ഒബാമമാനിയയുടെ ചിന്താശൂന്യമായ ആന്ധ്യമോ, ഇനിയും നിറവേറാത്ത പ്രതീക്ഷകളിലൂടെ സ്വയം
നിര്‍മിച്ചെടുത്ത വഞ്ചനാമണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ വെള്ളപൂശി
സംരക്ഷിക്കുവാനുള്ള കുതന്ത്രമോ, കാരണം എന്തുമാവട്ടെ, വിശ്രുതമായ നോബല്‍ സമാധാന
സമ്മാനത്തിന് (2009) യുഎസ് പ്രസിഡന്റ് ബാരക് ഹുസൈന്‍ ഒബാമയെ തെരഞ്ഞെടുത്തതിലൂടെ
സ്വീഡിഷ് നോബല്‍ കമ്മിറ്റി ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍
അന്ധാളിപ്പിച്ചിരിക്കുകയാണ്.
ലോകം ഒബാമയെ ഇഷ്‌ടപ്പെടുന്നില്ല എന്നോ അവിശ്വസിക്കുന്നു എന്നോ അല്ല ഞാന്‍
പറഞ്ഞുവരുന്നത്. ഉയര്‍ന്ന രാഷ്‌ട്രീയാവബോധമുള്ള ഒരുപാടുപേര്‍ അങ്ങനെ
വിശ്വസിക്കുന്നുണ്ടെങ്കിലും ലോകജനസാമാന്യത്തിനിടയില്‍ ഇപ്പോഴും ഒബാമയുടെ ഇമേജ്,
പോസിറ്റീവ് തന്നെയാണ്. എന്നെ ഞെട്ടിച്ച കാര്യം ഈ സാഹസികോദ്യമത്തിലൂടെ നോബല്‍
കമ്മിറ്റി പ്രകടിപ്പിച്ച ധൈഷണിക അലസതയുടെയും രാഷ്‌ട്രീയ ഭീരുത്വത്തിന്റെയും
രൂക്ഷതയാണ്.
എട്ടു വര്‍ഷത്തെ ജോര്‍ജ്‌ബുഷിന്റെ കരാളമായ കാലത്തിനു ശേഷം ബാരക് ഒബാമ
സമാധാനദൂതുമായി വൈറ്റ്‌ഹൗസിലേക്ക് കടന്നുവന്നപ്പോള്‍ ലോകജനത ഏറെ ആഹ്ലാദത്തോടെയാണ്
അദ്ദേഹത്തെ വരവേറ്റത്. അന്നുമുതല്‍ ഇന്നുവരെ യുദ്ധവും സമാധാനവും എന്ന
വിഷയത്തെക്കുറിച്ചുള്ള പ്രസംഗമത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഒബാമ.
ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധമായ സൈനികത്തടവറ അടച്ചുപൂട്ടും, പീഡനപര്‍വത്തിനും
യുദ്ധത്തിനും വിരാമമിട്ട് എത്രയും വേഗം ഇറാഖില്‍ നിന്ന് പിന്‍വാങ്ങും, ഇറാനുമായി
നയതന്ത്രചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിലെത്തും... വാഗ്‌ദാനങ്ങള്‍ അനവരതം
ഒഴുകിക്കൊണ്ടേയിരുന്നു. മധ്യേഷ്യയില്‍ നീതി നടപ്പിലാക്കേണ്ടതിന്റെ
അനിവാര്യതയെക്കുറിച്ച് കെയ്‌റോയിലും ആണവരഹിത ലോകത്തെക്കുറിച്ച് പ്രേഗിലും ചെന്ന്
അദ്ദേഹം ഉജ്ജ്വലമായി സംസാരിക്കുകയും ചെയ്‌തു. അഫ്‌ഗാന്‍ യുദ്ധം
അവസാനിപ്പിച്ചുകളയുമെന്ന മറ്റൊരു ഭീഷണിയും കൂടി ഒബാമ മുഴക്കുകയുണ്ടായി. എന്നാല്‍
ഭാഗ്യവശാല്‍ കൂടുതല്‍ സൈനികസാന്നിധ്യത്തോടെയും കുറേക്കൂടി തന്ത്രപരമായ
നീക്കങ്ങളിലൂടെയും അഫ്‌ഗാന്‍ അധിനിവേശം മുന്നേറുമെന്നാണ് അദ്ദേഹത്തിന്റെ
സൈനികമേധാവികള്‍ നമുക്ക് ബോധ്യപ്പെടുത്തിത്തന്നത്.
ഈ വാചകമടികളില്‍ ഒന്നെങ്കിലും ഒബാമ യാഥാര്‍ത്ഥ്യമാക്കിയിരുന്നെങ്കില്‍ നോബല്‍
സമാധാന സമ്മാനം തീര്‍ച്ചയായും നീതീകരിക്കപ്പെടുമായിരുന്നു. പക്ഷേ നോര്‍വീജിയന്‍
കമ്മിറ്റിയെ ആകര്‍ഷിക്കുവാന്‍ ഡൗണ്‍പെയ്‌മെന്റായി ഒബാമ മുടക്കിയ വാക്കിന്റെ മൂലധനം
മാത്രം മതിയായിരുന്നുവെന്നാണ് സമ്മാനപ്രഖ്യാപനം തെളിയിക്കുന്നത്. ഏറെ
പ്രധാനപ്പെട്ട, ഏറ്റവും വിസ്‌മയകരമായ ഒരു വസ്‌തുതയിതാണ്: ഈ വര്‍ഷത്തെ
സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായ വ്യക്തിയുടെ പേര് നിര്‍ദേശിക്കുവാനുള്ള
സമയം ഒബാമ അധികാരമേറ്റതിന്റെ പന്ത്രണ്ടാം ദിവസം തന്നെ അവസാനിച്ചിരുന്നു. അദ്ദേഹത്തെ
നോമിനേറ്റ് ചെയ്‌തവര്‍, ഈ മനുഷ്യന്‍ എന്താണ് ചെയ്‌തുകാണിക്കാന്‍ പോകുന്നത്
എന്ന് രണ്ടാഴ്‌ചയെങ്കിലും കാത്തിരുന്ന് കണ്ടിട്ടല്ല ആ പ്രവൃത്തി ചെയ്‌തതെന്ന്
വ്യക്തം. ഇതൊക്കെ പോട്ടെ, അദ്ദേഹത്തിന്റെ വാഗ്‌ദാനങ്ങളും യഥാര്‍ത്ഥ നയങ്ങളും
എത്രമേല്‍ പരസ്‌പരവിരുദ്ധമായാണ് മുന്നേറുന്നതെന്നെങ്കിലും നോബല്‍ കമ്മിറ്റിക്ക്
പരിശോധിക്കാമായിരുന്നു.
പശ്ചിമേഷ്യന്‍ സമാധാനം എന്ന പ്രശ്‌നം ഒരുദാഹരണമായെടുക്കാം. ഒബാമയുടെ
സ്ഥാനാരോഹണത്തോട് തൊട്ടുരുമ്മിനിന്നുകൊണ്ടാണ് ഇസ്രയേല്‍ ഗാസയിലെ കൂട്ടക്കുരുതി
അവസാനിപ്പിച്ചത്. ഐക്യരാഷ്‌ട്രസഭാ ന്യായാധിപന്‍ റിച്ചാര്‍ഡ് ഗോള്‍ഡ്‌സ്റ്റോണ്‍
തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് ഇസ്രയേല്‍ രാഷ്‌ട്രീയ നേതൃത്വവും
സൈന്യവും മനുഷ്യത്വത്തിനെതിരെയുള്ള യുദ്ധകുറ്റകൃത്യങ്ങളിലേര്‍പ്പെട്ടുവെന്ന്
തെളിഞ്ഞ ഒരു യുദ്ധമായിരുന്നു ഗാസയില്‍ നടന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട്
അപ്രസക്തമാണെന്ന നിലപാടാണ് ബാരക് ഒബാമയും സംഘവും സ്വീകരിച്ചത്. കുറച്ചു
നാളുകള്‍ക്കു് ശേഷം അധിനിവിഷ്‌ട ഫലസ്‌തീന്‍ പ്രദേശത്ത് അനധികൃത
ജൂതകുടിയേറ്റങ്ങള്‍ വികസിപ്പിക്കുന്ന നയം അവസാനിപ്പിക്കണമെന്ന് ഒബാമ ഇസ്രയേലിനോട്
ആവശ്യപ്പെട്ടപ്പോള്‍ ലോകം പ്രതീക്ഷയോടെ വാ പൊളിച്ചുപോയി. പക്ഷേ തെല്‍അവീവ് ഈ
നിര്‍ദേശം തല്‍ക്ഷണം നിരാകരിച്ചപ്പോള്‍ നമ്മുടെ നോബല്‍ സമാധാന ജേതാവിന്റെ പ്രതികരണം
നാണമില്ലാത്ത മൗനം മാത്രമായിരുന്നു.
ഇറാനെതിരെ സൈനികാക്രമണം നടക്കില്ലെന്ന പ്രതീതി സൃഷ്‌ടിക്കുകയും എങ്ങുമെത്താത്ത
ഉച്ചകോടികളും ചര്‍ച്ചകളും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ യുദ്ധ
സന്നാഹങ്ങളും ക്രമപ്രവൃദ്ധമായി അരങ്ങേറുന്നുണ്ട്. ഇറാന്റെ ഉണ്ടെന്ന് പറയപ്പെടുന്ന
ഭൂഗര്‍ഭ ആണവനിലയങ്ങള്‍ ഭസ്‌മമാക്കാന്‍ കെല്‌പുള്ള ബങ്കര്‍ബസ്റ്റുകള്‍ക്കായി ഒബാമ
ഭരണകൂടം സാമ്പത്തിക സഹായം തേടുകയും നേടുകയും ചെയ്‌തുകഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജോര്‍ജ്‌ബുഷിന്റെ ഒട്ടകപ്പക്ഷി നയത്തില്‍
നിന്ന് സാരമായ നയംമാറ്റമുണ്ടാകുമെന്ന് ഒബാമ വാഗ്‌ദാനം നല്‍കിയിരുന്നുവെങ്കിലും
അദ്ദേഹം സ്വീകരിക്കുന്ന നയതന്ത്രം എന്ന തന്ത്രത്തിന്റെ അടിസ്ഥാനലക്ഷ്യം ബുഷില്‍
നിന്ന് ഒട്ടും വിഭിന്നമല്ല എന്ന് ലേകത്തിന് വ്യക്തമായിത്തുടങ്ങിയിട്ടുണ്ട്.
ഗ്രീന്‍ഹൗസ് വാതക നിക്ഷേപത്തിന്റെ ചരിത്രപരമായ മുഖ്യ ഉത്തരവാദിത്തത്തില്‍ നിന്ന്
നിര്‍ലജ്ജം ഒഴിഞ്ഞുമാറുക എന്ന സാമ്രാജ്യത്വ-മുതലാളിത്ത താത്‌പര്യം മാത്രമാണത്.
ബാരക് ഒബാമക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയതിയൂടെ നോബല്‍ കമ്മിറ്റി
വരുത്തിയ ഏറ്റവും വലിയ വീഴ്‌ച പൂര്‍ണ്ണമായും നിഷേധാത്മകമായ ഒരു സന്ദേശം നല്‍കി
എന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് പരിസ്ഥിതിയെക്കുറിച്ചുള്ള ആഗോള ആശങ്കകള്‍
അവഗണിച്ചാലും ഇസ്രയേല്‍ പോലുള്ള ഒരു ഭീകരരാഷ്‌ട്രത്തെ പിന്തുണച്ചാലും ഇറാനെതിരെ
സൈനികാക്രമണം നടത്തിയാലും അതെല്ലാം ശരി മാത്രമായിരിക്കും എന്നതാണ് ആ സന്ദേശം.
ഇത്തരം പ്രതിസന്ധികളുടെ കയങ്ങളില്‍ നിന്ന് പുറത്തുകടക്കുവാനുള്ള സമയം ഇനിയും
ബാരക് ഒബാമക്കുണ്ട്. വളരെ നേരത്തെ കിട്ടിക്കഴിഞ്ഞ അന്തര്‍ദേശീയ
അംഗീകാരത്തിനോടൊത്ത് തന്റെ നയങ്ങളുടെ നിലവാരം ഉയരണം എന്നുള്ള ഒരു ത്വര അതിന്
സഹായകമാകാവുന്നതുമാണ്. പക്ഷേ, നോബല്‍ സമാധാനസമ്മാനം എന്ന പരമോന്നത ബഹുമതി ഇതിനകം
തന്നെ കീശയിലായിക്കഴിയുകയും സയണിസ്റ്റ് സാമ്രാജ്യത്വ കോര്‍പ്പറേറ്റ്
താത്‌പര്യങ്ങളുടെ ഭാരിച്ച കല്ലുകള്‍ ഇരുതോളുകളിലും ഞാന്നുകിടക്കുകയും ചെയ്യുന്ന ഒരു
സാഹചര്യത്തില്‍ അതിനുള്ള സാധ്യത ഏറെ ദുര്‍ബലമാണെന്ന് മാത്രം. back to top
എന്തുകൊണ്ട് ബാരക് ഒബാമ നോബല്‍ അര്‍ഹിക്കുന്നില്ല?
Subscribe to:
Post Comments (Atom)
No comments:
Post a Comment