാരത്വവും അളക്കുന്നത് പി.എച്ച്. തോത് നോക്കിയാണല്ലോ. ശരീരദ്രവങ്ങളുടെ 'പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍' എന്ന ഈ പി.എച്ച്. തോത് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നത് ആരോഗ്യലക്ഷണമാകുന്നു. ആരോഗ്യകരമായ അവസ്ഥയില്‍ നമ്മുടെ രക്തത്തിന്റെ പി.എച്ച്. 100 മി.ലിറ്ററില്‍ 7.4-7.5 വരെയാകുന്നതാണ് ഉത്തമം. ശരീര ദ്രവങ്ങളുടെ പി.എച്ച്. സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതായാല്‍ ക്രമമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സഹായകമാകും. അമിതമായ അമ്ലത (ഓവര്‍ അസിഡിറ്റി) ശാരീരിക വ്യവസ്ഥയാകെ ദുര്‍ബലപ്പെടുത്തുന്നു.

ആരോഗ്യമുള്ള ഒരു ശരീരത്തില്‍ ക്ഷാരത്തിന്റെ കരുതല്‍ശേഖരം അഥവാ ഇലക്‌ടോലൈറ്റുകള്‍ ആവശ്യത്തിനുണ്ടാകും. അമിതമായ അമ്ലത്തെ നിര്‍വീര്യമാക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍, ഈ കരുതല്‍ശേഖരത്തില്‍ നിന്നും ക്ഷാരാംശം എടുക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ ക്ഷീണിപ്പിക്കുകയും വീണ്ടും ഉള്ളിലെത്തുന്ന അമ്ലാംശത്തെ നിര്‍വീര്യമാക്കാന്‍ കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കുകയും, ദീര്‍ഘകാലം ഈ കവര്‍ച്ച തുടര്‍ന്നാല്‍ പ്രമുഖ അവയവങ്ങള്‍ക്ക് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്യുന്നു.

ശരീരത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയ കണ്ടുപിടിക്കപ്പെടാതെ വളരെക്കാലം തുടര്‍ന്നുപോയാല്‍ ആരോഗ്യം ക്ഷയിക്കുമെന്നുറപ്പ്. ഈ അവസ്ഥയുണ്ടാകാതിരിക്കാന്‍, കൂടുതല്‍ ക്ഷാരാംശമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ യഥാസമയം ഉള്ളിലെത്തിച്ചുകൊടുക്കണം. ഏതുതരം ഭക്ഷണപാനീയങ്ങളാണ് അമ്ലാംശത്തെ അധികരിപ്പിക്കുന്നതെന്നും ക്ഷാരാംശം കൂട്ടുന്നവ ഏതെന്നും ധാരണയുണ്ടായാല്‍ മാത്രമേ ഈ മുന്‍കരുതല്‍ എടുക്കുക സാധ്യമാകൂ. ചിലപ്പോള്‍ രുചിയില്‍ അമ്ലമായി തോന്നുന്നവ, ദഹനപചനത്തിനൊടുവില്‍ ശേഷിപ്പിക്കുന്നത് ക്ഷാരാംശമാകാം. പഴങ്ങളും പച്ചക്കറികളുമാണ് പ്രധാനമായും ക്ഷാരാംശം ശേഷിപ്പിക്കുന്നവ. അതില്‍ വിശേഷഗുണങ്ങളുള്ള ഒരു ഫലമാണ് ചെറുനാരങ്ങ.

ചെറുനാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങുന്നതായി അറിവുള്ളതാണ്. പക്ഷേ, ഇത് ദഹനപചനത്തിന് ശേഷം ക്ഷാരാംശമാണ് ശേഷിപ്പിക്കുന്നത്. ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയായ ചെറുനാരങ്ങയില്‍ പഞ്ചസാര വളരെ കുറവും ധാരാളം ഓക്‌സിജനുള്ളതുമാണ്. സന്ധിഗതരോഗങ്ങള്‍ പ്രത്യേകിച്ചും യൂറിക് ആസിഡ് അധികരിച്ചുണ്ടാകുന്ന ഗൗട്ട് തുടങ്ങിയ അസുഖങ്ങളില്‍ കാര്യമായ പ്രയോജനം ചെയ്യുന്നു ഈ അത്ഭുതഫലം. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ്, യൂറിക് ആസിഡിനെ അലിയിച്ചുകളയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരദ്രവങ്ങളുടെ പി.എച്ച്. തോത് കൂട്ടുന്ന അഥവാ ക്ഷാരത്വം ശേഷിപ്പിക്കുന്ന ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.
പച്ചക്കറികള്‍: വെളുത്തുള്ളി, ബീറ്റ്‌റൂട്ട്, ബ്രോക്കോളി, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, കുമ്പളം, വഴുതിന, കൂണ്‍, ഭക്ഷ്യയോഗ്യമായ പൂവുകള്‍, ഉള്ളി, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, മത്തന്‍, ചീര, റാഡിഷ്, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങിന്റെ തൊലി തുടങ്ങിയവ.
പഴങ്ങളും പരിപ്പുവര്‍ഗ്ഗവും: മാമ്പഴം, പപ്പായ, ആപ്രിക്കോട്ട്, ബട്ടര്‍ഫ്രൂട്ട് അഥവാ അവക്കാഡോ, ഏത്തപ്പഴം, മുന്തിരി, ചെറി, ഈത്തപ്പഴം, അത്തിപ്പഴം, ഓറഞ്ച്, നാരങ്ങ, സബര്‍ജെല്ലി, പൈനാപ്പിള്‍, തക്കാളി, തണ്ണീര്‍മത്തന്‍, ബെറി വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, ആല്‍മണ്ട്, മത്തങ്ങാക്കുരു, മുത്താറി, ഉണക്കമുന്തിരി തുടങ്ങിയവ.

മറ്റുള്ളവ: ഗ്രീന്‍ ടീ, ഹെര്‍ബല്‍ ചായ, പഴച്ചാറുകള്‍, ഏലക്കായ്, ഇഞ്ചി, കടുക്, തേങ്ങ, മുലപ്പാല്‍, നാരങ്ങാവെള്ളം, തേന്‍.
അമ്ലത (അസിഡിറ്റി) കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍: എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി, ചോളം, പച്ചക്കായ, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബ്രെഡ്ഡ്, കേക്ക്, ചിക്കന്‍, ചോക്ക്‌ലേറ്റ്, കാപ്പി, മുട്ട, ആട്ടിറച്ചി, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്ട്‌സ്, അരിയാഹാരം, ആല്‍മണ്ട് ഒഴികെയുള്ള പരിപ്പുവര്‍ഗം, പഞ്ചസാര, കടല്‍മത്സ്യം, ചായ, പാല്‍, വെണ്ണ മുതലായ പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ബീഫ്, പോര്‍ക്ക്, മുയലിറച്ചി, ട്യൂണ, അണ്ടിപ്പരിപ്പ്, ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, സ്​പിരിറ്റുകള്‍, വൈന്‍ ഇവകള്‍, നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, രാസൗഷധങ്ങള്‍, കൃത്രിമ പഞ്ചസാരയായി ഉപയോഗിക്കുന്ന ന്യൂട്രാസ്വീറ്റ് മതുലായവ.

പഴങ്ങളിലും പച്ചക്കറികളിലും ഓര്‍ഗാനിക് അമ്ലങ്ങളോടൊപ്പം സോഡിയം, പൊട്ടാസ്യം മുതലായ ധാതുലവണങ്ങള്‍ കൂടിയുണ്ടാകും. ശരീരത്തിലെ ദഹനപചന പ്രക്രിയകള്‍ക്കൊടുവില്‍, ശേഷിപ്പിക്കപ്പെടുന്ന ഈ ധാതുലവണങ്ങള്‍ രക്തത്തിന്റെ ക്ഷാരാംശം വര്‍ധിപ്പിക്കുന്നു. കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം മുതലായവയുടെ സാന്നിധ്യം ക്ഷാരത്വത്തെ കൂട്ടുന്നതിനും, സള്‍ഫര്‍, ഫോസ്ഫറസ്, ക്ലോറിന്‍ തുടങ്ങിയവ അമ്ലത്വമുണ്ടാക്കുന്നതിനും കാരണമാകും.

ശരീരദ്രവങ്ങളില്‍ ക്ഷാരത്വവും ധാരാളം ഓക്‌സിജനും ഉള്ളപ്പോള്‍ രോഗാണുക്കള്‍ക്ക് നിലനില്‍പ്പ് അസാധ്യമാണ്. നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശരീരധാതുക്കളെ പുനരുജ്ജീവിപ്പിച്ച് ആരോഗ്യം നിലനിര്‍ത്താന്‍, അമ്ലത കൂട്ടുന്ന ഭക്ഷണപാനീയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.

Bookmark and Share

No comments: