മനസ്സ് വായിക്കും കമ്പ്യൂട്ടര്‍
കമ്പ്യൂട്ടറിനുമുന്നിലിരുന്ന് ഇമെയില്‍ നോക്കിയാലോ എന്നാലോചിച്ചു തുടങ്ങുമ്പോഴേക്ക് ദാ നോക്കിക്കോളു എന്ന മട്ടില്‍ മെയില്‍ ബോക്സ് നിങ്ങള്‍ക്കുമുന്നില്‍ സ്വയം തുറന്നുവന്നാല്‍ എങ്ങിനെയിരിക്കും. മാത്രമല്ല സെര്‍ച്ച് ചെയ്യാനുദ്ദേശിക്കുന്ന വാക്കുകള്‍ ഗൂഗിള്‍ വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ ആ വിഷയത്തിലുള്ള നൂറ് കണക്കിന് സെര്‍ച്ച് റിസള്‍ട്ടുകള്‍ തെളിഞ്ഞ് വരുകയും കൂടി ചെയ്താലോ. വോയ്സ് കമാന്റുകള്‍കൊണ്ട് ഓടിക്കാവുന്ന കാറുകളും കാലാവസ്ഥയ്ക്കനുസരിച്ച് വസ്ത്രം തിരഞ്ഞെടുത്ത് തരുന്ന വാര്ഡ്രോബുകളുമൊക്കെ നിറഞ്ഞ സയന്‍സ് ഫിക്ഷന്‍ സിനിമയിലെ മറ്റൊരു രംഗമായിരിക്കും ഇതുമെന്ന് തെറ്റുധരിക്കേണ്ട. സമീപ ഭാവിയില്‍ നാം അനുഭവിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണിത്. മനസ്സ് വായിക്കുന്ന പെഴ്സണല്‍ കമ്പ്യൂട്ടര്‍ ഗവേഷണശാലയില്‍ ഒരുങ്ങുകയാണ്.
മനുഷ്യ മസ്തിഷ്കവും അത്യന്താധുനിക യന്ത്രങ്ങളും ഒന്നിക്കുന്ന കാലം വിദൂരമല്ലെന്നാണ് ലോകത്തെ ഏറ്റവും വലിയ മൈക്രൊപ്രാസസര് നിര്‍മാതാക്കളായ ഇന്റല്‍ കോര്‍പറേഷന്റെ ലാബില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മസ്തിഷ്കത്തിലെ ചിന്തകളെ കൃത്യമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന പുതിയ കമ്പ്യൂട്ടര്‍ സാങ്കേതമാണ് ഇന്റല്‍ കോര്‍പറേഷനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കമ്പ്യൂട്ടര്‍ സ്ക്രീനിലെ കര്‍സര്‍ ചലനങ്ങള്‍ അപഗ്രഥിച്ച് ഉപയോഗിക്കുന്നയാളുടെ മനോഗതങ്ങളും താല്പര്യങ്ങളും വിലയിരുത്താന്‍ കഴിയുന്ന മസ്തിഷ്ക നിയന്ത്രിത കമ്പ്യൂട്ടറുകള്‍ കുറച്ച് കാലം മുമ്പ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരുന്നു. അവയുടെ കൂടുതല്‍ വികസിച്ച രൂപമാണ് ഇന്റലിലെ സാങ്കേതിക വിദഗ്ധര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ഒരുവിധ ശാരീരിക ചലനവും ഈ പുത്തന്‍ കമ്പ്യൂട്ടറിന് ആവശ്യമില്ല. വാക്കുകള്‍ രൂപപ്പെടുന്നതിന് പിന്നിലുള്ള മസ്തിഷ്ക പ്രവര്‍ത്തനങ്ങള്‍ അപ്രഗ്രഥിക്കുക മാത്രമേ അതിന് വേണ്ടൂ. മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ മാപ്പിങ് അടിസ്ഥാനമാക്കിയാണ് ഈ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്.
മനുഷ്യ മസ്തിഷ്കത്തില്‍ വാക്കുകള്‍ രൂപപ്പെട്ട് വരുന്നതിന് പിന്നില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദമായ മാപ്പുകള്‍ ഇതിനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇന്റലിലെ ശാസ്ത്രജ്ഞര്‍. കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നയാളുടെ ചിന്തകളെ അപഗ്രഥിച്ച് അവ ഈ മാപ്പുകളുമായി താരതമ്യപ്പെടുത്തിയാണ് ഉപയോക്താവിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് കമ്പ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിക്കുന്നത്. പരീക്ഷണശാലയിലെ പ്രാഥമിക പരിശോധനകളില്‍ ഇത്തരത്തില്‍ നേരത്തേ തയ്യാറാക്കിയ മാപ്പുകള്‍ സംവിധാനിച്ച കമ്പ്യൂട്ടറിന് ഉപയോക്താവിന്റെ തലച്ചോറിലെ സമാനമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചിന്തിക്കുന്ന വാക്കേതെന്ന് കൃത്യമായി കണ്ടെത്തി നിര്‍ദേശങ്ങള്‍ സ്വയം നല്കാന് കഴിഞ്ഞിരുന്നു.
20 ചോദ്യങ്ങളിലൂടെയാണ് വിവിധ സാധ്യതകള്‍ പരിശോധിച്ച് ഉപയോക്താവ് ചിന്തിക്കുന്ന ശരിയായ വാക്ക് ഏതെന്ന കൃത്യമായ നിഗമനത്തില്‍ കമ്പ്യൂട്ടര്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് അതിനെ അടിസ്ഥാനമാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ കമ്പ്യൂട്ടര്‍ സ്വയം നല്‍കുകയാണ് ചെയ്യുക- ഇന്റല്‍ ലബോറട്ടറിയുടെ വക്താവ് ഡീന്‍ പോമര്‍ല്യൂ പറഞ്ഞു. ഉദാഹരണത്തിന് ഭക്ഷണവുമായി ബന്ധപ്പെട്ട വാക്കിനെക്കുറിച്ചാണ് വ്യക്തി ചിന്തിക്കുന്നതെങ്കില്‍ തലച്ചോറിലെ വിശപ്പുമായി ബന്ധപ്പെട്ട മേഖലയിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക. അപ്പോള്‍ ആ മേഖലയുമായി ബന്ധപ്പെട്ട ഓരോ വാക്കും രൂപപ്പെടുന്നതിന് പിന്നിലുമുള്ള സവിശേഷമായ മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ മാപ്പുമായി കമ്പ്യൂട്ടര്‍ അവ ഒത്തുനോക്കുന്നു. ഒടുവില്‍ എല്ലാ സാധ്യതകളും പരിശോധിച്ച് ശരിയായ വാക്ക് കണ്ടെത്തുന്നു. വ്യത്യസ്ത വാക്കുകളുമായി ബന്ധപ്പെട്ട് ശരാശരി മനുഷ്യ മസ്തിഷ്കത്തില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും മാപ്പാണ് ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്-പോമര്‍ ല്യൂ വ്യക്തമാക്കി. മനസ്സ് വായിക്കുന്ന ഈ പുതുതലമുറ കമ്പ്യൂട്ടറുകള്‍ വരുന്നതോടെ ടൈപ്പ് ചെയ്യാതെ തന്നെ മെയില്‍ തുറക്കാനും കമ്പോസ് ചെയ്യാനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനും ഒക്കെ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
കമ്പ്യൂട്ടര്‍ ഉപയോഗത്തിനും ഇന്റര്‍നെറ്റ് സെര്ച്ചിങ്ങിനുമൊക്കെ ഉപരിയായി അനന്തസാധ്യകകളുടെ വാതായനമാണ് ഇത്തരം മനസ്സ് വായിക്കും കമ്പ്യൂട്ടറുകള്‍ തുറന്നിടുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ എല്ലാ സേവനങ്ങളിലും വിപഌവകരമായ മാറ്റങ്ങളാവും അവയുണ്ടാക്കുക. ഉദാഹരണത്തിന് ഷോപ്പിങ്ങിന് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തുന്ന ഉപഭോക്താവിന്റെ മനസ്സിലുള്ള സാധനങ്ങളുടെ ലിസ്റ്റ് സ്വയം മനസ്സിലാക്കി പ്രിന്റ് ചെയ്ത ഒാര്‍ഡര്‍ ഫോം സ്റ്റോര്‍ കീപ്പറെ ഏല്പിക്കാന് ഇത്തരം കമ്പ്യൂട്ടറുകള്‍ക്ക് നിമിഷങ്ങളെ വേണ്ടിവരൂ. ഇനി മ്യൂസിയമാണ് നിങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് കരുതുക. അപ്പോള്‍ ചോദിക്കാതെ തന്നെ നിങ്ങളുടെ ഉള്ളില്‍ ഉയരുന്ന നിരവധി സംശയങ്ങള്‍ക്ക് ഉത്തരം നല്കാന് കമ്പ്യൂട്ടറിനാവും. ഇതൊന്നുമല്ല വീട്ടില്‍ ജോലി കഴിഞ്ഞ് ക്ഷിണിച്ചിരിക്കുകയാണെന്ന് കരുതുക. അപ്പോള്‍ സന്ദര്‍ഭം മനസ്സിലാക്കി ലൈറ്റുകളണച്ചും പാട്ടുകള്‍ വെച്ചും വിശ്രമവും ഉല്ലാസവുമേകുന്ന ഒന്നായി നിങ്ങളുടെ കമ്പ്യൂട്ടര്‍ മാറിയാലോ.. അങ്ങിനെയങ്ങിനെ വിപുലമായ സാധ്യതകളാണ് അവ സൃഷ്ടിക്കാന്‍ പോവുന്നത്.
അതേസമയം ഈ പുതിയ കമ്പ്യൂട്ടറിനെക്കുറിച്ച് ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു, മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ തന്നെ. സുരക്ഷാ ആശങ്കയാണ് പ്രധാനമായി ഉന്നയിക്കപ്പെടുന്നത്. ഹ്യൂമന്‍ ക്ളോണിങ്ങും ആണവ സാങ്കേതിക വിദ്യയുമൊക്കെ പോലെ ദുരുപയോഗം ചെയ്യപ്പെടാം എന്നതാണ് വിമര്‍ശകരുടെ ആശങ്ക. മനുഷ്യന്റെ എല്ലാ രഹസ്യങ്ങളുടെയും അവസാന സൂക്ഷിപ്പുകേന്ദ്രമായ തലച്ചോറിനെ വായിക്കാന്‍ കമ്പ്യൂട്ടറിന് കഴിയുന്നതിലൂടെ സ്വകാര്യത പൂര്‍ണമായി അപഹരിക്കപ്പെടുമെന്ന അവരുടെ വാദത്തിലും അല്പം കഴമ്പില്ലാതില്ല.
Subscribe to:
Post Comments (Atom)
4 comments:
ഇനിയും പലതും കാണണം
sankethika vidya valarukayalle..... aashamsakal........
valarnnu valarnnu avasaanam nashathilekkaayirikkum pokku
varatte namukku kaathirikkaam
Post a Comment