19 ടെലിവിഷന്‍ ചാനലുകള്‍ നിലവില്‍ സംപ്രേക്ഷണം ചെയ്‌തുവരുന്ന കൊച്ചു കേരളത്തില്‍ ഈ വര്‍ഷം 15 ചാനലുകള്‍കൂടി പിറക്കും. അതോടെ ചാനല്‍രംഗത്ത് കിടമത്‌സരവും ഏറ്റുമുട്ടലുകളും രൂക്ഷമാകും. പുതിയ ചാനലുകളില്‍ മിക്കവയുടെയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യമെത്തുന്നത് വിദേശമലയാളികളുടെ കൂട്ടായ്‌മയില്‍ നിന്നു പിറക്കുന്ന `സീ' ചാനലായിരിക്കുമെന്നാണ് സൂചന. തുടര്‍ന്ന് ഡിസംബറിനു മുമ്പ് 12 ചാനലുകള്‍കൂടി കേരളത്തിന്റെ സ്വീകരണമുറികളിലെത്തും. ഇവയില്‍ തമിഴ് ചാനലുകളുടെ മലയാളം പതിപ്പുകളും ഉള്‍പ്പെടുന്നു.
മലയാള മനോരമയാണ് പുതിയ ചാനലുകള്‍ തുടങ്ങുന്നവരില്‍ പ്രമുഖര്‍. യുവാക്കള്‍ക്കുവേണ്ടി `യുവ' എന്ന ചാനലും എന്റര്‍ടെയ്‌ന്‍മെന്റ് ചാനലായ `മനോരമവിഷനു'മാണ് മനോരമയുടേതായി 2010 ലെത്തുന്നത്. ഇപ്പോള്‍ `സൂര്യ'യുടെ ഉടമസ്‌ഥതയുള്ള സണ്‍ ടി.വി നെറ്റ് വര്‍ക്കിന്റെ പുതിയ മലയാളം ചാനലും ഈ വര്‍ഷം ആരംഭിക്കും. തമിഴിലെ മറ്റൊരു ചാനലായ രാജ് ടി.വിയുടെ രണ്ട് ചാനലുകളാണ് മലയാളത്തില്‍ തുടങ്ങുന്നത് - രാജ് മ്യൂസിക്കും രാജ് ടി.വി ന്യൂസും.
കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള മലയാളം ചാനല്‍ `ജനപ്രിയ'യും ഈ വര്‍ഷം എത്തുന്നുണ്ട്. ജനപ്രിയയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
`കേരളകൗമുദി' ദിനപത്രമാണ് ചാനല്‍ തുടങ്ങുന്ന മറ്റൊരു കമ്പനി. മംഗളം, മാതൃഭൂമി ദിനപത്രങ്ങളും ഈ വര്‍ഷം ചാനല്‍ തുടങ്ങാനുള്ള തീരുമാനമെടുത്തുകഴിഞ്ഞു. കൂടാതെ മലബാര്‍ കേന്ദ്രീകരിച്ച് ഗള്‍ഫ് മലയാളികള്‍ തുടങ്ങുന്ന `ദര്‍ശന ടി.വി' ചാനല്‍, ഇംഗ്ലീഷ്- ഹിന്ദി ചാനലായ സീ ടി.വിയുടെ മലയാളം ചാനല്‍ എന്നിവയും ഉടനെയുണ്ടാകും. ഗള്‍ഫില്‍ ഇപ്പോള്‍ സംപ്രേഷണം നടത്തുന്ന `എന്‍.ടി.വി' കേരളത്തില്‍ ആരംഭിക്കാന്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്.
സണ്‍ ടി.വിയുടെ ഡിഷ് ആന്റിനയില്‍നിന്നു മാത്രം ലഭ്യമാകുന്ന `കൊച്ചു ടി.വി' എന്ന മലയാളം ചാനലും 2010 ല്‍ പിറക്കും. കൂടാതെ ക്ലാരിയോണ്‍ ടി.വി, എ.വൈ.ടി.വി, ആമ്പല്ലൂര്‍ കേന്ദ്രീകരിച്ച് ഡിവൈന്‍ ടി.വി എന്നീ ആത്‌മീയ ചാനലുകളും ഈ വര്‍ഷം സംപ്രേഷണം തുടങ്ങിയേക്കും. എന്നാല്‍ ആത്‌മീയ ചാനലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതുകൊണ്ട് ഇവ കര്‍ശനമായ വ്യവസ്‌ഥകള്‍ പാലിക്കേണ്ടിവരും.
ലൈസന്‍സ് ലഭിക്കാതെ ടെലികാസ്‌റ്റ് തുടങ്ങിയതിന്റെ പേരില്‍ നിര്‍ത്തലാക്കപ്പെട്ട മിഡില്‍ ഈസ്‌റ്റ് ടെലിവിഷന്‍ (എം.ഇ.ടി), ഭാരത് ടി.വി എന്നിവ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തയുണ്ട്.
അങ്ങനെ നാല്‌പതോളം ചാനലുകള്‍ കേരളത്തില്‍ യുദ്ധപ്രതീതി സൃഷ്‌ടിക്കുമെന്നുറപ്പായി. ചാനല്‍ മൈക്കുകളുടെ പ്രളയമായിരിക്കും, 2010ല്‍ കേരളത്തില്‍.
Free Signature Generator
മലയാളത്തില്‍ പുതുതായി 15 ചാനലുകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment