Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ഹജ്ജ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍


ജിദ്ദ: വിശുദ്ധ ഹജ്ജ് അനുഷ്ഠാനങ്ങള്‍ സമാരംഭിക്കാന്‍ നാലു നാള്‍ മാത്രം ശേഷിക്കെ, മുസ്‌ലിം ലോകം മക്കയിലേക്ക് ഒഴുകുകയാണ്. ഹജ്ജ് വിമാനങ്ങളുടെ വരവ് ചൊവ്വാഴ്ചയോടെ അവസാനിക്കും. ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഡല്‍ഹിയില്‍നിന്ന് നവംബര്‍ രണ്ടിന് ജിദ്ദയില്‍ ഇറങ്ങും.


കഴിഞ്ഞ ദിവസത്തോടെ 15 ലക്ഷത്തോളം ഹാജിമാരാണ് വിദേശങ്ങളില്‍നിന്ന് മക്കയിലും മദീനയിലും എത്തിയത്. കഴിഞ്ഞ ഹജ്ജില്‍ ഇതേ കാലയളവില്‍ എത്തിയതിനേക്കാള്‍ 26,000-ത്തിലേറെ പേരാണ് ഇത്തവണ എത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.




സൗദി രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഹജ്ജിനെത്തുന്ന ഇരുപതംഗ ഇന്ത്യന്‍ സംഘം ശനിയാഴ്ച ജിദ്ദയില്‍ എത്തി. ഇതില്‍ ഏഴുപേരും മലയാളികളാണ്. മുസ്‌ലിം ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘത്തെ വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) അധികൃതര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.


സിയാറത്തിനായി മദീനയിലുള്ള സ്വകാര്യ സംഘങ്ങളിലെ ഇന്ത്യന്‍ ഹാജിമാര്‍ ചൊവ്വാഴ്ച ഹജ്ജിന് നിയ്യത് പുതുക്കി ഇഹ്‌റാം വേഷം ധരിച്ചു ചൊവ്വാഴ്ച മിനായ്ക്ക് സമീപമുള്ള അസീസിയ്യയിലേക്ക് തിരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ ഹാജിമാരില്‍ മദീന സിയാറത്ത് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ ഇനി ഹജ്ജിന് ശേഷമേ അവിടേക്ക് തിരിക്കൂ. അതേസമയം, ഇപ്പോള്‍ മദീനയിലുള്ള കേന്ദ്ര കമ്മിറ്റി ഹാജിമാര്‍ പൂര്‍ണമായി ചൊവ്വാഴ്ചയോടെ മദീന വിട്ട് മക്കയില്‍ തിരിച്ചെത്തും.


മക്കയില്‍ കഴിയുന്ന ഇന്ത്യന്‍ ഹാജിമാര്‍ നവംബര്‍ ആറ് വ്യാഴാഴ്ച രാത്രി നിസ്‌കാരത്തിനു ശേഷം മിനായിലേക്ക് നീങ്ങുമെന്ന് ഹജ്ജ് കോണ്‍സല്‍ ബി.എസ്. മുബാറക് പറഞ്ഞു. ഇന്ത്യന്‍ ഔദ്യോഗിക ഹജ്ജ് സൗഹൃദ സംഘം തിങ്കളാഴ്ച എത്തും.


സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അതിഥികളായി 1400 പേര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കും. 1300 പേരാണ് വര്‍ഷം തോറും സൗദി രാജാവിന്റെ ചെലവില്‍ ഹജ്ജിന് എത്താറുള്ളത്. ഈ വര്‍ഷം ദക്ഷിണ സുഡാന്‍ റിപ്പബ്ലിക്കില്‍നിന്ന് പ്രത്യേകമായി നൂറു പേരെക്കൂടി രാജാവ് ക്ഷണിച്ചു. സൗദി മതകാര്യ മന്ത്രാലയമാണ് ഇവരുടെ ഹജ്ജിന് പദ്ധതി ആസൂത്രണം ചെയ്യുന്നത്.


ഹജ്ജിന് ആതിഥ്യം അരുളുന്ന നാട്ടില്‍ ഒരുക്കങ്ങള്‍ അവസാന വട്ടത്തിലാണ്. ഹജ്ജ് വേളയില്‍ അറഫ ദിനത്തില്‍ പുണ്യ കഅബാ ശരീഫ് മന്ദിരത്തില്‍ ചാര്‍ത്താനുള്ള പുത്തന്‍ പുടവ തയ്യാറായി. പതിവനുസരിച്ച് മന്ദിരത്തിന്റെ പരമ്പരാഗത സൂക്ഷിപ്പുകാരായ അല്‍ ശൈബി ഗോത്രത്തിലെ മുതിര്‍ന്ന അംഗത്തെയാണ് ഇരു ഹറം ഭരണസമിതി പുടവ ഏല്പിക്കാറ്. മക്കയിലെ ഉമ്മു ജൌദ് പ്രത്യേക ഫാക്ടറിയില്‍ നിര്‍മിച്ച പുത്തന്‍ പുടവ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ ശൈബിക്ക് കിസ്‌വാ ഭരണസമിതി അധ്യക്ഷന്‍ ശൈഖ് സാലിഹ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഹിസ്വീന്‍ കൈമാറി.

Bookmark and Share

No comments: