Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ബുഷുണ്ടാക്കിയ അഴുക്കുമാറ്റാന്‍ ഒബാമക്കാകുമോ?


അമേരിക്കയുടെയും ലോകത്തിന്റെ തന്നെയും ഒരു പ്രതിസന്ധികാലത്താണ്‌ ബാരാക്‌ ഹുസൈന്‍ഒബാമയെന്ന കറുത്തവംശ ബന്ധമുള്ള വ്യക്തി യുഎസ്‌പ്രസിഡന്റായി അധികാരമേടത്. സമീപകാലത്തൊന്നുമില്ലാത്ത തരത്തിലുള്ള ആവേശമാണ്‌ മറ്റു പലയിടത്തും പ്രകടമായത്‌. 43 പ്രസിഡന്റുമാരും വെള്ളക്കാരും കറകളഞ്ഞ ക്രിസ്‌ത്യാനികളുമായിരുന്നു. ഒബാമയും ജീവിതംകൊണ്ടു ക്രിസ്‌ത്യാനിയാണെങ്കിലും പിതാവിന്റെ പേരിലെ മുസ്‌ലിം നാമം മാറ്റാന്‍ തയ്യാറല്ല. അഞ്ചുനൂറ്റാണ്ടുകളായി ഉന്മൂലനവും മര്‍ദ്ദനവും വിവേചനവും നേരിട്ടുകൊണ്ടിരിക്കുന്ന യുഎസിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക്‌ ഇതില്‍ ആവേശം തോന്നുന്നത്‌ സ്വാഭാവികംമാത്രം. തങ്ങളിലൊരാള്‍ ഏറ്റവും ഉന്നതസ്ഥാനത്തെത്തിയിരിക്കുന്നു, അതും കടുത്തപോരാട്ടത്തിലൂടെ. സ്വന്തം പാര്‍ട്ടിക്കകത്ത്‌ ഹിലാരിക്ലിന്റണുമായി നടന്ന പോരാട്ടംതന്നെ വളരെ ശക്തമായിരുന്നു. വെളുപ്പ്‌കറുപ്പ്‌ പ്രശ്‌നങ്ങള്‍ അവിടെ ഉയര്‍ന്നുവന്നിരുന്നു. അതെല്ലാം മറികടന്ന്‌ ഒബാമയിന്ന്‌ അധികാരത്തിലെത്തിയിരിക്കുന്നു.
എന്താണ്‌ ഇന്ത്യയടക്കമുള്ള മൂന്നാംലോകസമൂഹം ഒബാമയില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌? എന്താണ്‌ സ്വന്തംനാട്ടിലെ ദരിദ്രരായ തൊഴിലാളികളടക്കമുള്ളവര്‍ പ്രതീക്ഷിക്കുന്നത്‌? ഇതുവളരെ നിര്‍ണ്ണായകമായ ചോദ്യമാണ്‌. അതിനുമപ്പുറം എന്താണ്‌ ഒബാമക്ക്‌ ചെയ്യാനാവുക എന്ന പ്രശ്‌നവുമുണ്ട്‌. അദ്ദേഹം പഴയതിനെയെല്ലാം പൂര്‍ണമായി നിഷേധിക്കുന്ന ഒരു പ്രസിഡന്റാകുമെന്നു നാമെല്ലാം പ്രതീക്ഷിക്കുന്നതും ശരിയല്ലല്ലോ. അതില്‍ തുടര്‍ച്ച എത്രമാത്രം, വഴിമാറ്റം എത്രമാത്രം എന്നതാണ്‌ പ്രശ്‌നം. ഇത്‌ വ്യക്തമായറിയാന്‍ രണ്ടുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും.
എങ്കിലും മുന്‍കാലാനുഭവങ്ങള്‍, തെരഞ്ഞെടുപ്പ്‌ പ്രചാരണകാലത്തും അതിനുമുമ്പും ഒബാമ എടുത്തിട്ടുള്ള നിലപാടുകള്‍, പ്രസിഡന്റായ ശേഷം ആദ്യമായി നടത്തിയ പ്രസംഗം, മാധ്യമങ്ങള്‍ക്കുനല്‍കിയ അഭിമുഖം, ചുരുങ്ങിയ ചിലനടപടികള്‍ എന്നിവവച്ചുകൊണ്ട്‌ ഒരുപ്രവചനം നടത്താനാണിവിടെ ശ്രമിക്കുന്നത്‌.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രസിഡന്റായിരുന്നു ജോര്‍ജ്‌ബുഷെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒബാമയെന്ന കറുത്തവംശജന്‍ പ്രസിഡന്റായപ്പോള്‍ പ്രചരിച്ച ഒരു തമാശയുണ്ട്‌: ``വെള്ളക്കാര്‍ വൃത്തികേടാക്കിയ ഇടങ്ങള്‍ വൃത്തിയാക്കുകയെന്ന ഒരൊറ്റ ജോലിമാത്രമാണ്‌ കറുത്തവര്‍ക്ക്‌ ഇക്കാലമത്രയും അമേരിക്കയില്‍ കിട്ടിയിരുന്നത്‌.... ഇപ്പോഴും (ഒബാമ വന്നപ്പോഴും) കാര്യമായ വ്യത്യാസമുണ്ടാകുന്നില്ല...'' ബുഷ്‌ വൃത്തികേടാക്കിയ രാജ്യം വൃത്തിയാക്കാനാണ്‌ ഒരു കറുത്തവന്‍ വരുന്നത്‌. നമുക്ക്‌ മുന്‍കാലാനുഭവങ്ങളില്‍നിന്നു തുടങ്ങാം. കേവലം ഒരുപ്രസിഡന്റ്‌ മാറുന്നതിലൂടെ അമേരിക്കയുടെ അഭ്യന്തര-വിദേശ നയങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടാകാറില്ലെന്നതാണ്‌ പഴയ അനുഭവം. കാരണം വളരെ വ്യക്തമായ നയങ്ങള്‍ ആരാജ്യത്തിനുണ്ട്‌. അതു തീരുമാനിക്കുന്നതു രാഷ്‌ട്രീയ കക്ഷികളല്ല. അന്നാട്ടിലെ കോര്‍പ്പറേറ്റ്‌ കമ്പനികളാണ്‌. അവരുടെ താല്‍പ്പര്യമാണ്‌ അമേരിക്കയുടെ നയമായിവരുന്നത്‌. അതിന്‌ ഒരുജനകീയമുഖം നല്‍കുന്ന പണിയാണ്‌ രാഷ്‌ട്രീയ കക്ഷികള്‍ക്കുള്ളത്‌. ഒട്ടനവധി സമ്മര്‍ദ്ദഗ്രൂപ്പുകള്‍ (ലോബികള്‍) അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിലൊന്നിനെപ്പോലും പിണക്കാന്‍ ഇന്നുവരെ ഒരുപ്രസിഡന്റും തയ്യാറായിട്ടില്ല.
എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ കാലത്ത്‌ ഒബാമ ഉയര്‍ത്തിയ ഏറ്റവും ശക്തമായ മുദ്രാവാക്യം ``മാറ്റം അനിവാര്യമാണ്‌, നമുക്കതിനു കഴിയും'' എന്നാണ്‌. എന്തു മാറ്റമാണദ്ദേഹം ഉദ്ദേശിക്കുന്നത്‌? അദ്ദഹത്തിന്റെ മന്ത്രിസഭ (സെക്രട്ടറിമാരെ) നിയമിതമായതിന്റെ ചില വ്യക്തമായ സൂചനകളുണ്ട്‌. ഹിലാരിക്ലിന്റനെന്ന തന്റെ എതിരാളിയെത്തന്നെ സെക്രട്ടറി ഓഫ്‌സ്റ്റേറ്റ്‌ ആയി നിയമിച്ചതിലൂടെ ഒബാമയുടെ ഒരു തെരഞ്ഞെടുപ്പ്‌മുദ്രാവാക്യം അപ്രസക്തമായി. ഹിലാരി പ്രസിഡന്റായാല്‍ `പഴയതിന്റെ തുടര്‍ച്ചയാകും, യാതൊരു മാറ്റവുമുണ്ടാകില്ലെന്ന ഒബാമയുടെ നിലപാട്‌ ഇവിടെ തകരുകയാണ്‌. പ്രസിഡന്റിന്റെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥന്‍ (ഏതാണ്ട്‌ പ്രധാനമന്ത്രി) തന്നെയാണ്‌ സ്റ്റേറ്റ്‌സെക്രട്ടറി. ഇവിടെ പഴയതുതന്നെ തിരിച്ചുവരികയാണ്‌. മറ്റുപല നിയമങ്ങളും ഇതുപോലെ തന്നെയാണ്‌. ട്രഷറി സെക്രട്ടറി തുടങ്ങിയവര്‍ ചിലഉദാഹരണങ്ങള്‍ മാത്രം. ഫലത്തില്‍ നയപരമായ വ്യത്യാസങ്ങള്‍ കാര്യമായുണ്ടാകാനിടയില്ല.
എന്നാല്‍ സ്വരത്തില്‍ അല്‍പം വ്യത്യാസമുണ്ടാകാം. പ്രവര്‍ത്തനങ്ങളില്‍ കുറച്ചുകൂടി മയമുണ്ടാകാം തുടങ്ങിയ സൂചനകളുണ്ട്‌. ഒന്നാമത്തെ പ്രസംഗത്തില്‍ ഒബാമ പറഞ്ഞ ചില കാര്യങ്ങളില്‍ ഇതുകാണാം. നാളിതുവരെ അമേരിക്ക മറ്റുള്ളവരോട്‌ പറയുകയായിരുന്നു. എന്നാല്‍ ഇനിമേല്‍ അമേരിക്ക മറ്റുള്ളവര്‍ പറയുന്നതും കേള്‍ക്കാന്‍ തയ്യാറാകണമെന്നു പറയുന്നു. ഇത്‌ നല്ലകാര്യം തന്നെ. സി ഐ എയുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയുണ്ടാകുമെന്നും ഗോണ്ട്വനാമോ പോലുള്ള പീഡനക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്നും പറയുന്നു. ഇത്‌ ഏറെ സ്വാഗതമാര്‍ഹമാണ്‌. ജനാധിപത്യത്തെപ്പറ്റി വലിയവായില്‍ സംസാരിക്കുകയും ലോകത്തെവിടെയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇടപെടുന്നുവെന്നു നടിക്കുകയും ചെയ്യുന്ന അമേരിക്കക്ക്‌ ഗോണ്ട്വനാമോകള്‍ ഭൂഷണമല്ല. പക്ഷേ ഈ പ്രഖ്യാപനത്തിനെതിരെ അന്നാട്ടിലെ ജൂതലോബികള്‍ രംഗത്തുവന്നുകഴിഞ്ഞു. കൂടെ സവര്‍ണ ഹിന്ദുഫാഷിസ്റ്റുകളുമുണ്ട്‌. ഇവരുടെസമ്മര്‍ദ്ദത്തെ മറികടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒബാമക്ക്‌ വാഗ്‌ദാനം നിറവേറ്റാനാകൂ. ക്യൂബയോട്‌ മൃദുസമീപനമെടുക്കാമെന്ന സൂചനയുണ്ട്‌. വ്യാപാരഉപരോധത്തില്‍ അയവുവരുത്തിയേക്കാമെന്നുള്ള പ്രഖ്യാപനത്തെ ഫിദല്‍കാസ്‌ട്രോ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇറാനെതിരെ ശക്തമായ പ്രഖ്യാപനമാണ്‌ ഒബാമ നടത്തിയിരിക്കുന്നത്‌. കടുത്ത ഭീഷണിയുടെ സ്വരം അതിലുണ്ട്‌.
ഫലസ്‌തീനില്‍ ലോകംകണ്ട ഏറ്റവും ഭീകരമായ മനുഷ്യക്കുരുതി നടക്കുന്ന സമയത്താണ്‌ ഒബാമ അധികാരമേറ്റത്‌. പക്ഷേ അക്കാര്യത്തില്‍ ഇസ്രായേലിനെതിരെ ഒരക്ഷരം പറയാന്‍ ഒബാമ ഇതുവരെ തയ്യാറായിട്ടില്ല. എന്നുതന്നെയുമല്ല, ഇസ്രായേല്‍ തങ്ങളുടെ ഏറ്റവുമടുത്ത സഖ്യകക്ഷിയാണെന്ന്‌ പലവട്ടം (തെരഞ്ഞെടുപ്പുകാലത്തും) ഒബാമ ആവര്‍ത്തിച്ചിട്ടുമുണ്ട്‌. എന്നാല്‍ അല്‍പം ആശ്വാസംനല്‍കുന്ന ചില വാചകങ്ങളും ഒബാമ പറയുന്നുണ്ട്‌. പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന്‌ സമാധാനപരമായ പരാഹരമുണ്ടാക്കും, ഫലസ്‌തീന്‍ എന്ന സംസ്ഥാനത്തിന്റെ അസ്‌തിത്വം നിലനിര്‍ത്തും തുടങ്ങിയവയാണവ. ഇതൊക്കെ ചെയ്യാന്‍ ഒബാമക്കാകുമോ? കണ്ടറിയണം. ഇന്ത്യയുമായുള്ള യുഎസ്‌ ബന്ധത്തില്‍ എന്തു മാറ്റമാണുണ്ടാകുക? ഇവിടെ രണ്ടുമൂന്നു പ്രധാന വസ്‌തുതകള്‍ നാം കണക്കിലെടുക്കേണ്ടതുണ്ട്‌. സാമ്രാജ്യത്വത്തിനു മുന്നില്‍ സാഷ്‌ടാംഗനമസ്‌കാരം നടത്താന്‍ തയ്യാറായിരിക്കുന്ന ഒരു ഇന്ത്യന്‍ ഭരണകൂടമുള്ളപ്പോള്‍ അവര്‍ നയംമാറ്റുന്നതെന്തിനാണ്‌? ആണവകരാര്‍ ഒന്നാംതരം ഉദാഹരണം. ഒബാമ ഒരു സെനറ്ററെന്ന നിലയില്‍ ആദ്യം ആണവകരാറിനെ എതിര്‍ത്തിരുന്നു. പിന്നീടദ്ദേഹം നയംമാറ്റി ഇന്ത്യക്കനുകൂലമായെന്നാണ്‌ അമേരിക്കന്‍ പക്ഷപാതികളായ ഇന്ത്യന്‍ നേതാക്കള്‍ പറയുന്നത്‌. എന്നാല്‍ സത്യമതല്ല. ഹൈഡ്‌നിയമം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ഒബാമ അവതരിപ്പിച്ച മൂന്നുഭേദഗതികള്‍ സഭ അംഗീകരിച്ചതിനാലാണ്‌ ഒബാമ നിലപമാട്‌ മാറ്റിയത്‌. ആ മൂന്നുഭേദഗതികളും ഇന്ത്യയുടെ ഇന്ധനശേഖരം സംബന്ധിച്ചാണ്‌. അതിന്റെ അളവ്‌ നിയന്ത്രിക്കല്‍, ഇന്ത്യയിലെ സ്വന്തം ഉല്‍പാദനവും അതില്‍ പരിഗണിക്കല്‍, യുഎസ്‌ ഇന്ധനം നല്‍കാതായാല്‍ മറ്റ്‌ ഇന്ധന വ്യാപാര രാജ്യങ്ങളെയും (എന്‍എസ്‌ജി) ഇന്ധനം നല്‍കുന്നതില്‍നിന്നു വിലക്കല്‍ എന്നിവയാണ്‌ ഭേദഗതികള്‍. ചുരുക്കത്തില്‍ യുഎസ്‌ കണ്ണുരുട്ടിയാല്‍ ഇന്ത്യ വഴങ്ങണം.
പാക്കിസ്ഥാനുമായുള്ള യുഎസ്‌ ബന്ധം ഇന്ത്യക്ക്‌ പ്രധാന വിഷയമാണ്‌. കശ്‌മീര്‍ എന്നത്‌ ഒരു ഉഭയകക്ഷി പ്രശ്‌നമാണെന്ന ഇന്ത്യന്‍ നിലപാടല്ല പാകിസ്ഥാനുള്ളത്‌. അവര്‍ ഇതു പരിഹരിക്കാന്‍ അമേരിക്കയും യുഎന്നും ഇടപെടണമെന്നാഗ്രഹിക്കുന്നു. ഒബാമ ഈ അഭിപ്രായക്കാരനാണ്‌. ഇതദ്ദേഹം തുറന്നുപറയുകയും ചെയ്‌തു.പക്ഷേ ഇന്ത്യയുമായുള്ളവ്യാപാര സാദ്ധ്യത കണക്കിലെടുത്ത്‌ ഇക്കാര്യം തുറന്നുപറയുന്നതിന്‌ ഒബാക്കുവിലക്കുണ്ട്‌. പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള പ്രത്യേക പ്രതിനിധിയായി ഒബാമ നിയമിച്ച രിച്ചാര്‍ഡ്‌ഹാള്‍ബ്രുക്കിന്റെ വായില്‍ നിന്നു ഇക്കാര്യം പുറത്തുവന്നതാണ്‌. ഉടനെ ഇന്ത്യന്‍ വ്യാപാലലോഭി ഉടക്കി. ഉടനെ ഹിലാരിക്ലിന്റനെ രംഗത്തിറക്കി നയംമാറ്റിച്ചു. പ്രാധാനമായൊരു പ്രശ്‌നം യുഎസ്‌ പാകിസ്‌താനു നല്‍കുന്ന ആയുധങ്ങളാണ്‌. അഫ്‌ഗാനിസ്ഥാനില്‍ നിന്നും താലിബാന്‍ പോരാളികള്‍ പാകിസ്ഥാനിലെത്തിയിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ്‌ യുഎസ്‌ അന്നാട്ടില്‍ മിസൈലാക്രമണം നടത്തിയത്‌. താലിബാനെ നേരിടുന്നതിന്‌ പാകിസ്ഥാനുമായി നല്ലബന്ധം (സൈനികമേധാവികളുമായെങ്കിലും) വേണമെന്ന യുഎസ്‌ നിലപാട്‌ മാറില്ല. പാകിസ്ഥാനെ സൈനികവല്‍ക്കരിക്കുന്നതിലും മാറ്റമുണ്ടാകില്ല. ഇന്ത്യക്കും പാക്കിസ്ഥാനും ആയുധംനല്‍കി ഇവരെ തമ്മിലടിപ്പിച്ചു നടത്തുന്ന പഴയതന്ത്രം അതുപോലെ നടക്കും.
ഏത്‌ ഇന്ത്യയുമായാണ്‌ ഒബാമയും അമേരിക്കയും സൗഹൃദമാഗ്രഹിക്കുന്നതെന്ന പ്രശ്‌നവുമുണ്ട്‌. ഇന്ത്യയിലെ സമ്പന്ന കുലീന ലോബികളുടെ താല്‍പ്പര്യം തന്നെയാണ്‌ `ഇന്ത്യയുടെ താല്‍പ്പരര്യ'മായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്‌. അന്നാട്ടിലെ വ്യാപാര കോര്‍പ്പറേറ്റ്‌ ലോബികളും ഇതേനിലപാടുള്ളവരാണ്‌. ഇതുകൊണ്ട്‌ സാധാരണ ഇന്ത്യക്കാര്‍ക്ക്‌ യാതൊരുവിധ നേട്ടവുമില്ലെന്നു മാത്രമല്ല, നമ്മുടെ അഭ്യന്തരനയങ്ങളെയും വിദേശനയത്തെയും ശക്തമായി ഇവര്‍ സ്വാധീനിക്കുന്നുവെന്ന ദോഷമുണ്ടുതാനും.
അഭ്യന്തര രംഗം
ലോകത്തിന്‌ ഒബാമയെക്കൊണ്ട്‌ വലിയ നേട്ടമൊന്നുമുണ്ടായില്ലെങ്കിലും അമേരിക്കയിലെ സാധാരണ മനുഷ്യര്‍ക്ക്‌ എന്തുമാറ്റമുണ്ടാകും എന്ന ചോദ്യം പ്രസക്തമാണ്‌. ഒബാമക്കുവേണ്ടി ശക്തമായി അവിടെവാദിച്ചത്‌ കറുത്തവരും ദരിദ്രരും ദുര്‍ബലരുമാണ്‌. ഏഴുപതിറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള സാമ്പത്തികകുഴപ്പത്തിലാണ്‌ യുഎസ്‌. 2008 എന്ന ഒറ്റവര്‍ഷത്തില്‍ അന്നാട്ടില്‍ തൊഴില്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 30ലക്ഷത്തോളമാണ്‌. നവംബര്‍ മാസത്തിലെ മാത്രം തൊഴില്‍നഷ്‌ടം 11ലക്ഷമാണ്‌. ഇത്‌ സാധാരണ മനുഷ്യരെ കാര്യമായിബാധിച്ച വിഷയമാണ്‌. ഇതു പരിഹരിക്കാന്‍ ഒബാമ എന്തുചെയ്യും? 1930കളില്‍ ഇതേപൊലെ `മഹാതകര്‍ച്ച' ഉണ്ടായപ്പോഴെടുത്ത നടപടികളുണ്ട്‌. ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റായിരുന്നു അന്നു പ്രസിഡന്റ്‌. കെയിന്‍സെന്ന സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ മുന്നോട്ടുവച്ച ലിബറല്‍(ഉദാര) സിദ്ധാന്തമാണ്‌ അന്നു പ്രയോഗിച്ചത്‌. സര്‍ക്കാര്‍ വന്‍തോതില്‍ പണമിറക്കുന്നു. തൊഴില്‍ രഹിതര്‍ക്കാശ്വാസം, വന്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സൗജന്യമായ പൊതുജനാരോഗ്യ സംവിധാനം മുതലായവയാണ്‌ അന്നു വികസിപ്പിച്ചത്‌. പക്ഷേ ഇതുചെയ്യാന്‍ ഒബാമക്ക്‌ ഒട്ടേറെ കടമ്പകളുണ്ട്‌. സമ്പത്തിന്റെ വിതരണത്തിലെ അസമത്വം പ്രധാനതടസ്സമാണ്‌. ഒരു ശതമാനം പേരാണ്‌ ഇന്ന്‌ യുഎസിലെ സമ്പത്തിന്റെ പാതിയിലേറെ കയ്യടക്കിയിരിക്കുന്നത്‌. ഇവരെ ഒന്നുതൊടാന്‍ പോലും ഒബാമക്കാകില്ല.
മഹാതകര്‍ച്ചയുടെ കാലത്തെ സാമൂഹ്യ രാഷ്‌ട്രീയാന്തരീക്ഷം ഇന്നില്ല. അന്ന്‌ തൊഴിലാളി യൂണിയനുകളുടെയും ദരിദ്രരുടെയും ശബ്‌ദത്തിന്‌ ശക്തിയുണ്ടായിരുന്നു. വൈവിദ്ധ്യപൂര്‍ണസമൂഹമുണ്ടായിരുന്നു സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും അരാജകവാദികളുമുണ്ടായിരുന്നു. എന്നാല്‍ ഇന്നിവരൊന്നും ശക്തരല്ല.
കോര്‍പറേറ്റുകളാണ്‌ ഇന്ന്‌ എല്ലാശക്തികളുടെയും നിയന്ത്രണകേന്ദ്രം. ഇവരെ പിണക്കാന്‍ തുനിഞ്ഞാല്‍ ഉടനെ `വിപ്ലവം' എന്ന്‌ എതിര്‍ശബ്‌ദമുയരും. അന്നാട്ടിലെ ഏറ്റവും മോശപ്പെട്ട വാക്കാണിത്‌. അടുത്ത മോശംവാക്ക്‌ സോഷ്യലിസമാണ്‌. ഒബാമയുടെ തെരഞ്ഞെടുപ്പ്‌ പ്രസംഗത്തിലൊരിടത്ത്‌ ഊഹക്കച്ചവടം നടത്തുന്ന ബാങ്കുകളെ നിയന്ത്രിക്കണമെന്ന ഒരാവശ്യം ഉന്നയിച്ച ഉടനെ എതിരാളികള്‍ വിളിച്ചുകൂവി... ഇതാ, സോഷ്യലിസം വരുന്നു. ബാങ്കുകളെയും ഇന്‍ഷൂറന്‍സ്‌ കമ്പനികളെയും രക്ഷിക്കാന്‍ ആയിരക്കണക്കിനുകോടി ഡോളര്‍ നല്‍കാന്‍ ഒരു മടിയും കാണിക്കാത്ത യുഎസ്‌കോണ്‍ഗ്രസ്‌, വാഹനക്കമ്പനികളായ ജിഎം, ഫോര്‍ഡ്‌ എന്നിവയെ സംരക്ഷിക്കാന്‍ നല്‍കിയ പണത്തിന്റെ ഓരോ പൈസക്കും കണക്കുചോദിച്ചു. കാരണം ഇന്ന്‌ സംഘടിതതൊഴിലാളി പ്രസ്ഥാനത്തിന്റെ അവസാന കേന്ദ്രമാണ്‌ ഈ വ്യവസായങ്ങള്‍. തൊഴിലാളി യൂണിയനുകളെന്നത്‌ ഡെമോക്രാറ്റുകളിലെ ബഹുഭൂരിപക്ഷത്തിനുപോലും ഇന്ന്‌ ശത്രുവായിരിക്കുന്നു. വന്‍തട്ടിപ്പു നടത്തിയ ബാങ്ക്‌-ഇന്‍ഷ്വറന്‍സ്‌ മേധാവികള്‍ ചിരിച്ചാഹ്ലാദിച്ച്‌ പണംകൊണ്ടുപോയി. കോര്‍പ്പറേറ്റ്‌ വരുമാനം എല്ലാഭരണകാലത്തും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവര്‍ നികുതി നല്‍കുന്നതുതന്നെ കുറവായി. അമേരിക്കന്‍ സ്വാതന്ത്ര്യസമരകാലത്തെ ഒരു മുദ്രാവാക്യം ``പ്രാതിനിധ്യമില്ലാതെ നികുതി നല്‍കില്ല'' എന്നതായിരുന്നെങ്കില്‍ ഇന്ന്‌ കോര്‍പ്പറേറ്റുകള്‍ പറയുന്നത്‌ ``നികുതി നല്‍കാതെ പ്രാതിനിധ്യം'' എന്നാണ്‌. കോര്‍പ്പറേറ്റുകള്‍ നികുതി നല്‍കാതെ അധികാരം കൈയാളുന്നു. `കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്തം' എന്നൊക്കെപറയും. അത്‌ അധികാരം പ്രയോഗിക്കല്‍ മാത്രം. റിപ്പബ്ലിക്കരുടെ എക്കാലത്തെയും മുദ്രാവാക്യം നികുതി കുറയ്‌ക്കണമെന്നതാണ്‌. സര്‍ക്കാര്‍ ഇതുവഴി ദുര്‍ബലമാകുന്നു. മൂലധനത്തിന്‌ സ്വതന്ത്ര ചലനം സാദ്ധ്യമാകുന്നു. എന്നാല്‍ പഴയ ഡെമോക്രാറ്റുകളുടെ നിലപാട്‌ ഇതിനെതിരായിരുന്നു. സര്‍ക്കാര്‍ നികുതി കൂടുതല്‍ പിരിച്ച്‌ ദരിദ്രര്‍ക്കുള്ള സാമൂഹ്യസുരക്ഷ ശക്തിപ്പെടുത്തണം. എന്നാല്‍ പുത്തന്‍ ഡെമോക്രാറ്റുകള്‍ ഈ നിലപാടുകാരല്ല. അതുകൊണ്ടുതന്നെ ഭരണ കക്ഷിയുടെ മാറ്റം കാര്യമായ വ്യത്യാസമുണ്ടാക്കുമെന്നു കരുതാനാവില്ല.
എന്നാല്‍ ഇപ്പോഴത്തെ തകര്‍ച്ചയുടെ ആഴം വളരെ വലുതാണ്‌. ഇതുകേവലം `റിയല്‍എസ്റ്റേറ്റ്‌ കുമിള' പൊട്ടല്‍ മാത്രമല്ല. പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനായ നൗറിയേല്‍ റോബിനി പറയുന്നു. ``ഇത്‌ ഭവനനിര്‍മാണ കുമിള, പണവ്യാപാര കുമിള, ഓഹരികമ്പോള കുമിള, വരുമാകുമിള, ചരക്കു കുമിള, സ്വകാര്യ ഓഹരിക്കുമിള.. എന്നിങ്ങനെ പലകുമിളകള്‍ ഒരുമിച്ചു പൊട്ടിയതാണ്‌. ``നാം കാണുന്നത്‌ മഞ്ഞുകട്ടയുടെ ഒരു തുമ്പുമാത്രം. ഇതു പരിഹരിക്കാന്‍ കേവലംചില ഒത്തുതീര്‍പ്പുകള്‍ പോര. ഒബാമ നിര്‍ദ്ദശിക്കുന്ന 82500 കോടി ഡോളറിന്റെ ആശ്വാസം ഒന്നുമാകില്ല. അടിസ്ഥാന നവലിബറല്‍ നയത്തില്‍ മാറ്റം വരണം. 1430കളില്‍ കെയിന്‍സ്‌ നിര്‍ദേശിച്ച കാര്യങ്ങള്‍ പുതിയ രീതിയില്‍ നടപ്പിലാക്കണം. ഇപ്പോള്‍ പറയുന്ന പരിഹാരങ്ങള്‍ ലോകത്തെവിടെയും നടപ്പിലാക്കി വിജയിച്ചവയല്ല. പരാജയപ്പെട്ടത്‌ വീണ്ടും ചെയ്യുന്നതിനെന്തര്‍ത്ഥം! പക്ഷേ അതിനപ്പുറം പോകാന്‍ ഒബാമക്കാകില്ല. ചുരുക്കത്തില്‍ ബുഷടക്കമുള്ള വെള്ളക്കാരുണ്ടാക്കിയ അഴുക്കുമാറ്റാന്‍പോലും കഴിയാത്ത ഒരു കറുത്തവനായി ഒബാമ മുദ്രകുത്തപ്പെടുമോ? ``കുലത്തൊഴില്‍ പോലും അറിയാത്തവന്‍!

.back to top

Bookmark and Share

No comments: