Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ഉപ്പ് അധികം ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ



ഉപ്പ് (സോഡിയം ക്ലോറൈഡ്) ഇല്ലാത്ത വിഭവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രയാസം. മധുരപലഹാരങ്ങളിലൊഴികെ നമ്മുടെ വിഭവങ്ങളിലെല്ലാം ഉപ്പ് സാന്നിധ്യമറിയിക്കുന്നു. ശരീരത്തില്‍ ദ്രവാംശം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ ഉപ്പ് അനിവാര്യമാണ്. കൂടാതെ നാഡികളിലൂടെ വൈദ്യുതസിഗ്‌നലുകള്‍ സംവേദനം ചെയ്യപ്പെടണമെങ്കിലും സോഡിയത്തിന്റെ സാന്നിധ്യം കൂടിയേതീരൂ. കോശങ്ങള്‍ക്ക് പോഷകം ആഗിരണം ചെയ്യണമെങ്കിലും ഇതുവേണം.

ഉപ്പ് അപകടമാകുന്നതെപ്പോള്‍
മുതിര്‍ന്നവരില്‍ ഉപ്പിന്റെ സാന്ദ്രത കൂടുമ്പോള്‍ ശരീരം കൂടുതല്‍ വെള്ളം നിലനിര്‍ത്തും. ശരീരസ്രവങ്ങളുടെ സാന്ദ്രതയും അധികരിക്കും. ഇതാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നതെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ഹൃദയധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഇതുവഴിവെക്കും. കൂടാതെ ഉയര്‍ന്ന അളവില്‍ ശരീരസ്രവങ്ങള്‍ കടന്നുപോകുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക്‌കേടുണ്ടാക്കിയേക്കാം. അതുപോലെ കൂടിയ അളവിലുള്ള ദ്രവസാന്നിധ്യം ഹൃദയത്തിനും ക്ഷീണമുണ്ടാക്കും. ശരീരത്തില്‍ നിന്ന് ലവണാംശം നീക്കം ചെയ്യപ്പെടുന്നത് വൃക്കകള്‍ വഴി മൂത്രത്തിലേക്കാണ്. എന്നാല്‍ തീരെ ചെറിയ കുട്ടികളില്‍ വൃക്കകള്‍വേണ്ടത്ര വികസിക്കാത്തതിനാല്‍ അവരുടെ ശരീരത്തില്‍ നിന്ന് ലവണാംശം ഇങ്ങനെ നീക്കം ചെയ്യാന്‍ കഴിയില്ല. ഇക്കാരണത്താല്‍ തന്നെ കുഞ്ഞുകുട്ടികളുടെ ഭക്ഷണത്തില്‍ ഉപ്പ് പരമാവധി കുറയ്ക്കുന്നതാണ് ഉത്തമം. നാലുമാസംപ്രായമാകും മുമ്പ് ഉപ്പ് കഴിക്കാനിടയായാല്‍ ശരീരത്തില്‍ അടിഞ്ഞുകൂടാനും വൃക്ക, കരള്‍, തലച്ചോര്‍ എന്നിവയ്ക്ക് തകരാറുണ്ടാകാനുമിടയാക്കും. ഇക്കാരണത്താലാണ് ആദ്യത്തെ നാലുമാസം മുലപ്പാല്‍ മാത്രമേനല്‍കാവൂ എന്ന് പറയുന്നത്.
എത്ര കഴിക്കണം
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ പരമാവധി 10 ഗ്രാം ഉപ്പ് മാത്രമേ ആവശ്യമുള്ളൂ. അതിലും കുറച്ചാല്‍ അത്രയും നന്ന്. ഉപ്പിന്റെ ദൈനംദിന ഉപയോഗം ആറു ഗ്രാമില്‍ നിര്‍ത്തുകയാണെങ്കില്‍ ലോകത്തെമ്പാടും 70,000 ഹൃദയാഘാതം ഒഴിവാക്കാമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ചുരുക്കത്തില്‍ ഉപ്പ് ഹൃദയാരോഗ്യത്തെ അത്ര കണ്ട് ബാധിക്കുന്നതാണെന്ന് വ്യക്തം.

പാചകം ചെയ്ത ഭക്ഷണത്തിലാണ് ഏറ്റവും കൂടുതല്‍ ഉപ്പ് അടങ്ങിയിരിക്കുന്നത്. മാസവും മാംസഭക്ഷണവുമാണ് ഉപ്പ് കൂടുതല്‍ അടങ്ങിയവ. പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളില്‍ കൂടുതല്‍ കാലം കേടുകൂടാതെ നില്‍ക്കാനും സ്വാദിനുമായി ഉപ്പ് കൂടുതലായി ചേര്‍ക്കുന്നത് കണ്ടുവരാറുണ്ട്. ഭക്ഷ്യ പദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ്, മോണോസോഡിയം ഗ്ലുട്ടാമേറ്റ് എന്നിവയിലും ലവണാംശമുണ്ട്.

ഇതുകൂടാതെ തന്നെ മുട്ടയിലും മത്സ്യത്തിലും സ്വാഭാവികമായി തന്നെ ഉപ്പ് അടങ്ങിയിട്ടുണ്ടെന്നതും ഓര്‍ക്കേണ്ടതാണ്.

ചില മുന്‍കരുതലുകള്‍
* പാചകം ചെയ്ത ഭക്ഷണത്തില്‍ സ്വാദിനായി വീണ്ടും ഉപ്പ് ചേര്‍ക്കുന്നത് ഒഴിവാക്കുക.
* സോഡിയം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ശീലമാക്കാതിരിക്കുക.
* പാക്ക് ചെയ്തുവരുന്ന ഭക്ഷ്യപദാര്‍ഥങ്ങളിലെ ഉപ്പിന്റെ അളവ് ശ്രദ്ധിക്കുക.
* കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് ഉപ്പിന്റെ അളവ് തുലനം ചെയ്യും.
* പാക്ക് ചെയ്ത ആഹാരസാധനങ്ങളിലെ ഉപ്പിന്റെ അളവു മനസ്സിലാക്കാന്‍ അതില്‍ രേഖപ്പെടുത്തിയ സോഡിയത്തിന്റെ അളവിനെ 2.5 കൊണ്ട് ഗുണിക്കുക.
മുഹമ്മദ്‌.വീ കെ

Bookmark and Share

No comments: