ഉള്ളിന്റെ ഉള്ളിലെ ഒറ്റപ്പെടലിനെ ചെറുക്കാന്‍ നമുക്ക് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ വേണം. എന്നാല്‍ ഈ ബന്ധവും മമതയും തന്നെ അസൂയയ്ക്കും സ്പര്‍ധയ്ക്കും കാരണമായാലോ?
''സംശയാത്മാക്കള്‍ നശിക്കുന്നു എങ്കിലും
സംശയമില്ലാതെ ഇല്ല വിശ്വാസവും''
-അയ്യപ്പപ്പണിക്കര്‍
ഒരാള്‍ മറ്റൊരാളെ സ്‌നേഹിക്കുമ്പോള്‍ മനസ്സുകൊണ്ട് ഒരുതരം 'സ്വന്തമാക്കല്‍' സംഭവിക്കുന്നുണ്ട്. 'നീയെന്റെ സ്വന്തം' എന്ന ഭാവത്തെ കൃത്യമായി കുറിക്കുന്ന പദമാണ് 'മമത'. ഉള്ളിന്റെ ഉള്ളിലെ ഒറ്റപ്പെടലിനെ ചെറുത്തു തോല്‍പ്പിക്കാന്‍ നമുക്ക് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ വേണം.
എന്റെ കുടുംബം, എന്റെ ഗ്രാമം, എന്റെ രാജ്യം, എന്റെ മതം, എന്റെ രാഷ്ട്രീയ പാര്‍ട്ടി - എന്നിങ്ങനെ മമതയുടെ കാണാച്ചരടുകൊണ്ട് ഓരോന്നിനോട് നമ്മള്‍ കെട്ടിയിടുന്നു നമ്മളെത്തന്നെ. പക്ഷേ, സ്വന്തക്കാരെ സൃഷ്ടിക്കുന്ന ഇതേ പ്രക്രിയതന്നെ ഒപ്പം 'അന്യരെയും' സൃഷ്ടിക്കുന്നു. അയല്‍വീട്, അയല്‍ഗ്രാമം, അയല്‍രാജ്യം, അന്യമതം, മറ്റവന്റെ രാഷ്ട്രീയപാര്‍ട്ടി എന്നിങ്ങനെ.
എന്റേത് എന്നത് ഒരു വിഭജനം കൂടിയാണ്. അകറ്റി നിര്‍ത്തുന്നു, അത് ചിലരെ - ചിലതിനെ. മമതകൊണ്ട് സ്വയം സുരക്ഷിതരാക്കുമ്പോള്‍ത്തന്നെ അതിലെ വിഭജനം സൃഷ്ടിക്കുന്ന 'അപരത്വം' നമ്മളെ അരക്ഷിതരാക്കുന്നുമുണ്ട്. സ്പര്‍ധയും സംശയവുമൊക്കെ അതില്‍നിന്ന് ജനിക്കുന്നതാവണം. മമത, സ്വാര്‍ഥത, സ്പര്‍ധ, അസൂയ, സംശയം, സംശയരോഗം എന്നിങ്ങനെ ക്രമമായും വിനാശകരമായും പിരിഞ്ഞുയര്‍ന്നു കയറിപ്പോകുന്നതാണ് ആ വൈകാരിക ഗോവണി.
തുടക്കം സഹോദര വൈരത്തില്‍
പല സ്രോതസ്സുകളുണ്ട് ഈ വികാരത്തിന്. സിബ്ലിങ് റൈവലറി (Sibling rivalry) എന്നു വിളിക്കപ്പെടുന്ന, സഹോദരങ്ങള്‍ തമ്മിലുണ്ടാവുന്ന പരസ്പരസ്പര്ധയില് ഈ വികാരത്തിന്റെ ഒരു ഉറവ കണ്ടെത്താം. അമ്മ വീണ്ടും ഗര്‍ഭം ധരിക്കുമ്പോഴേക്കും ആരെങ്കിലും മൂത്ത കുട്ടിയുടെ മനസ്സിലേക്ക് സ്‌നേഹലോപത്തെക്കുറിച്ചുള്ള ആശങ്കയുടെ വിത്തെറിയും. സന്ദര്‍ശകരാവാം, വീട്ടുജോലിക്കാരാവാം, അയല്‍ക്കാരാവാം, വീട്ടിനകത്തോ പുറത്തോ ഉള്ള ഏതെങ്കിലും ബന്ധുക്കളുമാവാം അതിന്റെ പിന്നില്‍. ''ദാ നോക്ക്. അമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുവാവയുണ്ട്. ആ വാവ പുറത്തുവരുന്നതോടെ തീരും അമ്മയ്ക്കും അച്ഛനും നിന്നോടുള്ള ഇഷ്ടമൊക്കെ. മേലില്‍ ഉമ്മകളെല്ലാം വാവയ്ക്ക്. പുതിയ ഉടപ്പുകള്‍. ചോക്ലൈറ്റ്, കളിപ്പാട്ടം എല്ലാം വാവയ്ക്ക്. നിന്നെ പിന്നെ ആര്‍ക്കും വേണ്ടാതാവും കേട്ടോ. വേണമെങ്കില്‍ നീ ഞങ്ങളോടൊപ്പം പോന്നോളൂ'' എന്നൊരു ദാക്ഷീണ്യവും ഭാവിക്കും.
ഇതാ ഈ കുട്ടിയെ ഒന്നു ചൊറിഞ്ഞു നോക്കട്ടെ എന്ന മട്ടില്‍ ഏതോ വന്‍ തമാശ പറയുന്ന പോലെ, ആ മഹാപാതകം ചെയ്യുമ്പോള്‍ അറിയുന്നില്ല അവര്‍ ചെയ്യുന്നതെന്തെന്ന്. അതോടെ ആ കുട്ടിയാകട്ടെ, മനസ്സില്‍ വന്നുവീണ സന്ദേഹത്തെ സ്ഥിരീകരിക്കുന്ന തെളിവുകള്‍ക്കായി ഉറ്റുനോക്കി ഇരിക്കാന്‍ തുടങ്ങും. നിര്‍ഭാഗ്യവശാല്‍ സമീപഭാവിയില്‍ത്തന്നെ അവ സുലഭമാക്കി വീണു കിട്ടുകയും ചെയ്യും. പിറക്കുന്ന നിരാലംബശിശുവിന് സ്വാഭാവികമായും ലഭിക്കുന്നു, ലഭിക്കേണ്ടതായ പ്രത്യേക പരിഗണനകള്‍, പരിരക്ഷകള്‍, തനിക്ക് അമ്മയില്‍ നിന്നും അവശ്യം പാലിക്കേണ്ടതായി വന്നുകൂടുന്ന അകലം, ബഹുവിധ നിയന്ത്രണങ്ങള്‍ തുടങ്ങി അനന്തരാനുഭവങ്ങള്‍ ഒട്ടുമിക്കതും അസൂയയ്ക്കു പോഷകങ്ങളായി പരിണമിക്കാതെ വയ്യ. കുഞ്ഞ് ഉറങ്ങുമ്പോള്‍ ഒച്ചവെച്ചുകൂട. അമ്മയും കുഞ്ഞും ഉറങ്ങുന്ന കിടക്കയില്‍ കുത്തിമറിഞ്ഞുകൂട. മുമ്പില്ലാത്ത വിധം, കാണാക്കയറുകൊണ്ട് കെട്ടിയിട്ടപോലെ ഒതുങ്ങിക്കൂടേണ്ടിവരുമ്പോള്‍ കുട്ടി അതിനെല്ലാം കാരണമായ നവജാതശിശുവിനെ ശത്രുവിനെപ്പോലെ കാണാന്‍ തുടങ്ങുന്നു.
കൂടെപ്പിറപ്പിനോടുള്ള മത്സരബുദ്ധി അങ്ങനെ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. വളരുന്തോറും ഇത് തിരിച്ചറിഞ്ഞ് ഇളയകുട്ടിയും സമാനമായി പ്രതികരിക്കാനുംകൂടി തുടങ്ങുന്നതോടെ സ്പര്‍ധയുടെ പാരസ്പര്യവും പൂര്‍ത്തിയാവുന്നു. അസൂയ ഇല്ലാതെ എന്ത് പ്രണയം! തനിക്കു ലഭിക്കേണ്ടിയിരുന്ന സ്‌നേഹവാത്സല്യങ്ങള്‍ അപഹരിക്കാനെത്തിയ എതിരാളിയെക്കുറിച്ച് ബാല്യത്തിലേ തുടങ്ങുന്ന ഭയാശങ്കകള്‍ പില്‍ക്കാലത്ത് അതിഗാഢമായ സ്‌നേഹബന്ധങ്ങളിലും പ്രസക്തമായി തോന്നുന്നത് സ്വാഭാവികം. അങ്ങനെ സാഹോദര്യത്തിലെ സ്പര്‍ധയുടെ പിന്തുടര്‍ച്ചയായി പ്രണയത്തിലെ സ്പര്‍ധയെ കണക്കാക്കാം.
എങ്കിലും അസൂയ ഉള്‍ച്ചേരാത്ത ഒരു പ്രണയബന്ധത്തെ സങ്കല്‍പ്പിക്കുകപോലും ദുഷ്‌കരമാണ്. ബന്ധത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ താത്കാലികമായെങ്കിലും അസൂയകൊണ്ട് കലുഷമാകാത്ത പ്രണയം ഉണ്ടാകുമോ! സാധ്യത കുറവാണ്. മുന്‍ചൊന്നപോലെ വൈകാരികമായ ഒറ്റപ്പെടലുകള്‍ക്ക് ഔഷധമായി അതിഗാഢമായ ആന്തരിക സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന മൃദുശീതളസ്പര്ശമാണ് മമത. പക്ഷേ, അതിന്റെ മറ്റേ അറ്റമായ സംശയരോഗമോ തീത്തുള്ളി വീണപോലെ പൊള്ളിക്കുന്ന ഏകാന്തയാതനയും. രണ്ടിലൊന്നല്ല, പലപ്പോഴും ഇവയ്ക്കു രണ്ടിനും ഇടയ്ക്കുള്ള ഊഞ്ഞാലാട്ടമാണ് പ്രണയിയുടെ ജീവിതം.
അതിരുകള്‍ക്കപ്പുറത്തെ അയല്‍പ്പച്ചപ്പുകളില്‍മേയാനുള്ള പ്രവണതയുണ്ട് ലൈംഗിക പ്രണയ-തൃഷ്ണകള്‍ക്കൊക്കെയും. ഒപ്പംതന്നെ ഒരൊറ്റ ബന്ധത്തിന്റെ അതിഗാഢവും തീക്ഷ്ണവുമായ പാരസ്പര്യത്തില്‍ പ്രതിബദ്ധത പുലര്‍ത്താനുള്ള വാസനയും. വിരുദ്ധങ്ങളെങ്കിലും ഈ രണ്ടു വാസനകളും ഒരേസമയം നമ്മില്‍ ഒരു തരം ഉഭയ മനസ്‌കതയായി വര്‍ത്തിക്കുന്നു. തന്റെതന്നെ കടിഞ്ഞാണിനെക്കുറിച്ചുള്ള സന്ദേഹം പങ്കാളിയുടെ വിശ്വാസ്യതയിലേക്ക് പ്രക്ഷേപിച്ച് ഒരേസമയം ആത്മപീഡനവും പരപീഡനവും നടത്തുന്ന വിചിത്ര ജീവികൂടിയാണ് ഓരോ സംശയരോഗിയും. ഷേക്സ്പിയര് ദുരന്തനാടകത്തിലെ സംശയപ്പിശാചു ബാധിച്ച ഒഥല്ലോ സുചരിയായ തന്റെ പ്രേയസിയെ കൊന്നുകളയുന്നുണ്ടല്ലോ. പങ്കാളിയെക്കുറിച്ചുള്ള സംശയരോഗത്തെ മനോരോഗശാസ്ത്രം ഒഥല്ലോ സിന്‍ഡ്രോം എന്നു വിശേഷിപ്പിക്കുന്നു.
നമ്മുടെ പുരാണേതിഹാസങ്ങളിലും ദാമ്പത്യത്തിലെ വിശ്വസ്തതയുമായി ബന്ധപ്പെട്ട ദാരുണ കഥകള്‍ക്ക് പഞ്ഞമില്ല. സ്വയം അവിശ്വസ്തയായിട്ടല്ല, ഭര്‍ത്തൃവേഷം ധരിച്ചുവന്ന സാക്ഷാല്‍ ദേവേന്ദ്രനാല്‍ ചതിക്കപ്പെടുകയായിരുന്നിട്ടും, അഹല്യയെ ഭര്‍ത്താവായ ഗൗതമമുനി ശപിച്ച് ശിലയാക്കിക്കളഞ്ഞു. ആ അഹല്യക്ക് സ്വന്തം പാദസ്പര്‍ശം കൊണ്ടു മോക്ഷം നല്‍കിയ മര്യാദാ പുരുഷോത്തമനായ ശ്രീരാമനാകട്ടെ, ഗര്‍ഭിണിയായ സീതയെ സംശയത്തിന്റെ നിഴയില്‍പ്പെട്ടുവെന്ന കാരണത്താല്‍, പൊതുജനഹിതം മാനിച്ച് കാട്ടിലുപേക്ഷിക്കുകയും ചെയ്തു.
സംശയത്തിന് ആത്മീയ തലവുമുണ്ട്. രാഷ്ട്രീയ തലവുമുണ്ടെന്നു സാരം.
പുരുഷനാണ് അസൂയ കൂടുതല്‍
അസൂയയുടെ മറ്റൊരു പ്രത്യേകത അതിലെ സ്ത്രീപുരുഷ അസമത്വങ്ങളാണ്. കഷണ്ടി പുരുഷനും അസൂയ സ്ത്രീക്കും എന്നു പൊതുവെ പറയാറുണ്ടെങ്കിലും പ്രണയത്തിലെ അസൂയയും സംശയവുമൊക്കെ സ്ത്രീയെക്കാള്‍ പുരുഷനെയാണ് പിടികൂടാറ്. മാതൃത്വം സുനിശ്ചിതവും പിതൃത്വം അനിശ്ചിതവുമാണെന്നതാണ് ഇക്കാര്യത്തില്‍ പുരുഷനെ ദുര്‍ബലനാക്കുന്ന വസ്തുത. ഇത് പ്രഖ്യാപിക്കുന്ന ഒരു ആഫ്രിക്കന്‍ പഴഞ്ചൊല്ല് ഇങ്ങനെ:
'Mama's baby
Papa's may be.'
മറ്റൊരാളിന്റെ സന്താനത്തിന്റെ പിതൃത്വം വൃഥാ ചുമക്കേണ്ടിവന്നാലോ എന്ന ഭീതി പുരുഷനെ തന്റെ പങ്കാളിയെ അമിതമായി നിയന്ത്രിക്കുന്നതിലേക്കാണ് എത്തിക്കാറ്. വര്‍ഷങ്ങളോളം ഒരുപക്ഷേ, ദശാബ്ദങ്ങളോളം താന്‍ കോരിച്ചൊരിയുന്ന സ്‌നേഹവാത്സല്യങ്ങള്‍, ധനം, അദ്ധ്വാനം എല്ലാമെല്ലാം വേറെ ആരുടെയോ ബീജത്തില്‍ പിറന്ന സന്താനത്തിന്റെ മേലായിപ്പോയെങ്കിലോ എന്ന കാകഭീതി പുരുഷനു താങ്ങാവുന്നതിനപ്പുറമാണ്. എന്നാല്‍ സംശയത്തിന്റെ കൊടുമുടി എന്നു പറയാവുന്ന ഈ മനോഭാവത്തിനുപോലും മറുമരുന്നുപോലെ ഒരു കഥാസന്ദര്‍ഭം ഒ.വി. വിജയന്റെ ഗുരുസാഗരം എന്ന നോവലിലുണ്ട്.
അതിലെ മുഖ്യകഥാപാത്രമായ കുഞ്ഞുണ്ണി തന്റെ ബംഗാളിഭാര്യയില്‍ നിന്ന് വേറിട്ടു താമസിക്കുകയാണ്. ഒറ്റ മകളായ കല്യാണി അവളുടെ അമ്മയോടൊപ്പം കല്‍ക്കത്തയിലും. ദൂരെയാണെങ്കിലും കുഞ്ഞുണ്ണിക്ക് മകളോടുള്ള വാത്സല്യത്തിന് അറുതിയില്ല. അങ്ങനെയിരിക്കെ രോഗം ബാധിച്ച് കല്യാണി മരിച്ചുപോകുന്നു. അതറിഞ്ഞ്, മനസ്സു തകര്‍ന്ന് കല്‍ക്കത്തയിലെത്തിയ കുഞ്ഞുണ്ണിയുടെ ശമിക്കാത്ത സങ്കടം കണ്ടിട്ട്, ഒരു ഘട്ടത്തില്‍ അവളുടെ അമ്മ കുഞ്ഞുണ്ണിയോട് ക്രൂരമായ ഒരു രഹസ്യം വെളിപ്പെടുത്തുന്നു. കല്യാണി കുഞ്ഞുണ്ണിക്ക് പിറന്ന കുട്ടി ആയിരുന്നില്ല എന്നതായിരുന്നു അത്. ഇരട്ട ആഘാതത്തില്‍ നിന്ന് ഒട്ടൊന്നു മുക്തനാവുമ്പോള്‍, കല്യാണിയുടെ പിതൃത്വത്തെക്കുറിച്ച് ഓര്‍ത്ത് ഖേദിച്ചല്ലോ എന്നതില്‍ കുഞ്ഞുണ്ണിക്ക് കടുത്ത ആത്മനിന്ദ അനുഭവപ്പെടുന്നുണ്ട്. മറ്റൊരു ലോകത്തിലേക്ക് കടന്നുപോയ്‌പോയ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ മുമ്പില്‍ ഇത്തരം അഹന്തകള്‍ക്ക് എന്തു പ്രസക്തി എന്നു കുഞ്ഞുണ്ണി സ്വയം ചോദിക്കുന്നു.
നമ്മുടെ സ്വാര്ഥസ്പര്ധകളെ അമ്പേ കഴുകിക്കളഞ്ഞു വിശുദ്ധമാക്കുന്നതിലൂടെ, കഥയിലാണെങ്കില്‍പോലും, മനുഷ്യനന്മയുടെ ഏറ്റവും നിര്‍മലമായ ഒരു മുഹൂര്‍ത്തമാണ് വിജയന്‍ സൃഷ്ടിച്ചതെന്നു തോന്നാറുണ്ട്. ഓരോ വായനയിലും സ്ത്രീകളില്‍ ഇത് പ്രസക്തമല്ല. പക്ഷേ, സ്ത്രീകളിലും സ്പര്‍ധയും അസൂയയും ഇല്ലാതെയില്ല. പരസ്ത്രീകളുമായുള്ള ശാരീരിക ബന്ധങ്ങളെക്കാള്‍ പങ്കാളിക്ക് അവരോടുണ്ടാവുന്ന വൈകാരിക അടുപ്പമാണ് സ്ത്രീയെ കൂടുതല്‍ അസഹിഷ്ണുവാക്കുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബന്ധവും ബന്ധനവും സാമ്യമുള്ള പദങ്ങളായത് യാദൃച്ഛികമാവാനിടയില്ല. വിവാഹമെന്ന അര്‍ഥത്തില്‍ 'കെട്ടുക' എന്ന വാക്കുപയോഗിക്കുമ്പോള്‍ അതില്‍ ബന്ധനത്തിന്റെ ധ്വനി കുറച്ചുകൂടി വ്യക്തമാണ്. മമതയുടെ, സ്വാര്‍ഥത്തിന്റെ, നിയന്ത്രണത്തിന്റെ ഒക്കെ അര്‍ഥതലങ്ങള്‍ പരസ്പരം ഇണങ്ങിച്ചേര്‍ന്നു കിടക്കുന്നു.
അധികമായാല്‍ അമൃതവും വിഷം.
അളവിലായാല്‍ വിഷവും അമൃതം.
അസൂയാവിഷവും അതുപോലെ. back to top
അസൂയയുടെ മനഃശാസ്ത്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment