Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ആയിരത്തൊന്നു രാവുകള്‍

ആയിരത്തൊന്നു രാവുകള്‍ ലോകകഥാസാഹിത്യത്തില്‍ ഏറ്റവും പ്രചാരമുള്ള കഥാപരമ്പര. .കഥാപരമ്പരയില്‍ നിന്ന്:




'ബസ്രായില്‍ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം പാവങ്ങളെ അത്യധികം സ്‌നേഹിച്ചിരുന്നു. പ്രജകളുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിനു സര്‍വപ്രധാനം. ഒരു കവി വര്‍ണിച്ചിട്ടുള്ളതുപോലെ, 'അദ്ദേഹത്തിന് കുന്തം പേനയും, ശത്രു ലേഖനപത്രികയും, ശത്രുരക്തം മഷിയുമായിരുന്നു.' സുലൈമാന്‍ ഇസൈനിയുടെ മകനായ അദ്ദേഹത്തിന്റെ പേര് മൊഹമ്മദെന്നായിരുന്നു. അദ്ദേഹത്തിന് രണ്ടു മന്ത്രിമാരുണ്ടായിരുന്നു: ഒരാള്‍ അല്‍മുഈന്‍; മറ്റേയാള്‍ അല്‍ഫാദില്‍. അല്‍ഫാദില്‍ വളരെ ദയാലുവും നീതിമാനുമാകയാല്‍ അദ്ദേഹത്തെ ജനങ്ങള്‍ ബഹുമാനിച്ചിരുന്നു. അല്‍മുഈന്‍ എല്ലാവരെയും വെറുക്കുന്ന ഒരുവനായിരുന്നു. ആരുടെയും നന്മയെ അയാള്‍ വകവച്ചിരുന്നില്ല.


ഒരുദിവസം മൊഹമ്മദ് രാജാവ് അല്‍ഫാദിലിനോടു കല്പിച്ചു: 'എനിക്കൊരടിമപ്പെണ്ണിനെ വേണം. സൗന്ദര്യത്തില്‍ അവളോടു കിടനില്ക്കത്തക്ക മറ്റൊരു യുവതി ആ പ്രായത്തില്‍ ഉണ്ടാവാന്‍ പാടില്ല. നല്ല സ്വഭാവിയും ആയിരിക്കണം.' രാജാവ് പതിനായിരം പവനും കൊടുത്തു, അങ്ങനെയൊരുത്തിയെ വാങ്ങിക്കാന്‍. അങ്ങനെയൊരുത്തിയെ കണ്ടാല്‍ കൊണ്ടുവരാന്‍ മന്ത്രി ദല്ലാളന്മാരെ ചട്ടംകെട്ടി. കുറേദിവസം കഴിഞ്ഞിട്ടും കാര്യം സഫലമായില്ല. ഒരുദിവസം ഒരാള്‍ വന്നു പറഞ്ഞു: 'അങ്ങാവശ്യപ്പെട്ടപോലുള്ള ഒരു സ്ത്രീ വന്നിരിക്കുന്നു. എനീസല്‍ജല്ലീസ് എന്നാണ് അവളുടെ പേര്.' മന്ത്രി അവളെ കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. അവള്‍ ഒരു മോഹിനിതന്നെയായിരുന്നു. നല്ല ദേഹസൗകുമാര്യം, കറുത്ത പുരികക്കൊടികള്‍, മിനുത്ത മൃദുലമായ കവിള്‍ത്തടം, നനുത്ത അരക്കെട്ട്, തടിച്ച തുടകള്‍! അവളുടെ ചുണ്ടില്‍ തേന്‍ കിനിയുന്നതായി തോന്നുമായിരുന്നു. തോട്ടത്തിലെ പൂക്കളില്‍ക്കൂടി കടന്നുപോകുന്ന കാറ്റിനേക്കാള്‍ മൃദുവായിരുന്നു അവളുടെ ഭാഷണം. അവള്‍ കടാക്ഷിച്ചാല്‍ വീഞ്ഞുകുടിക്കുന്ന ലഹരി കിട്ടും. മന്ത്രി ചോദിച്ചു: 'ഇവള്‍ക്കെന്തു വില നല്കണം?' ദല്ലാള്‍ പറഞ്ഞു: 'പതിനായിരം പവനില്‍ കുറയാന്‍വയ്യ. അവള്‍ തിന്ന കോഴിക്കുഞ്ഞുങ്ങളുടെ വില നോക്കിയാല്‍ അതിലും കൂടും. അവളുടെ വസ്ത്രങ്ങളുടെ വിലയോ? അവളുടെ അദ്ധ്യാപകര്‍ക്കു നല്കിയ പ്രതിഫലമോ? അവള്‍ പണ്ഡിതയാണ്. വ്യാകരണവും നിയമവും അവള്‍ക്കു കടുകട്ടിയാണ്. സകല സംഗീതോപകരണങ്ങളും വിദഗ്ദ്ധമായി പ്രയോഗിക്കാന്‍ അവള്‍ക്കറിയാം.' ദല്ലാള്‍ അവളുടെ ഉടമസ്ഥനെ കൂട്ടിക്കൊണ്ടുവന്നു. അയാളൊരു വിദേശിയായിരുന്നു. പതിനായിരം പവന്‍ വാങ്ങി അയാള്‍ അവളെ വിട്ടുകൊടുത്തു. എന്നിട്ടു പറഞ്ഞു: 'സുല്‍ത്താന് ഇവളെ കാഴ്ചവയ്ക്കാന്‍ വരട്ടെ. നാടു മാറിയതുകൊണ്ട് ഇവള്‍ക്കു കുറച്ച് അസുഖമുണ്ട്. പത്തുദിവസം അവളെ ഇവിടെ വിശ്രമിപ്പിച്ചിട്ട് പിന്നീടു നല്ല വിലപിടിച്ച വസ്ത്രങ്ങള്‍ ധരിപ്പിച്ചു സുല്‍ത്താനു കാഴ്ചവയ്ക്കൂ. അപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ഭാഗ്യവാന്മാരാകും.' മന്ത്രി അതനുസരിച്ച് അവള്‍ക്ക് ഒരു മുറി ഒഴിച്ചുകൊടുത്തു.

അല്‍ഫാദിലിന് അതിസുന്ദരനായ ഒരു മകനുണ്ടായിരുന്നു. പൂര്‍ണചന്ദ്രനെപ്പോലെ പ്രകാശിച്ചിരുന്ന ആ മകനെ അല്‍ഫാദിലിനു പേടിയായിരുന്നു. അവന്‍ ഏതു പെണ്‍കുട്ടിയെ കണ്ടാലും വശീകരിക്കും. അതുകൊണ്ട് അവളോടു പുറത്തുവരാതെ, മകന്‍ കാണാതെ, മുറിയില്‍ കഴിക്കണമെന്നു മന്ത്രി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു, ഒരുദിവസം കുളികഴിഞ്ഞുവന്ന അവളെ വേലക്കാരികള്‍ ചമയിച്ചൊരുക്കി. അവള്‍ മന്ത്രിയുടെ ഭാര്യയുടെ സമീപത്തു ചെന്ന് അവരുടെ കൈപിടിച്ചു ചുംബിച്ചു. മന്ത്രിയുടെ ഭാര്യ അവളെ, ഒരു രഹസ്യമുറിയിലിരുത്തി. കാവലിനു രണ്ടു ദാസികളെയും നിര്‍ത്തി കുളിക്കാന്‍ പോയി. അപ്പോഴാണ് മന്ത്രികുമാരന്‍, ആലിനൂറുദ്ദീന്‍, അമ്മയെ അന്വേഷിച്ച് അവിടെ എത്തിയത്. അമ്മ കുളിമുറിയിലാണെന്നു ദാസികള്‍ പറഞ്ഞു. ശബ്ദം കേട്ട് എനീസല്‍ജല്ലീസ് ആലി നൂറുദ്ദീനെ കാണാനുള്ള ആശയാല്‍ എത്തിനോക്കി. രണ്ടുപേരും പരസ്​പരം കണ്ടു മോഹിതരായി. നൂറുദ്ദീന്‍ ദാസിമാരെ അടിച്ചോടിച്ച് അവളുടെ മുറിയില്‍ കയറി. 'നിന്നെയാണല്ലേ പിതാവ് എനിക്കുവേണ്ടി വാങ്ങിച്ചത്?' എന്നു ചോദിച്ചുകൊണ്ട് അവന്‍ അവളെ കെട്ടിപ്പുണര്‍ന്നു ചുംബിച്ചു. അപ്പോഴേക്കും ദാസിമാര്‍ മന്ത്രിയുടെ ഭാര്യയെ വിളിച്ചു. അതു കേട്ടു പേടിച്ചു നൂറുദ്ദീന്‍ ഓടിപ്പോയി. മന്ത്രിപത്‌നി എനീസല്‍ജല്ലീസിനോടു ചോദിച്ചു നടന്നതെല്ലാം മനസ്സിലാക്കി.
ഭര്‍ത്താവറിഞ്ഞാല്‍ മകന്റെ കഥ കഴിയും. മന്ത്രിപത്‌നിക്കു ഭയം തോന്നി. അതിനിടയില്‍ വിവരമറിഞ്ഞ മന്ത്രി തലയ്ക്കിട്ടുതല്ലി കരയാന്‍ തുടങ്ങി. അല്‍മുഈന്‍ അല്‍ഫാദിലിന്റെ ശത്രുവാണ്. അയാളിതറിഞ്ഞാല്‍ തന്റെ കഥ കഴിയുമല്ലോ എന്നോര്‍ത്താണു മന്ത്രി കരഞ്ഞത്. പുത്രന്‍ സുന്ദരനായതുകൊണ്ട് അയാള്‍ക്ക് ഇണങ്ങുന്ന അവളെ അവിടെ കരുതിക്കൂട്ടി താമസിപ്പിച്ചതാണെന്നെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്തു രാജാവിനെ ധരിപ്പിക്കും. പിന്നെ സത്യസന്ധനും നീതിമാനുമായ താനെങ്ങനെ മനുഷ്യരുടെ മുഖത്തു നോക്കും? രാജാവിതറിഞ്ഞാല്‍ കൊല്ലും. മന്ത്രിയുടെ ഭാര്യ വിവശനായ ഭര്‍ത്താവിനെ സംഗതി ആരും അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു സമാധാനിപ്പിച്ചു.

നൂറുദ്ദീന്‍ പേടിച്ചു പിതാവിനെ കാണാതെ കുറെ ദിവസം കഴിച്ചുകൂട്ടി. ഒരുദിവസം മന്ത്രിയോടു പത്‌നി പറഞ്ഞു: 'നിങ്ങളിങ്ങനെ തുടര്‍ന്നാല്‍ അവന്‍ നാടുവിട്ടു പോകും. അവളെ അവനു കൊടുക്കൂ. അവര്‍ പരസ്​പരം അനുരക്തരാണ്. അവളുടെ വില ഞാന്‍ നിങ്ങള്‍ക്കു തരാം.' അന്നു രാത്രി മന്ത്രി മകന്റെ വരവു കാത്തിരുന്നു. കണ്ട ഉടനെ കൊല്ലാനാണു തോന്നിയത്. എന്നാലും മകനല്ലേ, അതിലും വലുതല്ലല്ലോ സ്വത്തും അഭിമാനവും. എന്തുംവരട്ടെ എന്നു കരുതി അവളെ അവനു വിവാഹംചെയ്തു കൊടുത്തു. പക്ഷേ, ഒരു കരാറുണ്ടായിരുന്നു: അവളെ ഒരിക്കലും ഉപേക്ഷിക്കരുത്. അങ്ങനെ ഒരുവര്‍ഷം കഴിഞ്ഞു. രാജാവ് അടിമപ്പെണ്ണിന്റെ കാര്യം മറന്നു. പക്ഷേ, അല്‍മുഈന്‍ എല്ലാം അറിഞ്ഞിരുന്നു. അല്‍ഫാദിലിനെ രാജാവിനു വലിയ മതിപ്പായിരുന്നതുകൊണ്ട് അല്‍മുഈന്‍ ഒന്നും മിണ്ടാതെ അവസരം കാത്തിരുന്നു.
ഒരുകൊല്ലം കഴിഞ്ഞു. അല്‍ഫാദില്‍ രോഗബാധിതനായി കിടപ്പായി. രോഗം മൂര്‍ച്ഛിച്ചു. നൂറുദ്ദീനെ വിളിച്ച് ആ പിതാവ് ഉപദേശങ്ങള്‍ കൊടുത്തു. എനീസല്‍ജല്ലീസിനോട് ദയയോടെ പെരുമാറണമെന്നു പ്രത്യേകം പറഞ്ഞു. മന്ത്രി പിന്നെ അധികം ദിവസം കിടന്നില്ല. അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടു ജനങ്ങള്‍ കരഞ്ഞു. ശവസംസ്‌കാരകര്‍മം കേമമായി നടത്തി. അല്‍മുഈനും പങ്കെടുത്തിരുന്നു.

പിതാവിന്റെ മരണം നൂറുദ്ദീനെ ദുഃഖത്തിലാഴ്ത്തി. ഒരുദിവസം ഒരാള്‍ വന്നു നൂറുദ്ദീനോടു പറഞ്ഞു: 'ഞാന്‍ അച്ഛന്റെ ഒരു ഉത്തമസുഹൃത്താണ്. നീ ഇനി കരയാതെ സന്തോഷകരമായ ജീവിതം നയിക്കൂ.' ക്രമേണ നൂറുദ്ദീന്റെ ദുഃഖം മാഞ്ഞുപോയി. അയാള്‍ മറ്റുള്ളവരുമായി കൂട്ടുകൂടി കണ്ടമാനം പണം ചെലവുചെയ്യാന്‍ തുടങ്ങി. വേലക്കാരും കാര്യസ്ഥന്മാരും മറ്റും ഉപദേശിച്ചിട്ടും നൂറുദ്ദീന്‍ തന്റെ ധൂര്‍ത്തു നിര്‍ത്തിയില്ല. ആര് എന്തു ചോദിച്ചാലും അതു കൊടുക്കും. അങ്ങനെ എല്ലാം നശിച്ചുതുടങ്ങി. ആ അടിമപ്പെണ്‍കുട്ടിയും പറഞ്ഞു: 'ഒടുവില്‍ അങ്ങ് ഒറ്റയാകും.' ആരു ചെവിക്കൊള്ളാന്‍! നൂറുദ്ദീന്റെ കൈയിലെ പണംതീര്‍ന്നപ്പോള്‍ കൂട്ടുകാരെല്ലാം പിരിഞ്ഞു. അയാള്‍ ഏകനായി. ഗതിയില്ലാതായ അവന്‍ കൂട്ടുകാരെ സമീപിച്ചു. പക്ഷേ, ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ല. അവസാനം എല്ലാ വഴിയും മുട്ടിയപ്പോള്‍ ജല്ലീസ് പറഞ്ഞു: 'എന്നെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കൂ. ദൈവാധീനമുണ്ടെങ്കില്‍ നമുക്കു വീണ്ടും കണ്ടുമുട്ടാം.' അവന് അതിനു തീരെ സമ്മതമില്ലായിരുന്നു. എങ്കിലും മനസ്സില്ലാമനസ്സോടെ അവന്‍ അവളെ ചന്തയില്‍ കൊണ്ടുപോയി. അവളെ കൊടുത്ത ദല്ലാളും അവിടെ വന്നിട്ടുണ്ടായിരുന്നു. വില്പനച്ചരക്കുകളായ അടിമപ്പെണ്ണുങ്ങളുടെ തിരക്കായിരുന്നു ചന്തയില്‍. അബിസീനിയക്കാര്‍, തുര്‍ക്കിക്കാര്‍, ഗ്രീക്കുകാര്‍--അങ്ങനെ പല രാജ്യക്കാരായ അടിമകള്‍. സൗന്ദര്യംകൊണ്ടു കൂടുതല്‍ തിളങ്ങിയിരുന്ന എനീസല്‍ജല്ലീസിനെ നാലായിരത്തിയഞ്ഞൂറു പവന് ഒരാള്‍ ലേലംവിളിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് അല്‍മുഈന്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ ദല്ലാളെ വിളിച്ചു കൂടുതല്‍ പണം നല്കി അവളെ കച്ചവടമാക്കി. അഞ്ഞൂറു പവന്‍ ദല്ലാളിനു കൊടുത്തു. അവളെ വാങ്ങണമെന്നു മോഹിച്ചു നിന്നവരാരും അല്‍മുഈനെ പേടിച്ച് ഒന്നും മിണ്ടിയില്ല. ദല്ലാളിന് അല്‍മുഈന്റെ കൗശലം നന്നായി അറിയാമായിരുന്നു. അയാള്‍ നൂറുദ്ദീനോടു രഹസ്യമായി പറഞ്ഞു: 'ഇയാള്‍ക്കു വിറ്റാല്‍ നിനക്കു നാശമേ ഉണ്ടാവൂ. നിന്റെ പൈസപോലും കിട്ടില്ല.' ദല്ലാള്‍ ഒരു ഉപായം നിര്‍ദ്ദേശിച്ചു. ഒന്നുമറിയാത്തപോലെ നൂറുദ്ദീന്‍ അവളുടെ ചെകിട്ടത്തടിക്കണം, 'നിന്നോടാരു പറഞ്ഞു ചന്തയില്‍ വരാന്‍' എന്നു ചോദിച്ചുകൊണ്ട്. നൂറുദ്ദീന്‍ അപ്രകാരം ചെയ്തു. അവളെ കൊണ്ടുപോകാനായി പിടിച്ചു വലിച്ചു. മന്ത്രി വക്കാണത്തിനെത്തി. രണ്ടുപേരുംകൂടി കശപിശയായി. 'ഒരാള്‍ മന്ത്രി, മറ്റവന്‍ മന്ത്രിയുടെ മകന്‍; ഇവരുടെ കാര്യത്തില്‍ ഇടപെട്ടാല്‍ നാം വിഡ്ഢികളാകും' എന്നു പറഞ്ഞ് എല്ലാവരും പിന്മാറി. നൂറുദ്ദീന്‍ മന്ത്രിയെ അടിച്ചുവീഴ്ത്തി പെണ്ണിനെയുംകൊണ്ടു സ്ഥലംവിട്ടു.

മന്ത്രിയുടെ വസ്ത്രമാകെ ചോരയില്‍ കുതിര്‍ന്നു. മണ്ണു പുരണ്ടു ചീത്തയായി. അയാളൊരു പായ്ക്കഷണമെടുത്തു കഴുത്തില്‍ കെട്ടി, സുല്‍ത്താന്റെ രാജധാനിയുടെ കീഴേ വന്നു നിലവിളിച്ചു. സുല്‍ത്താനു മന്ത്രിയുടെ നില കണ്ടു വ്യസനം തോന്നി. 'ആരാണ് ഈ പണി ചെയ്ത'തെന്നായി അദ്ദേഹം. മന്ത്രി പറഞ്ഞു:'ഞാനിന്നു ചന്തയില്‍ പോയതാണ്. അവിടെ അടിമപ്പെണ്‍കൊടികളുടെ ഇടയില്‍ അങ്ങേക്കുവേണ്ടി നൂറുദ്ദീന്റെ പിതാവു പതിനായിരം പവന്‍ കൊടുത്തു വാങ്ങിയിരുന്ന അടിമപ്പെണ്ണുമുണ്ടായിരുന്നു. അവളുടെ സൗന്ദര്യം കണ്ടു മുഗ്ദ്ധനായ മന്ത്രി തന്റെ മകന് അവളെ വിവാഹംചെയ്തുകൊടുത്തതാണ്. പിന്നീടു മന്ത്രി മരിച്ചു.
മുടിയനായ ആ പുത്രന്‍ എല്ലാം നശിപ്പിച്ചു. അവന്‍ അവസാനം അവളെ വില്ക്കാനായി കൊണ്ടുവന്നു. ഞാന്‍ നാലായിരത്തിയഞ്ഞൂറു പവന് അവളെ ലേലംവിളിച്ചു. ഉടനെ നൂറുദ്ദീന്‍ എന്റെനേരെ ചാടി: 'എടാ നെറികെട്ടവനേ, നിനക്കു ഞാനിവളെ തരില്ല; ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും കൊടുത്താലും.' ഞാന്‍ അവനോടു കേണുപറഞ്ഞു 'ഇവളെ സുല്‍ത്താനു കൊടുക്കാനാണ്; വിട്ടുതരണം.' എന്ന്. ഉടന്‍ അവന്‍ ക്രുദ്ധനായി എന്നെ കുതിരപ്പുറത്തുനിന്നു താഴെ വലിച്ചിട്ടു തല്ലി. ഞാനൊരു തെറ്റും ചെയ്തില്ല. അങ്ങയ്ക്കുവേണ്ടിയാണ് അവളെ ആവശ്യപ്പെട്ടത്.

സുല്‍ത്താന്‍ മന്ത്രിയുടെ വാക്കുകള്‍ അപ്പാടെ വിശ്വസിച്ചു. നൂറുദ്ദീനെയും ജല്ലീസിനെയും പിടിച്ചു തറയില്‍ക്കൂടി വലിച്ചിഴച്ചു കൊണ്ടുവരാന്‍ കല്പിച്ചു. അല്‍ഫാദിലിനെ സ്‌നേഹിച്ചിരുന്ന ഒരു സൈനികന്‍ ഇതെല്ലാം കേട്ടുനിന്നിരുന്നു. അയാള്‍ നൂറുദ്ദീനെ വിവരം അറിയിച്ചു. അവര്‍ക്കു രക്ഷപ്പെടാനാവശ്യമായ പണവും അയാള്‍ കൊടുത്തു. ദൈവാധീനത്താല്‍ പുഴയ്ക്കടുത്തെത്തിയ അവര്‍ കണ്ടത് ബാഗ്ദാദിലേക്കു പുറപ്പെടാന്‍ തയ്യാറായിനില്ക്കുന്ന ഒരു കപ്പലാണ്. ഉടനെ അവര്‍ അതില്‍ കയറി രക്ഷപ്പെട്ടു.

നൂറുദ്ദീനെ തിരഞ്ഞു പോയവര്‍ നിരാശരായി മടങ്ങി. നൂറുദ്ദീനെയും അടിമപ്പെണ്ണിനെയും പിടിച്ചുകൊടുക്കുന്നവര്‍ക്കു സുല്‍ത്താന്‍ വലിയ പ്രതിഫലം വാഗ്ദാനംചെയ്തു. നൂറുദ്ദീനും സുന്ദരിയും ഇതിനിടയില്‍ സുരക്ഷിതരായി ബാഗ്ദാദില്‍ എത്തി. അവര്‍ നടന്ന് ഒരു തോട്ടത്തിലെത്തി. വസന്തകാലം തുടങ്ങിയിരുന്നു. തോട്ടത്തിലെല്ലാം പൂക്കളും പഴങ്ങളും. തോട്ടത്തിന്റെ വാതിലടച്ചിരുന്നു. അവരവിടെ വിശ്രമിച്ചു. ഈ തോട്ടത്തിന്റെ പേര്‍ 'ആനന്ദാരാമം' എന്നായിരുന്നു. ഖലീഫയായ ഹാറൂന്‍ അല്‍ റഷീദിന്റെ തോട്ടമായിരുന്നു അത്. ആ തോട്ടത്തില്‍ ഒരു മന്ദിരമുണ്ടായിരുന്നു. മനസ്സു വ്യാകുലമാകുമ്പോള്‍ അദ്ദേഹം അവിടെ വന്നു വിശ്രമിക്കും. ആ മന്ദിരത്തിന് എണ്പതു ജനാലകളുണ്ടായിരുന്നു. ഓരോ ജനാലയിലും ഓരോ വിളക്കു തൂക്കിയിട്ടിരുന്നു. ആ തോട്ടത്തില്‍ ഖലീഫ എത്തിയാല്‍ അദ്ദേഹത്തിന്റെ അടിമപ്പെണ്ണുങ്ങളോടു ജനാലകളെല്ലാം തുറക്കാന്‍ പറയും. എന്നിട്ട് എല്ലാവരുംകൂടി പാടി രസിക്കും.

തോട്ടത്തിന്റെ മേല്‍നോട്ടക്കാരന്‍ വൃദ്ധനായ ഷേയ്ഖ് ഇബ്രാഹിം ആയിരുന്നു. ഷേയ്ഖ് ഇബ്രാഹിം കച്ചവടാവശ്യത്തിനു പുറത്തേക്കു പോയിരിക്കയായിരുന്നു. തിരിച്ചുവന്നപ്പോള്‍ ഉറങ്ങുന്ന നൂറുദ്ദീനെയും അടിമപ്പെണ്ണിനെയും കണ്ടെത്തി. അദ്ദേഹം വിചാരിച്ചത് അവര്‍ പിഴച്ചവരാണെന്നാണ്. അത്തരം ആളുകളെ കൊല്ലാന്‍പോലും ഇബ്രാഹിമിന് അനുവാദമുണ്ടായിരുന്നു. തല്‍ക്കാലം ശിക്ഷിച്ചു വിടാമെന്നു കരുതി അവരെ തല്ലാന്‍ വടിയെടുത്തു. എന്നാല്‍ ഭാഗ്യത്തിന്, അദ്ദേഹത്തിന് അവരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കാന്‍ തോന്നി. ആ സുന്ദരരൂപങ്ങള്‍ നല്ലപോലെ കണ്ടപ്പോള്‍ ഇബ്രാഹിമിന് അവര്‍ നിഷ്‌കളങ്കരാണെന്നു തോന്നി. പതുക്കെ അവരെ ഉണര്‍ത്തി. തോട്ടത്തിന്റെ വാതിലില്‍ ചുവന്ന മാണിക്യക്കല്ലുകള്‍പോലെ മുന്തിരിക്കുലകള്‍ തൂങ്ങിക്കിടന്നിരുന്നു; പലതരം പഴങ്ങള്‍ വേറെയും. പക്ഷികളുടെ കളഗീതം തേന്‍ പെയ്തുകൊണ്ടിരുന്നു. ഒരിടത്ത് കുയില്‍നാദം മറ്റൊരിടത്ത് മനുഷ്യനാദത്തോട് സാദൃശ്യമുള്ള ഒരു പക്ഷിയുടെ സംഗീതം. ഇളങ്കാറ്റില്‍ ഉലാവുന്ന സൗരഭ്യം. തോട്ടത്തിന്റെ മനോഹാരിത വര്‍ണനാതീതമായിരുന്നു. പല നിറങ്ങളില്‍ തുടുത്തുനില്ക്കുന്ന പലതരം പഴങ്ങള്‍. ഒരിടത്തു ചെറിപ്പഴം, മറ്റൊരിടത്ത് ആപ്പിള്‍, വേറൊരിടത്തു മുന്തിരി--ലോകത്തിലെ എല്ലാത്തരം പഴങ്ങളും അവിടെയുണ്ടായിരുന്നു. എല്ലാ നിറത്തിലുമുള്ള പനീര്‍പ്പൂക്കള്‍. തറയില്‍ പലതരത്തിലുള്ള പൂക്കള്‍ കൊഴിഞ്ഞ് മെത്തയൊരുക്കിയിരുന്നു.

ഷേയ്ഖ് ഇബ്രാഹിം അവരെ രാജധാനിയിലിരുത്തി ഭക്ഷണവും വീഞ്ഞും കൊടുത്തു സല്‍ക്കരിച്ചു. അവര്‍ വീഞ്ഞു കുടിച്ചുകുടിച്ചു നല്ല ലഹരിയിലായി. അപ്പോള്‍ ഇബ്രാഹിമിനു തോന്നി അവരുടെ അടുത്ത് ഒന്നുകൂടി ചേര്‍ന്നിരിക്കാന്‍. പതിമ്മൂന്നു കൊല്ലമായി വീഞ്ഞു തൊടാത്ത ഇബ്രാഹിം മാത്രം വീഞ്ഞു കുടിച്ചില്ല. നൂറുദ്ദീന്‍ പാത്രം വലിച്ചെറിഞ്ഞു ബോധംകെട്ടവനെപ്പോലെ അഭിനയിച്ചുകൊണ്ടു നിലത്തു കിടന്നു.

എനീസല്‍ജല്ലീസ് ഷേയ്ഖിനെ നോക്കി പറഞ്ഞു: 'നോക്കൂ, ഷേയ്ഖ് ഇബ്രാഹിം, ഈ മനുഷ്യന്‍ എന്നും ഇങ്ങനെയാണ്; കുറെ കുടിക്കും, കുറെ ഉറങ്ങും. എന്നെ ശ്രദ്ധിക്കാന്‍ ആരുമുണ്ടാവില്ല. ഞാന്‍ പാടിയാല്‍ കേള്‍ക്കാന്‍ ആരുമില്ല. എന്റെകൂടെ നിങ്ങളെങ്കിലും കുടിക്കണം.' അവള്‍ പഞ്ചാരവാക്കു പറഞ്ഞ് ഇബ്രാഹിമിനെക്കൊണ്ടു കുടിപ്പിക്കാന്‍തുടങ്ങി. കുറേനേരം കഴിഞ്ഞപ്പോള്‍ എനീസല്‍ജല്ലീസ് ഇബ്രാഹിമിന്റെ അനുവാദത്തോടെ എണ്‍പതു ജാലകത്തിലെയും മെഴുകുതിരികള്‍ കൊളുത്തി. അതോടെ ഉറക്കംനടിച്ചിരുന്ന നൂറുദ്ദീന്‍ എഴുന്നേറ്റു. കൊട്ടാരം വെളിച്ചത്തിലാണ്ടു. ദൂരെയുള്ള കൊട്ടാരത്തില്‍ ഉറങ്ങാതിരുന്ന ഖലീഫ തോട്ടത്തിലെ മന്ദിരത്തില്‍ വെളിച്ചം കണ്ട് അത്ഭുതപ്പെട്ടു ജാഫറെ വരുത്തിച്ചു. കൊട്ടാരത്തില്‍ വെളിച്ചം എങ്ങനെ വന്നു എന്നായി സുല്‍ത്താന്‍. ഉടനെ ജാഫര്‍ ഒരു സൂത്രം പറഞ്ഞു: 'ഇബ്രാഹിം എന്നോടു പറഞ്ഞിരുന്നു തന്റെ മക്കളെ ഒരുദിവസം കൊട്ടാരത്തില്‍ താമസിപ്പിച്ചു സന്തോഷിപ്പിക്കണമെന്ന്. ഞാന്‍ അത് അങ്ങയോടു പറയാന്‍ മറന്നുപോയി.' ഖലീഫ ഉടനെ പറഞ്ഞു: 'ഹായ്, നീ ചെയ്തതു തെറ്റായി. അവന് അങ്ങനെയൊരു മോഹമുണ്ടായിരുന്നെങ്കില്‍ എന്നോടു പറയേണ്ടതായിരുന്നു. അവനു കുറച്ചു പണംകൂടി ഞാന്‍ കൊടുത്തേനേ.' ഖലീഫയ്ക്ക് ഉടനെ ആ സ്ഥലത്ത് എത്തണമെന്നായി. 'ഇബ്രാഹിം നല്ലവനാണ്. സത്യസന്ധനാണ്. ദീനദയാലുവാണ്. അവന്റെ ചെറിയൊരു ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ പറ്റാത്ത ഞാന്‍ എന്തൊരു മടയന്‍!' എന്നു പറഞ്ഞുകൊണ്ടു ഖലീഫ, ജാഫറെയും വിളിച്ചു പുറപ്പെട്ടു. ജാഫര്‍ പലവിധത്തിലും ഖലീഫയെ തടയാന്‍നോക്കിയെങ്കിലും സാധിച്ചില്ല. പാറാവുകാരനും അവരെ പിന്തുടര്‍ന്നു. തോട്ടത്തിന്റെ വാതില്‍ തുറന്നുകിടന്നിരുന്നു. അവര്‍ ഒരു മരക്കൊമ്പിലിരുന്നു രാജധാനിയില്‍ നടക്കുന്നതെല്ലാം കണ്ടു. ഷേയ്ഖ് ഇബ്രാഹിം ആ സുന്ദരിയുടെകൂടെ വീഞ്ഞു കുടിച്ചു രസിച്ചു വര്‍ത്തമാനംപറഞ്ഞിരിക്കുന്നതു കണ്ടു ഖലീഫയ്ക്കു കോപംവന്നു. ജാഫര്‍ വെറുതേ നുണപറഞ്ഞതാണെന്നു ഖലീഫയ്ക്കു മനസ്സിലായി. എങ്കിലും അവരുടെ മനോഹരരൂപം അദ്ദേഹത്തിന്റെ മനസ്സില്‍ ഉയര്‍ന്ന കോപം അമര്‍ത്തിക്കളഞ്ഞു. അത്രയും സൗന്ദര്യംതികഞ്ഞ സ്ത്രീപുരുഷന്മാരെ അദ്ദേഹം ജീവിതത്തില്‍ കണ്ടിരുന്നില്ല. ജാഫറോടൊപ്പം മരക്കൊമ്പിലിരുന്ന് അവരുടെ വിനോദങ്ങള്‍ കണ്ടു രസിക്കാന്‍തന്നെ അദ്ദേഹം നിശ്ചയിച്ചു. ഇതിനിടയില്‍ കുടിച്ചു മത്തയായ എനീസല്‍ജല്ലീസ് പാടാന്‍തുടങ്ങിയിരുന്നു. അവളുടെ നാദത്തില്‍ ഖലീഫ മുഗ്ധനായി. അത്ര ഇമ്പമുളവാക്കുന്ന ഒരു നാദം അദ്ദേഹം അന്നുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. ഖലീഫയ്ക്ക് ആ പാട്ടു കേള്‍ക്കാനും അവരുടെ ഒപ്പം ഇരിക്കാനും കൊതിതോന്നി. പക്ഷേ, ഖലീഫയുടെ വേഷത്തില്‍ അവര്‍ അദ്ദേഹത്തെ കണ്ടാല്‍ പേടിച്ചോടും. ഇബ്രാഹിമിന്റെ മരണം തന്നെ നടക്കും. അതുകൊണ്ട് ഖലീഫ പതുക്കെ ജാഫറുടെകൂടെ നടന്നു. അപ്പോഴാണ് ഒരു മുക്കുവന്‍ കൊട്ടാരത്തിനടുത്തുള്ള ടൈഗ്രിസ് നദിയില്‍ മീന്‍പിടിക്കുന്നതു കണ്ടത്. ആ ഭാഗത്തു മീന്‍പിടുത്തം നിരോധിച്ചിരുന്നു. കരീം എന്നു പേരുള്ള ആ മുക്കുവനെ ഖലീഫയ്ക്കു പരിചയമുണ്ടായിരുന്നു. പട്ടിണികൊണ്ടു വലഞ്ഞുനടക്കുന്ന മുക്കുവന്റെയും സുഖസൗകര്യങ്ങളില്‍ മുഴുകി സുഖമായി ഉറങ്ങുന്ന സുല്‍ത്താന്റെയും ജീവിതങ്ങള്‍ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു കവിതാശകലവും മൂളിക്കൊണ്ടാണ് കരീം മീന്‍പിടിച്ചിരുന്നത്. പെട്ടെന്നു ഖലീഫയെ മുമ്പില്‍ കണ്ട കരീം അദ്ദേഹത്തിന്റെ കാല്ക്കല്‍വീണു മാപ്പിരന്നു. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ആ മുക്കുവന്റെ ദയനീയരൂപം ഖലീഫയുടെ മനസ്സ് ആര്‍ദ്രമാക്കി. ഖലീഫ തന്റെ വസ്ത്രം അവനെ ധരിപ്പിച്ച് പകരം അവന്റെ വസ്ത്രം വാങ്ങി ധരിച്ച്, അവന്റെ മീന്‍കുട്ടയും മേടിച്ചു. ജാഫര്‍ക്കുപോലും ഖലീഫയെ ആ വേഷത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഖലീഫ, ജാഫറോടു പറഞ്ഞിട്ട് നേരെ കൊട്ടാരത്തിലേക്കു നടന്നു. അദ്ദേഹം കവാടത്തില്‍ മുട്ടി. 'നല്ല മീനുണ്ട്, വേണോ?' ഖലീഫ വിളിച്ചുകൂവി.

നൂറുദ്ദീനും പത്‌നിക്കും മീന്‍ വേണമെന്നായി. ഷേയ്ഖ് മുക്കുവനെ അകത്തുകടത്തി മീന്‍ വാങ്ങി. മുക്കുവനോടുതന്നെ അതു പൊരിച്ചുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു. ഖലീഫതന്നെ ഷേയ്ഖിന്റെ മുറിയില്‍ പോയി മീന്‍ പൊരിച്ചു കൊണ്ടുവന്നുകൊടുത്തു. സന്തുഷ്ടനായ നൂറുദ്ദീന്‍ മുക്കുവന്നു മൂന്നു സ്വര്‍ണം കൊടുത്തു. പക്ഷേ, അവന്‍ അതുകൊണ്ടു തൃപ്തനായില്ല. ആ സുന്ദരിയുടെ ഒരു പാട്ടു കേള്‍ക്കണമെന്നായി. നുറുദ്ദീന്‍ അവളോടു പാടുവാന്‍ പറഞ്ഞു. ഖലീഫ അവളുടെ ഗാനധാരയില്‍ മയങ്ങി. നൂറുദ്ദീന്‍ മുക്കുവന്റെ വേഷത്തില്‍ വന്ന ഖലീഫയ്ക്ക് ജല്ലീസിനെ സമ്മാനിച്ചു. അവള്‍, 'നീ എന്നെ പിരിഞ്ഞാലും നിന്റെ രൂപം എന്നും എന്റെ മനസ്സിലുണ്ടാകും. നമ്മള്‍ ഇനിയും കൂടിച്ചേരാന്‍ ദൈവം അനുഗ്രഹിക്കട്ടെ' എന്ന അര്‍ഥത്തില്‍ ഒരു പാട്ടുപാടി.

ഖലീഫയ്ക്ക് ആ പാട്ടു കേട്ടപ്പോള്‍ ഇതിലെന്തോ പിശകുണ്ടെന്നു മനസ്സിലായി. നൂറുദ്ദീന്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അവരുടെ ദയനീയമായ കഥ വിവരിച്ചു. മുക്കുവന്റെ വേഷം ധരിച്ച ഖലീഫ പറഞ്ഞു: 'ഞാന്‍ സുലൈമാന്‍ ഇസ്സൈനിയുടെ മകന്‍ സുല്‍ത്താന്‍ മുഹമ്മദിന് ഒരെഴുത്ത് തരാം. അവനും ഞാനും സഹപാഠികളാണ്. വിധിയുടെ ബലംകൊണ്ടു ഞാന്‍ മുക്കുവനായി; അവന്‍ സുല്‍ത്താനും. എന്നാലും എന്റെ എഴുത്ത് അവന്‍ മാനിക്കും.' അദ്ദേഹം എഴുതി: 'ഹാറൂന്‍ അല്‍ റഷീദ് എഴുതുന്നു. ഈ വരുന്ന നുറുദ്ദീനെ, മന്ത്രിയായ അല്‍ഫാദിലിന്റെ മകനെ, സ്വീകരിച്ചു നിന്നെ ഞാന്‍ ഇരുത്തിയിരുന്ന സ്ഥാനത്ത് ഇരുത്തണം. എന്റെ കല്പനയെ മാനിക്കാതിരിക്കരുത്.' 

ഷേയ്ഖിന് ഇതൊക്കെ കണ്ടു കോപമായി: 'നീ ആളു തരക്കേടില്ല. രണ്ടു മീന്‍ കൊണ്ടുവന്നതിനു മൂന്നു പവന്‍ പോരാ, ഈ സുന്ദരിയെയും വേണം, അല്ലേ?' അയാള്‍ മുക്കുവനോടു പോരിനൊരുങ്ങി. വേഷം മാറിയിരുന്നിരുന്ന ഖലീഫയ്ക്ക് ഇതു കേട്ടപ്പോള്‍ കലി വന്നു. അദ്ദേഹം ഉറക്കെ അലറി. അപ്പോള്‍ ഓടിയെത്തിയ പാറാവുകാരനെ കണ്ട് ഇബ്രാഹിം വിറയ്ക്കാന്‍തുടങ്ങി. ജാഫര്‍ ഇതിനിടയില്‍ രാജാവിന്റെ വസ്ത്രങ്ങളും കൊണ്ടുവന്നു. ഷേയ്ഖ് വിറച്ചുകൊണ്ടു രാജാവിന്റെ കാല്ക്കല്‍വീണു മാപ്പുചോദിച്ചു. രാജാവ് ജല്ലീസിനെ തന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി അവിടെ പ്രത്യേകം താമസിപ്പിച്ചു. നൂറുദ്ദീനെ സുല്‍ത്താന്‍ മൊഹമ്മദിന്റെ അടുത്തേക്ക് എഴുത്തും കൊടുത്തു പറഞ്ഞയച്ചു.
നൂറുദ്ദീന്‍ കത്തുകൊണ്ടുപോയി സുല്‍ത്താന്‍ മുഹമ്മദിനു കൊടുത്തു. എന്നാല്‍ അവിടെ സന്നിഹിതനായിരുന്ന അല്‍മുഈന്‍ കത്തുമേടിച്ചു വായിലിട്ടു ചവച്ചെറിഞ്ഞു. 'ഇവന്‍ ഒരു ചതിയനാണ്; ഖലീഫയുടെ കള്ളയൊപ്പിട്ടു കൊണ്ടുവന്നതാണ് ഈ കത്ത്.' അയാള്‍ പറഞ്ഞു. സുല്‍ത്താന്‍ അതു വിശ്വസിച്ചു. നൂറുദ്ദീനെ അടിച്ചവശനാക്കി. ജയില്‍സൂക്ഷിപ്പുകാരനെ ഏല്പിച്ചു. കരുണതോന്നിയ ജയിലധികാരി നൂറുദ്ദീനു വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തു ജയിലില്‍ താമസിപ്പിച്ചു. നാല്പത്തൊന്നാംദിവസം അല്‍മുഈന്‍ സുല്‍ത്താനെ ഒരുവിധം ഇളക്കി നൂറുദ്ദീനെ വധിക്കാനുള്ള അനുവാദം മേടിച്ചു. നൂറുദ്ദീനെ തൂക്കിലിടാനുള്ള തീരുമാനം രാജ്യംമുഴുവന്‍ കൊട്ടിയറിയിച്ചു. രാജ്യത്തുള്ളവരെല്ലാം നൂറുദ്ദീന്റെ കഥ കേട്ടു വിലപിച്ചു.

ദുഃഖാര്‍ത്തരായ ജനങ്ങള്‍ തടിച്ചുകൂടി. നൂറുദ്ദീനെ വധിക്കാന്‍ കൊണ്ടുവന്നു നിര്‍ത്തി. അയാളുടെ കണ്ണുകള്‍ കെട്ടി. അപ്പോഴേക്കും അതാ, ദൂരെ അന്തരീക്ഷത്തില്‍ പൊടിപടലം പൊങ്ങുന്നു. കുതിരക്കുളമ്പടി അടുത്തടുത്തു കേള്‍ക്കുന്നു. സുല്‍ത്താന്റെ ശ്രദ്ധതിരിഞ്ഞു. സംഗതി എന്ത്? വധശിക്ഷ നിര്‍ത്തിവയ്ക്കാന്‍ കല്പിച്ചു. പാഞ്ഞെത്തിയ കുതിരയുടെ പുറത്തുനിന്ന് ഇറങ്ങിവന്നതു ജാഫറായിരുന്നു. പത്തുമുപ്പതു ദിവസത്തിനിടയില്‍ നൂറുദ്ദീന്റെ അടുക്കലേക്ക് അയയ്ക്കാമെന്നു പറഞ്ഞാണു ഖലീഫ ആ സുന്ദരിയെ താമസിപ്പിച്ചിരുന്നത്. കുറേ ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും അറിയാതിരുന്നപ്പോള്‍ അവള്‍ ഖലീഫയെ കണ്ടു സങ്കടം അറിയിച്ചു. നൂറുദ്ദീന്റെ വിവരമറിയാനയച്ച ജാഫര്‍ സ്ഥലത്തെത്തിയപ്പോഴാണു ചതി അറിയുന്നത്. നൂറുദ്ദീനെ ഉപദ്രവിച്ചവര്‍ക്കു തക്ക ശിക്ഷ നല്കാനുള്ള കല്പനയുമായാണ് ജാഫര്‍ പാഞ്ഞെത്തിയത്. അദ്ദേഹം സുല്‍ത്താനെയും മന്ത്രിയെയും ബന്ധനസ്ഥരാക്കി. പിന്നീടു നൂറുദ്ദീനെ അവിടെ സുല്‍ത്താനാക്കി അവരോധിച്ചു. മൂന്നുദിവസം കഴിഞ്ഞ് എല്ലാവരുംകൂടി ഖലീഫയുടെ കൊട്ടാരത്തില്‍ ചെന്നു. ഖലീഫ വാളെടുത്തു നൂറുദ്ദീനു കൊടുത്ത് അല്‍മുഈന്റെ കഴുത്തു വെട്ടാന്‍ പറഞ്ഞു. പക്ഷേ, അവന്‍ അതു ചെയ്തില്ല. മസ്ദൂറാണ് അല്‍ മുഈന്റെ കഴുത്തു വെട്ടിയത്. നൂറുദ്ദീനു രാജ്യഭാരമൊന്നും ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട്, ഖലീഫയുടെ കൊട്ടാരത്തില്‍ത്തന്നെ പത്‌നിയായ ജല്ലീസുമൊത്തു സസുഖം ജീവിച്ചു.

Bookmark and Share

No comments: