പണ്ടൊക്കെ റോഡിന്റെ ഇരുവശവും മാവ്, പുളി, നെല്ലിക്ക തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും മാങ്ങയോ പുളിയോ നെല്ലിക്കയോ കിട്ടാന്‍ ഒരു വിഷമവുമില്ല. കല്ലെടുത്ത് ഉന്നം വെച്ച്ഒരേറ്. പെണ്‍കുട്ടികളുടെ സ്കൂള്‍ബാഗില്‍ മാങ്ങയോ, പുളിയോ നെല്ലിക്കയോ തീര്‍ച്ചയായും കാണും. കടലാസില്‍ പൊതിഞ്ഞ് കുറച്ച് ഉപ്പും. ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പച്ചമാങ്ങ എന്നാല്‍ കടകളില്‍ നിന്നും കിട്ടുന്ന മാങ്ങാമിഠായി ആണ്.
കാലം മാറി, റോഡരികിലുള്ള സര്‍ക്കാര്‍ മരങ്ങളെല്ലാം വെട്ടി മാറ്റി. പിന്നീട് ചിലയിടങ്ങളില്‍അക്കേഷ്യ പിടിപ്പിച്ചു. അതും കാണാനില്ല.
എന്നിട്ടും മധുരം കിനിയുന്ന അല്‍ഫോന്‍സോ മാങ്ങാഇന്ത്യന്‍ മാര്‍ക്കറ്റില്‍ സീസണില്‍ ആദ്യം എത്തുന്നത് പാലക്കാട് നിന്നുമാണ്.
ഉറുമ്പുണ്ട്. സൂക്ഷിക്കണേ. ആര്‍ത്തി മൂത്ത് പറിച്ചെടുത്താല്‍ ചിലപ്പോള്‍ ഉറുമ്പുകടി ഫ്രീ.
ലോകത്തിലെ ഏറ്റവും കൂടുതല്‍ മാങ്ങാ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മൊത്തംഉല്‍പ്പാദനത്തിനും ഏകദേശം അമ്പത് ശതമാനം. ലോകത്തില്‍ ഏകദേശം ആയിരത്തില്‍ പരം വിവിധ തരം മാങ്ങകള്‍ ഉണ്ട്.
കൈയ്യെത്തും ഉയരത്തില്‍ ഇവര്‍ ഇങ്ങനെ നിക്കണ കാണുമ്പോള്‍ പറിച്ച് തിന്നാന്‍ തോന്നും. ഇച്ചിരിഉപ്പ് കൂടി കിട്ടിയാല്‍ സംഗതി കുശാല്‍.
മാങ്ങാ എന്നു കേള്‍ക്കുമ്പോഴേ മാങ്ങാ ഉപ്പിലിട്ടത്, കണ്ണിമാങ്ങാഅച്ചാര്‍, പച്ചമാങ്ങാ ചട്ണി, മാമ്പഴക്കാളന്‍ ഇതൊക്കെയാണ് നാവില്‍ വെള്ളത്തിന്റെ രൂപത്തില്‍കിനിഞ്ഞുവരുന്നത്. എന്തെല്ലാം തരത്തിലുള്ള മാങ്ങകള്‍. നീലം,മൂവാണ്ടന്‍, മല്‍ഗോവ, കിളിച്ചുണ്ടന്‍തുടങ്ങി അനേകം നാടന്‍ മാങ്ങകള്‍. ഫ്രെഷ് മാമ്പഴം എന്നാല്‍ ഇന്നത്തെക്കാലത്ത് “മാങ്കോ ഫ്രൂട്ടി, ഫ്രെഷ് ആന്റ് ജ്യൂസി”എന്നാണല്ലോ നാവിന്‍ തുമ്പില്‍ വരുന്നത്.
ഇന്ത്യയില്‍ മാങ്ങാ സീസണ്‍തുടങ്ങുന്നത് പാലക്കാട് ജില്ലയിലെ മുതലമടയില്‍ നിന്നും ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിന്നുമാണത്രേ. മാര്‍ച്ച് മാസത്തില്‍ തന്നെ വിവിധ തരത്തിലുള്ള വായില്‍ സ്വാദ് കിനിയുന്ന മാങ്ങകള്‍ പാകമായിഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നു. അതിനാല്‍ തന്നെ നല്ല വിലയും കിട്ടും. മുതലമട ഭാഗത്തുനിന്നുമുള്ള അല്‍ഫോന്‍സോ മാങ്ങക്ക് ഉത്തരേന്ത്യയില്‍ നല്ല മാര്‍ക്കറ്റാണ്.
അല്‍ഫോന്‍സൊയെ കൂടാതെ അമ്രപലി, ബംഗനപലി, ലംഗ്രാ, ബംഗ്ലൊര, മല്ലിക തുടങ്ങി അനേകതരം മാമ്പഴങ്ങളാണ് ഇവിടെ നിന്നും കയറ്റി അയക്കുന്നത്. ഇപ്രാവശ്യം അസമയത്ത് പെയ്ത മഴകാരണം അല്‍ഫോന്‍സോയുടെ ഉല്പാദനം കുറഞ്ഞത് ഇവിടെ നിന്നുമുള്ള മാങ്ങക്ക് സീസന്‍തുടക്കത്തില്‍ റിക്കാര്‍ഡ് വിലയാണ് ഉണ്ടായിരുന്നത്.
കോട്ടമൈതാനിയില്‍ ഈ പ്രാവശ്യം ഏപ്രിലില്‍ മാമ്പഴ പ്രദര്‍ശനത്തില്‍ കൂടുതലും മുതലമടപ്രദേശത്തുനിന്നുമുള്ള, ചെറുനാരങ്ങ മുതല്‍ തേങ്ങയുടെ വലിപ്പമുള്ള പലതരം മാമ്പഴങ്ങളായിരുന്നു. മിക്കതിന്റെയും പേര്‍ ഓര്‍ക്കുന്നില്ല. കഴിച്ച മാമ്പഴങ്ങളുടെ മധുരം കിനിയുന്ന സ്വാദ് മാത്രം നാവില്‍തങ്ങി നില്‍ക്കുന്നു. ഒരു മാമ്പഴക്കാലം കൂടി കടന്നുപോയി.
No comments:
Post a Comment