Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ഇനി പ്രവാസികള്‍ക്കും വോട്ടു ചെയ്യാം


ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലെ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം നല്‍കുന്ന ചട്ടം നിയമമന്ത്രലായം തയ്യാറാക്കി. ഇതനുസരിച്ച് വോട്ടര്‍പ്പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അപേക്ഷ നിയമസഭാ മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടാവില്ല. ചട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമാഭിപ്രായത്തിനായി അയച്ചുകൊടുത്തിട്ടുണ്ട്. കഴിഞ്ഞകൊല്ലം അവസാനം പാര്‍ലമെന്‍റ് പാസാക്കിയ പ്രവാസി വോട്ടവകാശ നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടം തയ്യാറാക്കിയത്.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്നതോടെ ചട്ടം വിജ്ഞാപനം ചെയ്യുമെന്ന് നിയമമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ തയ്യാറാക്കിയ ചട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റമില്ലാതെ അംഗീകരിക്കുമെന്നാണ് സൂചന. എങ്കില്‍ രണ്ടാഴ്ചയ്ക്കകം ചട്ടം നിലവില്‍വരും. ഈ മാസം ഒടുവില്‍ വിജ്ഞാപനമുണ്ടായാല്‍, മെയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ത്തന്നെ പ്രവാസികള്‍ക്ക് പേരു ചേര്‍ക്കാനും വോട്ട് രേഖപ്പെടുത്താനും അവസരം ലഭിക്കുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
ചട്ടം തയ്യാറാക്കുന്നതിനുമുമ്പ് നടത്തിയ ചര്‍ച്ചകള്‍ക്കിടയില്‍, പാസ്‌പോര്‍ട്ട് രേഖകള്‍ ഹാജരാക്കി എംബസികളില്‍ പേരുചേര്‍ക്കാമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു. എംബസികളില്‍ വേണ്ടത്ര ജീവനക്കാരില്ലെന്ന കാരണം പറഞ്ഞാണിത്.

വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസി നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. താമസിക്കുന്ന വിദേശരാജ്യം, ജോലി, പഠനവിവരങ്ങള്‍, അവിടത്തെ താമസത്തിന്റെ വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ട്-വിസ വിവരങ്ങള്‍, നാട്ടിലെ വിവരങ്ങള്‍ തുടങ്ങിയവയാണ് ഈ ഫോറത്തില്‍ നല്‍കേണ്ടത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
പുതുക്കിയ വോട്ടര്‍പ്പട്ടിക ഇതിനോടകം പ്രസിദ്ധീകരിച്ച സംസ്ഥാനങ്ങളില്‍, പുതുതായി പേരുചേര്‍ക്കുന്നവര്‍ക്കുവേണ്ടി 'അഡീഷണല്‍ വോട്ടര്‍പ്പട്ടിക' പ്രസിദ്ധീകരിക്കും. പുതുക്കുന്ന സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും പേരുചേര്‍ക്കാന്‍ പുതുതായി അപേക്ഷ നല്‍കാം.

നാട്ടില്‍ സ്ഥിരതാമസമില്ലെന്ന കാരണത്താല്‍ പ്രവാസികളുടെ പേര് വോട്ടര്‍പ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍റ് പ്രവാസിവോട്ട് നിയമം പാസാക്കിയത്. കഴിഞ്ഞകൊല്ലത്തെ പ്രവാസിസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനു തുടര്‍ച്ചയായിട്ടായിരുന്നു ഇത്. എന്നാല്‍ നിയമം പാസാക്കിക്കഴിഞ്ഞിട്ടും അത് നടപ്പാക്കുന്നതിന്റെ ചട്ടം തയ്യാറാക്കല്‍ തര്‍ക്കത്തില്‍ കുടുങ്ങി. നിയമ, വിദേശകാര്യ, പ്രവാസികാര്യ മന്ത്രാലയങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും പലവട്ടം കൂടിയാലോചനകള്‍ നടത്തി. എംബസികളില്‍ പേരു ചേര്‍ക്കാന്‍ അവസരം നല്‍കണമെന്ന തിരഞ്ഞെടുപ്പ്കമ്മീഷന്റെ നിര്‍ദേശം സ്വീകാര്യമല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുള്ള ഗള്‍ഫ്‌നാടുകളിലും മറ്റും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഒത്തുനോക്കി വോട്ടര്‍പ്പട്ടിക ഉണ്ടാക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലെന്നായിരുന്നു അവരുടെ നിലപാട്.

Bookmark and Share