വിദേശമലയാളികള്‍ ഏറ്റവുമധികമുള്ള ഒരു നാടാണ് നമ്മുടേത്. നമ്മുടെ സാമ്പത്തിക മേഖലയില്‍ ഇവര്‍ക്ക് നിര്‍ണ്ണായക പങ്കാണ് ഇന്നുള്ളത്. വളരെ കുറഞ്ഞ പ്രീമിയം നിരക്കില്‍ വിദേശമലയാളികള്‍ അത്യാവശ്യം കവര്‍ ചെയ്യേണ്ട റിസ്‌ക്കുകളെ ഉള്‍പ്പെടുത്തി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാക്കിയതാണ് എന്‍.ആര്‍.ഐ. ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി.
5 വയസ്സുമുതല്‍ 70 വയസ്സുവരെ പ്രായമുള്ള വിദേശമലയാളികള്‍ക്ക് ഈ പോളിസിയില്‍ ചേരാവുന്നതാണ്. ഇന്‍ഷുര്‍ ചെയ്യുന്ന തുകയെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം. ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ 3 ലക്ഷം രൂപയും, രണ്ടാമത്തേതില്‍ 5 ലക്ഷം രൂപയും, മൂന്നാമത്തേതില്‍ 10 ലക്ഷം രൂപയുമാണ്. ഇതില്‍ ഏതുവിഭാഗം വേണമെങ്കിലും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വിദേശത്തുവെച്ച് അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന അനുബന്ധചെലവുകളാണ് ഈ പോളിസിയിലൂടെ പ്രധാനമായും സംരക്ഷിക്കപ്പെടുന്നത്.
അപകടമരണം, സ്വാഭാവികമരണം ഇതില്‍ ഏത് സംഭവിച്ചാലും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കമ്പനി തിരികെ നല്‍കുന്നുണ്ട്. അപകടമരണം സംഭവിച്ചാല്‍ പ്ലാന്‍ എ-യില്‍ 3 ലക്ഷവും പ്ലാന്‍ ബി-യില്‍ 5 ലക്ഷവും, പ്ലാന്‍ സി-യില്‍ 10 ലക്ഷം രൂപയും അവകാശിക്ക് ലഭിക്കുന്നതാണ്. സ്ഥിരവും, പൂര്‍ണ്ണവുമായ അംഗവൈകല്യം സംഭവിച്ചാലും മുകളില്‍ കൊടുത്ത പണം പോളിസി ഉടമക്ക് ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ അതിനനുസരിച്ചുള്ള നഷ്ടപരിഹാരം കമ്പനി നല്‍കും.
ഇതിനുപുറമേ, അസുഖം മൂലമോ, അപകടം മൂലമോ മരണം സംഭവിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കുവാന്‍ 50,000 രൂപ വരെയുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് വെച്ച് അപകടം സംഭവിച്ചാല്‍ ചികിത്സക്കായി നാട്ടില്‍ വരുന്നതിന് ഒരു സഹായി ആവശ്യമെങ്കില്‍ അവര്‍ക്ക് വേണ്ടി വരുന്ന യാത്രാചെലവും കമ്പനി വഹിക്കുന്നതാണ്. മരണം സംഭവിച്ച് നാട്ടിലേക്ക് മൃതശരീരം എത്തിക്കുന്നതിന് സഹായിയായി ഒരാള്‍ കൂടെയുണ്ടെങ്കില്‍ അതിനുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരമാവധി 50,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
പോളിസി ഉടമക്ക് അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ പഠിക്കുന്ന കുട്ടിക്ക് 5,000 രൂപ എഡ്യുക്കേഷന്‍ ഫണ്ടും, അപകടം മൂലം ചികിത്സക്കായി 5,000 മുതല്‍ 10,000 രൂപവരെ വിവിധ പ്ലാനുകളിലൂടെ ലഭിക്കുന്നതാണ്. ഈ പോളിസിയില്‍ ഗൃഹനാഥന്‍, ഭാര്യ, കുട്ടികള്‍ എന്നിവരെ ഉള്‍പ്പെടുത്താവുന്നതാണ്. കുട്ടികള്‍ക്ക് പ്ലാന്‍ എ യില്‍ മാത്രമേ ചേരാന്‍ അര്‍ഹതയുള്ളൂ.
പോളിസി കാലാവധി 5 വര്‍ഷം. പ്ലാന്‍ എ-യില്‍ 618 രൂപയും, പ്ലാന്‍ ബി-യില്‍ 882 രൂപയും, പ്ലാന്‍ സി-യില്‍ 1,765 രൂപയുമാണ് വാര്‍ഷിക പ്രീമിയം അടക്കേണ്ടത്. വിദേശമലയാളികളുടെ സംഘടനകളാണ് പോളിസിയെടുക്കാന്‍ മുന്‍കൈയെടുക്കേണ്ടത്.
No comments:
Post a Comment